കൊച്ചി: ക്രിക്കറ്റിൽ ബാറ്റ്‌സ്മാൻ പ്രയോഗം ക്ലീൻ ബൗൾഡ്. ലിംഗസമത്വം നടപ്പാക്കുന്നതിന്റെ ഭാഗമായി ബാറ്റർ എന്ന പൊതുപ്രയോഗം ഉപയോഗിക്കാനാണ്‌ ക്രിക്കറ്റ് നിയമങ്ങളുടെ അന്തിമ വാക്കായ മാർലിബൺ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി.) തീരുമാനം. പുരുഷന്മാർ മാത്രം ക്രിക്കറ്റ് കളിച്ചിരുന്ന കാലത്താണ് ബാറ്റ്‌സ്മാനെന്ന പ്രയോഗമുണ്ടാകുന്നത്. അന്താരാഷ്ട്ര തലത്തിൽ വനിതാ ക്രിക്കറ്റിന് ഫാൻബേസും ജനപ്രീതിയും കുതിച്ചുയരുമ്പോൾ ബാറ്റ്‌സ്മാൻ, ബാറ്റ്‌സ്‌മെൻ എന്നീ വാക്കുകൾക്കു പകരം ബാറ്റർ, ബാറ്റേഴ്‌സ് എന്നീ വാക്കുകൾ ഉപയോഗിക്കുന്നതിലൂടെ ക്രിക്കറ്റ് പുരുഷൻമാരുടെ മാത്രം കളിയല്ലെന്ന സന്ദേശം നൽകാനാവുമെന്നാണ്‌ എം.സി.സി.യുടെ വിലയിരുത്തൽ. എല്ലാവരെയും ഉൾക്കൊള്ളുന്ന ഗെയിമായി ക്രിക്കറ്റ് വളരുമ്പോൾ ‘ബാറ്റർ’ പ്രയോഗത്തെക്കുറിച്ച്‌ കൊച്ചിയിൽനിന്നുള്ള ക്രിക്കറ്റ് താരങ്ങൾ പ്രതികരിക്കുന്നു.

ബാറ്റ്‌സ് വുമണാണോ ?

ബാറ്റർ എന്നു പേരു മാറ്റിയതിൽ വലിയ സന്തോഷമുണ്ട്. കാരണം ക്രിക്കറ്റ് കളിച്ചുതുടങ്ങിയ കാലം മുതൽ ബാറ്റ് ചെയ്യാനിഷ്ടമായിരുന്നു. എന്നാൽ ക്രിക്കറ്റിനെ ഗൗരവമായി സമീപിച്ചു തുടങ്ങിയപ്പോൾ പലയിടത്തു നിന്നും ബാറ്റ്‌സ് വുമണാണോയെന്നു ചോദ്യങ്ങളുണ്ടായി. ബാറ്റ്‌സ്മാനെന്നായിരുന്നു അന്നൊക്കെ ആളുകളോടു തിരുത്തിപ്പറഞ്ഞിരുന്നത്. ക്രിക്കറ്റ് എല്ലാവരുടെയും ഗെയിമാണ്. അവിടെ ലിംഗവ്യത്യാസങ്ങളുടെ പദവിപ്പേരുകൾ ഇല്ലാതാക്കിയത് വലിയ കാര്യമാണ്. ഇനിയാരു ചോദിച്ചാലും ബാറ്ററാണെന്ന്‌ പറയാമല്ലോ.

- കെ.എസ്. സായുജ്യ, കേരള  ക്രിക്കറ്റ് താരം

cricket
കെ.എസ്. സായുജ്യ ,സാന്ദ്ര സുരേന്ദ്രൻ, അൻസു സുനിൽ

കൂടുതൽ പെൺകുട്ടികൾ വരട്ടെ

പൊതുവേ ബാറ്റ്സ്മാനെന്നാൽ ആൺകുട്ടികളാണെന്ന തോന്നലുണ്ടായിരുന്നു. ബാറ്റർ എന്ന പ്രയോ​ഗം അത്തരം സംശയങ്ങളെ ഇല്ലാതാക്കും. പെൺകുട്ടികളുടേയും ​ഗെയിമാണ് ക്രിക്കറ്റ്. ഇനിയും കൂടുതൽ പെൺകുട്ടികൾ ക്രിക്കറ്റിലേക്ക് വരണം. ലിം​ഗസമത്വം സമൂഹത്തിലെന്നപോലെ എല്ലാ മേഖലയിലും ഉറപ്പാക്കേണ്ട ഒന്നാണ്. ഇതൊരു വലിയ തുടക്കമാണ്. ബാറ്റ്സ്മാനെന്ന പ്രയോ​ഗം തന്നെ ഇല്ലാതാകട്ടെ. എല്ലാവരും ആണായാലും പെണ്ണായാലും ബാറ്ററെന്ന പ്രയോ​ഗമാണ് യോജിക്കുന്നത്.

സാന്ദ്ര സുരേന്ദ്രൻ
കേരള ക്രിക്കറ്റ് താരം

എല്ലാവരുടെയും ക്രിക്കറ്റ്

ക്രിക്കറ്റെന്നാൽ ആൺകുട്ടികളുടേതാണെന്നായിരുന്നു പണ്ടൊക്കെ ധാരണ. സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ക്രിക്കറ്റിനോടായിരുന്നു ഇഷ്ടം. ആ ഇഷ്ടമാണ് ഇവിടെയെത്തിച്ചത്. കാലംമാറുമ്പോൾ ക്രിക്കറ്റിനെക്കുറിച്ചുള്ള പൊതുബോധങ്ങളും മാറുകയാണ്. അതാണ് ബാറ്റർ എന്ന പ്രയോ​ഗത്തിന്റെ ചരിത്ര പ്രാധാന്യം. ബാറ്റ്സ്മാൻ എന്നുപയോ​ഗിച്ചാണ് ഇതുവരെ ശീലിച്ചത്. വനിതാ ക്രി്കറ്റ് താരങ്ങൾക്കും ബാറ്റ്സ്മാൻ എന്നാണ് പറയേണ്ടി വന്നിരുന്നത്. ഇനി തിരുത്തലുകളാകാം. ബാറ്റ് ചെയ്യുന്ന ഓരോ പെൺകുട്ടിക്കും താൻ ബാറ്ററാണെന്ന് അഭിമാനത്തോടെ പറയാം. ക്രിക്കറ്റിലേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരാൻ ഓരോ മാറ്റവും പ്രചോദനമാകട്ടെ. ക്രിക്കറ്റ് എല്ലാവരുടേതുമാണ്. 

അൻസു സുനിൽ

കേരള  ക്രിക്കറ്റ് താരം

Content Highlights: Batsman will now be called 'Batter'