‘‘സ്വന്തം നാടെവിടെയാണ്‌?’’ ഉത്തരം പറയുംമുമ്പ്‌ ബീനാപോൾ ഒന്നുചിന്തിച്ചു. ‘‘ഇപ്പോൾ തിരുവനന്തപുരമാണ്‌ എന്റെ നാട്‌, എന്നെ ഞാനാക്കിയ ഈ നാട്‌’’.

ആലുവാക്കാരൻ പോളിന്റെയും കുടകുകാരി ശാരദയുടെയും മകളായി ഡൽഹിയിൽ ജനിച്ചുവളർന്ന്‌ അവിടെയും പുെണയിലും പഠിച്ച്‌ സഹപാഠിയായ കോട്ടയത്തുകാരനെ വിവാഹം കഴിച്ച്‌ സിനിമാലോകം മുഴുവൻ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ബീനാപോൾ കഴിഞ്ഞ 33 വർഷമായി ഇവിടെയുണ്ട്‌.

വിവാഹം കഴിച്ച വേണു പ്രശസ്ത ഛായാഗ്രാഹകനായപ്പോൾ ബീന തിരുവനന്തപുരത്തെ സിനിമാമേളകളുടെ അമ്മയായി. ഈ നഗരം ബീനയെ മികച്ച ചലച്ചിത്രപ്രവർത്തകയാക്കിയെങ്കിൽ ബീന ഇവിടത്തുകാർക്ക്‌ തിരിച്ചുകൊടുത്തത്‌ അതിലുമേറെയാണ്‌.

1983-ലാണ്‌ ബീനാപോൾ വിവാഹം കഴിഞ്ഞ്‌ തിരുവനന്തപുരത്തെത്തിയത്‌. ഡൽഹിയിൽ വളർന്ന മകൾ രാജ്യത്തിന്റെ തെക്കേയറ്റത്തെ കൊച്ചുപട്ടണത്തിലേക്ക്‌ പോയപ്പോൾ അച്ഛനമ്മമാർക്ക്‌ ആദ്യം അങ്കലാപ്പായിരുന്നു.

‘‘പട്ടത്ത്‌ ഒരുകൊച്ചുവീട്‌ വാടകയ്ക്കെടുത്താണ്‌ ഞങ്ങൾ താമസം തുടങ്ങിയത്‌. എന്നെ വീട്ടിലാക്കി പിറ്റേന്നുതന്നെ വേണു ഷൂട്ടിങ്ങിനുപോയി. ഭാഷയും ഇവിടത്തെ രീതികളും അറിയാതെ ഞാൻ ആ വീട്ടിലിരുന്നു. പച്ചക്കറി വിൽപ്പനക്കാരി കൊണ്ടുവരുന്ന വസ്തുക്കൾ പോലും എന്നെ അമ്പരപ്പിച്ചു. ചേനയും കായും ചക്കയുമൊക്കെക്കൊണ്ട്‌ എന്തുചെയ്യണമെന്ന്‌ എനിക്കറിയില്ലായിരുന്നു. ഡൽഹിയിൽ ഞങ്ങൾ പാകം ചെയ്യാൻ ഉപയോഗിച്ചിരുന്ന കാരറ്റും ബീൻസുമൊന്നും ഇവിടെ കണ്ടില്ല. ആ അവസ്ഥയിൽ എനിക്ക്‌ ആശ്വാസമായത്‌ താഴത്തെ വീട്ടിൽ താമസിച്ചിരുന്ന ഷാലുവും ഷൈലുവും ഛോട്ടുവുമാണ്‌. ബോംബെയിൽ നിന്നുള്ള അവർ എനിക്ക്‌ മലയാളവും മലയാളിത്തവും പറഞ്ഞു തന്നു’’.

