വൈവിധ്യമാണ് ഇന്ത്യൻ വിവാഹങ്ങളുടെ പ്രത്യേകത. ഓരോ ഇടങ്ങളിലും ഓരോ ആചാരപ്രകാരം വിവാഹം കഴിക്കുന്നവരുണ്ട്. ആചാരങ്ങളുടെയൊന്നും പിൻബലമില്ലാതെ ഒന്നിക്കുന്നവരുമുണ്ട്. ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത് കുതിരപ്പുറത്തേറി വിവാഹത്തിനെത്തിയ ഒരു വധുവിന്റെ വീഡിയോ ആണ്. പരമ്പരാ​ഗത കാഴ്ചപ്പാടുകളെ പൊളിച്ചടുക്കിയ യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.

ബീഹാർ സ്വദേശിയായ അനുഷ്ക ​ഗുഹയാണ് സമൂഹമാധ്യമത്തിൽ താരമായ ആ വധു. ഉത്തരേന്ത്യൻ വിവാഹങ്ങളിലെ പ്രധാന ചടങ്ങുകളിലൊന്നായ ഭരാതിനു വേണ്ടിയാണ് അനുഷ്ക കുതിരപ്പുറത്തേറി വേദിയിലേക്ക് വന്നത്. സാധാരണ വരന്മാരാണ് കുതിരപ്പുറത്തേറി വരാറുള്ളത്. ഈ ആചാരത്തെ തിരുത്തിക്കുറിക്കുകയായിരുന്നു അനുഷ്ക.

വിവാഹവേഷത്തിൽ അണിഞ്ഞൊരുങ്ങി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കൊപ്പം വരന്റെ വീട്ടിലേക്ക് കുതിരപ്പുറത്തിരുന്ന് പോകുന്ന അനുഷ്കയാണ് വീ‍ഡിയോയിലുള്ളത്. ഈ ആഴ്ച ആദ്യമായിരുന്നു ഫ്ളൈറ്റ് അറ്റൻഡന്റായ അനുഷ്കയും കൊൽക്കത്ത സ്വദേശിയായ ജീത് മുഖർജിയും തമ്മിലുള്ള വിവാഹം. 

കുതിരപ്പുറത്തിരുന്ന് ആട്ടവും പാട്ടുമായി വരന്റെ ​ഗൃഹത്തിലേക്ക് പോകുന്ന അനുഷ്കയെ വീഡിയോയിൽ കാണാം. കുതിരപ്പുറത്തിരുന്ന് പോകാൻ തീരുമാനിച്ചതിനു പിന്നിലും കാരണമുണ്ടെന്ന് അനുഷ്ക പറയുന്നു. എല്ലായ്പ്പോഴും പുരുഷന്മാർ വിവാഹ വേദികളിൽ കുതിരപ്പുറത്തിരുന്ന് വരുന്നത് കാണാറുണ്ട്. എന്തുകൊണ്ട് പെൺകുട്ടികൾക്ക് അതിനു കഴിയുന്നില്ലെന്ന് ആലോചിച്ചതോടെയാണ് കുതിരപ്പുറത്തിരുന്ന് വരാൻ തീരുമാനിച്ചതെന്ന് അനുഷ്ക പറയുന്നു. 

മകൾ ഇതുസംബന്ധിച്ച് നേരത്തേ അഭിപ്രായം വ്യക്തമാക്കിയിരുന്നു എന്ന് അനുഷ്കയുടെ മാതാവും പറയുന്നു. പാട്രിയാർക്കൽ കാഴ്ചപ്പാടിനോട് നിരന്തരം കലഹിച്ചിരുന്ന വ്യക്തിയായിരുന്നു മകൾ. ഈ ആചാരത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് കാലങ്ങളായി കൈമാറി വരുന്നതാണെന്നു പറഞ്ഞെങ്കിലും അതവളെ തൃപ്തയാക്കിയില്ല. അങ്ങനെയാണ് മകൾ സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്ക് സ്വന്തം വിവാഹത്തിന് എത്തിയതെന്നും അമ്മ പറയുന്നു. 

Content Highlights: bihar bride rides a horse to wedding venue, breaking stereotypes