വിവാഹഫോട്ടോഷൂട്ടുകള്‍ വൈറലാകുന്ന കാലമാണിത്. സ്വന്തം ഫോട്ടോകള്‍ എത്ര വ്യത്യസ്തമാക്കാമോ അത്രയും വ്യത്യസ്തമായി ചെയ്യാനാണ് എല്ലാവരുടെയും ആഗ്രഹം. അതും മറ്റാരും ചെയ്യാത്ത വിധത്തില്‍. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാകുന്നത്. ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരമായ സഞ്ജിത ഇസ്ലാമിന്റെ വിവാഹ ഫോട്ടോഷൂട്ടാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

ഇരുപത്തിനാലുകാരിയായ സഞ്ജിത മനോഹരമായ ഓറഞ്ച് നിറത്തിലുള്ള പട്ടുസാരിയാണ് ചിത്രത്തില്‍ അണിഞ്ഞിരിക്കുന്നത്. ഒപ്പം വിവാഹാഭരണങ്ങളും. ഏറ്റവും വ്യത്യസ്തം കൈയിലെ ബാറ്റാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ ബാറ്റിങിനിറങ്ങിയ കളിക്കാരിയായി തന്നെയാണ് സഞ്ജിതയുടെ ചിത്രങ്ങള്‍.

ക്രിക്കറ്റ് താരമായ മിം മൊസാദേക്കാണ് സഞ്ജിതയുടെ വരന്‍. മൊസാദേക്കാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ സഞ്ജിതയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ ട്വിറ്ററില്‍ സഞ്ജിതയുടെ ചിത്രങ്ങള്‍ പങ്കുവച്ചതോടെയാണ് അത് വൈറലായത്. ക്രിക്കറ്റ് താരങ്ങളുടെ വിവാഹഫോട്ടോഷൂട്ടുകള്‍ ഇങ്ങനെയാണ് എന്ന ക്യാപ്ഷനോടെയാണ് ഐസിസി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. 

നിരവധി ആളുകള്‍ സഞ്ജിതയ്ക്ക് വിവാഹ ആശംസകള്‍ നേരുന്നുണ്ട്. ഒപ്പം ഈ ഫോട്ടോകള്‍ അവള്‍ക്ക് ക്രിക്കറ്റിനോടുള്ള സ്‌നേഹത്തെയാണ് കാണിക്കുന്നതെന്നാണ് പലരും കമന്റ് നല്‍കുന്നത്.

Content Highlights: Bangladesh cricketer Sanjida Islam’s wedding photoshoot is going viral