രു പതിനൊന്നുകാരി, പെട്ടെന്ന് ഒരു ദിവസം മുതല്‍ ഭക്ഷണം കഴിക്കാനും മിണ്ടാനും എല്ലാം മടികാണിക്കുന്നു. ലോകത്തിന് മുഴുവന്‍ മാതൃകയാകുന്നതിന് മുമ്പ്, ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയറും നോബല്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെടുന്നതിനും മുമ്പ് ഗ്രേറ്റാ തുംബര്‍ഗിന്റെ ജീവിതത്തില്‍ ഉണ്ടായ മാറ്റത്തെ പറ്റി പറയുന്നത് ഗ്രേറ്റയുടെ അമ്മ. Our House Is on Fire: Scenes of a Family and a Planet in Crisis   എന്ന പുസ്തകത്തിലാണ് ഈ സംഭവം പറയുന്നത്. ഗ്രേറ്റയും അമ്മയും അച്ഛനും സഹോദരിയും ചേര്‍ന്നെഴുതുന്നതാണ് പുസ്തകം. 

കാലാവസ്ഥാ മാറ്റങ്ങളെ പറ്റി ഭൂമിയെ സംരക്ഷിക്കേണ്ടതിനെപറ്റി ലോകത്തോട് മുഴുവന്‍ സംസാരിക്കുന്ന, യു.എന്‍ സമ്മേളനത്തില്‍ ലോകനേതാക്കളോട് 'ഹൗ ഡെയര്‍ യു' എന്ന് ഉറക്കെ ചോദിക്കാന്‍ ധൈര്യം കാണിച്ച പെണ്‍കുട്ടിയുടെ പഴയകാലമാണ് അമ്മ മലേന എണ്‍മാന്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നത്. 

'അവള്‍ ഒരു ആക്റ്റിവിസ്റ്റ് ആകുന്നതിന് മുമ്പ് എന്നും രാത്രിയില്‍ കരഞ്ഞിരുന്നു, ഉറക്കത്തില്‍ പോലും അത് പതിവായി. സ്‌കുളില്‍ ക്ലാസിനിടയിലൊക്കെ ഒരു കാരണവുമില്ലാതെ കരഞ്ഞപ്പോള്‍ അധ്യാപകര്‍ ഞങ്ങളെ വിളിച്ചു. അവള്‍ ഇരുളടഞ്ഞ എന്തിലോ പെട്ടുപോയത് പോലെയായിരുന്നു അക്കാലം. 2014 ല്‍ ആണ്, അവള്‍ക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യുന്നത് നിര്‍ത്തി. പിയാനോ വായിക്കുന്നത് നിര്‍ത്തി, ചിരിയില്ല, സംസാരമില്ല. ഭക്ഷണം അല്‍പമായി. മണിക്കൂറുകളെടുത്താണ് അവള്‍ ഒരു നേരത്തെ ഭക്ഷണം കഴിച്ചിരുന്നത്. മാസങ്ങള്‍കൊണ്ട് 20 പൗണ്ട് കുറഞ്ഞു. നാഡിമിടിപ്പും പ്രഷറും കുറഞ്ഞതോടെ ശരിക്കും അവളൊരു പട്ടിണിക്കോലമായി.' 

അക്കാലയളവിലേത് എല്ലാം മുറിപ്പെടുത്തുന്ന ഓര്‍മകളാണെന്ന് ഗ്രേറ്റയുടെ കുടുംബം. 'ഗ്രേറ്റ സ്‌കൂളില്‍ നിന്ന് കാലവസ്ഥാ മാറ്റത്തെ പറ്റിയുള്ള ഒരു വീഡിയോ കണ്ടിരുന്നു. സൗത്ത് പസഫിക്കില്‍ പ്ലാസ്റ്റിക്ക് അടിഞ്ഞുണ്ടായ ഒരു വലിയ ദ്വീപിനെ പറ്റിയായിരുന്നു അത്. അത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ അവള്‍ കരഞ്ഞു. അവളതിനെ പറ്റി ആലോചിച്ചുകൊണ്ടിരുന്നു. പതിയെ സാധാരണ ജീവിതത്തെ പറ്റിയും അവള്‍ മറന്നു.' 

ഗ്രേറ്റയ്ക്ക് ഒബ്‌സസീസ് കംപള്‍സീവ് ഡിസോഡറും സാമൂഹ്യപരമായ ഇടപെടലുകളെ ബാധിക്കുന്ന ആസ്‌പെര്‍ഗര്‍ സിന്‍ഡ്രോമും ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. 'ഇവയൊക്കെ ഒരിക്കല്‍ ലോകത്തിന് ഒരു നന്മയായി മാറുമെന്ന് ഞങ്ങളൊരിക്കലും ചിന്തിച്ചിരുന്നില്ല. കാലവസ്ഥാമാറ്റത്തെ ശരിയായ കണ്ണിലൂടെ കാണാനും പ്രതികരിക്കാനും ഈ വൈകല്യങ്ങള്‍ തന്നെ അവള്‍ക്ക് സഹായമായി.  നമ്മളെല്ലാം തെറ്റും അവള്‍ ശരിയുമായത് അങ്ങനെയാണ്,' അമ്മ എഴുതുന്നു.