ചിത്രാഞ്ജലി സ്റ്റുഡിയോയിലൂടെയായിരുന്നു ചലച്ചിത്രരംഗത്തേക്കുള്ള ബീനാപോളിന്റെ കടന്നുവരവ്‌. എം.പി.സുകുമാരന്റെ ‘ഭാവി’ എന്ന സിനിമയാണ്‌ ആദ്യമായി എഡിറ്റ്‌ ചെയ്തത്‌. ചിത്രാഞ്ജലിയിൽ അന്ന്‌ സ്ഥിരമായി വരുമായിരുന്ന ഫാസിലും പ്രിയദർശനും സിബിമലയിലുമെല്ലാം സുഹൃത്തുക്കളായി. പിന്നെ ജോലി സി.ഡിറ്റിലേക്കു മാറി. പിന്നീടുള്ള ബീനയുടെ ചരിത്രം തിരുവനന്തപുരത്തിന്റെ ചലച്ചിത്രാസ്വാദനത്തിന്റെ വളർച്ചയുടെ കഥ കൂടിയാണ്‌.

തിരുവനന്തപുരത്ത്‌ നടന്ന രണ്ടാമത്തെ രാജ്യാന്തരചലച്ചിത്രമേളയുടെ നടത്തിപ്പിന്‌ ബീനാപോളിനെ നിയോഗിച്ചു. പി.കെ.നായരുടെ നേതൃത്വത്തിലായിരുന്നു ആ മേള. ‘‘വളരെക്കുറച്ച്‌ തിയേറ്ററുകളും കാണികളും സിനിമകളും മാത്രമേ അന്ന്‌ മേളയ്ക്ക്‌ ഉണ്ടായിരുന്നുള്ളൂ. നഗരം ക്ളാസിക്‌ സിനിമകളെ തിരിച്ചറിഞ്ഞു തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. രണ്ടുമൂന്നു വർഷം കഴിഞ്ഞപ്പോൾ അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ നടന്ന ചലച്ചിത്രമേളയിലേക്ക്‌ എന്നെ വീണ്ടും വിളിച്ചു’’. അന്നുതൊട്ട്‌ കഴിഞ്ഞ മേളയ്ക്കു മുമ്പുവരെയുള്ള ചലച്ചിത്രമേളകളെല്ലാം ബീനയുടെ കൈയൊപ്പോടുകൂടിയതായിരുന്നു. ബീനാപോൾ എന്നത്‌ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മുഖംതന്നെയായി മാറി.

ഇവിടെ തന്റെ ഏറ്റവും വലിയ ശക്തി സുഹൃത്തുക്കളാണെന്ന്‌ ബീന പറയുന്നു. പണ്ടത്തെ അയൽപക്കത്തുള്ള ബോംബെക്കാരി കുട്ടികൾ മുതൽ തുടങ്ങുന്നു ആ സുഹൃദ്‌വലയം. മകൾ ജനിച്ചപ്പോൾ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും സഹായിച്ച അയൽപക്കം. വേണുനായർ ഷ്യൂട്ടിങ്‌ തിരക്കുകളിലാകുമ്പോൾ പ്രയാസങ്ങളിൽ കൂടെനിന്ന സുഹൃത്തുക്കൾ.

‘അമ്മ അറിയാൻ’ എന്ന ചലച്ചിത്ര സംരംഭം എന്നെ ഏൽപ്പിച്ച ജോൺ എബ്രഹാം, അദ്ദേഹത്തിന്റെ സൗഹൃദം... ഇതെല്ലാം എങ്ങനെ മറക്കും...ഇന്ന്‌ ചലച്ചിത്ര അക്കാദമി വൈസ്‌ ചെയർമാൻ സ്ഥാനത്തിരിക്കുമ്പോൾ ഇവരെയെല്ലാം ബീന നന്ദിയോടെ ഓർക്കുന്നു. ‘‘മകൾ മാളവിക കേംബ്രിഡ്‌ജ്‌ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്നു. കുറവൻകോണത്തെ അപ്പാർട്ട്‌മെന്റിൽ വേണുവും ബീനാപോളും എപ്പോഴും തിരക്കിലാണ്‌. യാത്രയും സിനിമകളുമായി ഈ നഗരത്തോട്‌ അവർ അത്രകണ്ട്‌ ഇഴുകിച്ചേർന്നിരിക്കുന്നു.