പിന്നീട് ഗ്രേറ്റയ്ക്കും കുടുംബത്തിനുമെതിരെ ഉണ്ടായ എല്ലാ ആരോപണങ്ങള്‍ക്കുമുള്ള മറുപടി കൂടിയാണ് ഈ പുസ്തകം. 

'ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് കരകയറിയ ശേഷം 2018 ല്‍ അവള്‍ സ്‌കൂളിനോട് വിട പറഞ്ഞു. സ്വീഡിഷ് പാര്‍ലമെന്റിന് മുന്നില്‍ School strike for climate എന്ന ബോര്‍ഡുമായി തന്റെ സമരം ആരംഭിച്ചു.' ഇതൊരു വലിയ മുന്നേറ്റമാകുമെന്നോ സമരമാകുമെന്നോ ഒന്നും ഞങ്ങള്‍ വിചാരിച്ചിരുന്നില്ലെന്നും അമ്മ എഴുതുന്നു. 

അച്ഛന്‍ സ്വാന്റ് തുംബര്‍ഗിന് മകളെ ആളുകള്‍ വിശ്വസിച്ചില്ലെങ്കിലോ എന്ന പേടിയുണ്ടായിരുന്നു. ആര് പറഞ്ഞിട്ടാണ് നീ സമരം ചെയ്യുന്നത് എന്ന ചോദ്യം അവള്‍ എന്നും നേരിട്ടിരുന്നു. 'ഇത് എന്റെ തീരുമാനമാണ്' എന്ന് അവള്‍ ഓരോ തവണയും ഉറപ്പിച്ചു പറഞ്ഞു. 

അവളുടെ പ്രക്ഷോഭം ലോകം മുഴുവന്‍ ഏറ്റെടുക്കുമ്പോഴും ഇതിനിടയിലെ ചെറിയ സന്തോഷങ്ങള്‍ മാതാപിതാക്കള്‍ ഓര്‍ത്തെടുത്തു. സമരത്തിന്റെ മൂന്നാം ദിവസം ഒരു സുഹൃത്ത് കൊണ്ടുവന്ന ഒരു പാത്രം വീഗന്‍ ന്യൂഡില്‍സ് അവള്‍ ഒറ്റയ്ക്ക് കഴിച്ചു തീര്‍ത്തതൊക്കെ അവര്‍ക്ക് മറക്കാനാവാവാത്ത കാര്യങ്ങളാണ്.

തങ്ങളുടെ മകള്‍ വര്‍ഷങ്ങളോളം ആരോടും ഒരക്ഷരം മിണ്ടാതെ ഇരിക്കുക, ഭക്ഷണം പോലും കഴിക്കാതിരിക്കുക...അവസാനം അത് എത്ര നല്ലകാര്യമായാലും അങ്ങനെയൊന്നും ഒരു മാതാപിതാക്കളും അക്കാലങ്ങള്‍ മറക്കില്ല. ഒരു തരം അത്ഭുത കഥ പോലെയായിരുന്നു അവളുടെ മാറ്റം.

woman

'അവള്‍ പ്രസിദ്ധയാകും തോറും ഞങ്ങള്‍ക്ക് പേടിയാണ്. വധഭീക്ഷണി വരെ വന്നിരുന്നു. അവള്‍ക്ക് ഇനിയൊരിക്കലും ഇവിടെ ഞങ്ങളോടൊത്ത് സാധാരണ പെണ്‍കുട്ടിയായി ജീവിക്കാനാവില്ല.' ഏണ്‍മാന്‍ തുടരുന്നു. 

പുസ്തകം അവളെന്ന സ്റ്റാറിനെ ഉയര്‍ത്തികാട്ടുന്ന വിധമല്ല. തന്റെ മകള്‍ ലോക ശ്രദ്ധ നേടുന്ന വിധം വളരുന്നതിന്റെ പലഘട്ടങ്ങള്‍ അമ്മയുടെ കണ്ണിലൂടെ കാണുന്നതുപോലെയാണ്. 

ബുക്കിന്റെ അവസാനഭാഗത്ത് അവള്‍ ആദ്യമായി ഒരു ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തതിനെ പറ്റിയാണ് പറയുന്നത്. സ്റ്റോക് ഹോമില്‍ നടന്ന കാലാവസ്ഥാമാര്‍ച്ചില്‍. 'അവളുടെ ക്ലാസ്‌റൂമിനേക്കാള്‍ വലിയൊരു ആള്‍ക്കൂട്ടത്തൊട് എത്ര വ്യക്തമായാണ് അവള്‍ സംസാരിച്ചത്. ആ ആള്‍ക്കൂട്ടത്തില്‍ അവളുടെ അച്ഛനുമുണ്ടായിരുന്നു. 'നിങ്ങള്‍ എത്ര ഭാഗ്യവാനാണ്' ഒരു സ്ത്രീ അദ്ദേഹത്തോട് പറഞ്ഞു.  ഭാഗ്യവാനല്ല സന്തോഷവാന്‍... എനിക്ക് അനന്തമായ സന്തോഷമുണ്ട് അവള്‍ സുഖമായിരിക്കുന്നു എന്നറിയുന്നതില്‍. തുംബര്‍ഗ് പറഞ്ഞു.

Content Highlights: Before Greta Thunberg was a global icon, she was a tormented child