വീട്ടുകാര്‍ അറിഞ്ഞിട്ട പേരാണ് എന്റേത്. സ്വഭാവത്തിലും കുറച്ച് ആത്മീയത കൂടുതലായിരുന്നു. ചെറുപ്പത്തില്‍ സിനിമയിലെത്തണേ എന്നായിരുന്നു. ഭഗവാനോട് പ്രാര്‍ഥിക്കും. നക്ഷത്രങ്ങളെ പോലും വെറുതെ വിട്ടില്ല. രാത്രി ഉറക്കമിളച്ചിരുന്ന് നക്ഷത്രങ്ങളെ നോക്കി പ്രാര്‍ഥിക്കും. എന്നെ ഒരു നടിയാക്കണേ. വലുതായപ്പോള്‍ പ്രാര്‍ഥനയുടെ തീവ്രത കൂടി. മണിക്കൂറുകളോളം മുറിയടച്ചിരുന്ന് ലളിതസഹസ്രനാമവും വിഷ്ണുസഹസ്രനാമവും ചൊല്ലും വീട്ടുകാര്‍ പേടിച്ചുപോയി. ഇവള്‍ ഇങ്ങനെയായാല്‍ വല്ല ആശ്രമത്തിലും പോയി ചേരുമോ എന്ന്. ഒടുവില്‍ വഴക്ക് പറഞ്ഞ് നിര്‍ത്തിച്ചു. പ്രാര്‍ഥനയൊന്നും വെറുതെയായില്ല, ആഗ്രഹിച്ച പോലെ സിനിമയില്‍ തന്നെയെത്തി. 

അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ മൂന്നുപെണ്‍മക്കളാണ്. രണ്ട് ചേച്ചിമാരും ഞാനും. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതിനോട് അച്ഛന് നല്ല താല്പര്യമായിരുന്നു. അമ്മയ്ക്കാണെങ്കില്‍ നേരെ തിരിച്ചും. മൂന്ന് പെണ്‍മക്കളുള്ള അമ്മയുടെ ആധി. പക്ഷേ ഞാന്‍ അനനേ സിനിമയില്‍ എത്തിയാല്‍ ഇടാനുള്ള പേരികള്‍ വരെ കണ്ടുവെച്ചു. അതൊക്കെ സ്‌കൂളിലെ ബെഞ്ചിലും ഡെസ്‌കിലും കോമ്പസ് കൊണ്ട് കോറിയിടുമായിരുന്നു. 

മലയാളം മാത്രമായിരുന്നു ലക്ഷ്യം. പക്ഷേ എത്തിയത് തമിഴില്‍. ആദ്യപടം ശിവകാര്‍ത്തികേയനൊപ്പം. സെവന്‍ ആര്‍ട്‌സ് മോഹനങ്കിള്‍ വഴിയാണ് അവസരം കിട്ടിയത്. തുള്ളാത മനവും തുള്ളും എന്ന സിനിമയുടെ സംവിധായകന്‍ എഴില്‍ സംവിധാനം ചെയ്ത 'മനംകൊത്തി പറവൈ'. തമിഴില്‍ ഒറ്റവാക്കിന്റെയും അര്‍ഥമറിയില്ല ആ സമയത്ത്. സെറ്റില്‍ ഡയറക്ടറും ബാക്കിയെല്ലാവരും എന്നോട് തമിഴില്‍ മാത്രം സംസാരിച്ചു. ഡയലോഗുകള്‍ തരുമ്പോള്‍ അതിനൊപ്പം ഇംഗ്ലീഷില്‍ അര്‍ഥവും പറഞ്ഞുതരും. അങ്ങനെ പതുക്കെ പഠിച്ചെടുത്തു. പടം സൂപ്പര്‍ഹിറ്റായി. 100 ദിവസമാണ് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ സിനിമ ഓടിയത്. 

ഇതിന്റെ ആഘോഷങ്ങള്‍ക്കിടയിലാണ് മലയാളം വിളിച്ചത്. റോസ് ഗിറ്റാറിനാല്‍ എന്ന സിനിമ. പക്ഷേ ബോക്‌സോഫീസില്‍ വലിയ ചലനമൊന്നും ഉണ്ടാക്കിയില്ല. അതോടെ ഒരു കാര്യം തീരുമാനിച്ചു. കുറച്ചുകാലത്തേക്ക് സിനിമ വേണ്ട. അമ്മയ്ക്ക് ഞാന്‍ നഴ്‌സാവുന്നത് ഇഷ്ടമായിരുന്നു. അങ്ങനെ നഴ്‌സിങ്ങിന് ചേര്‍ന്നു. പക്ഷേ എനിക്ക് പ്രൊഫഷനായിരുന്നില്ല അത്. ഇഞ്ചക്ഷന്‍ വയ്ക്കാന്‍ പേടി. വേദനിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ സങ്കടം. നഴ്‌സിങ് എങ്ങനെയോ പൂര്‍ത്തിയാക്കി. പിന്നെ ആ വഴിക്ക് പോയില്ല. അതിനിടയില്‍ അമീബ എന്ന സിനിമയില്‍ അഭിനയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ് കിട്ടി ആ പടത്തിന്. പക്ഷേ ആ പടവും വേണ്ടത്ര വിജയിച്ചില്ല. 

സിനിമയില്‍ ഞാന്‍ എത്രത്തോളം യോജിച്ചതാണ് എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങി. എന്റെ ആത്മവിശ്വാസം കുത്തനെ കുറഞ്ഞു. ഇനിയും സിനിമയില്‍ അഭിനയിക്കണോ വേണ്ടയോ..ആകെ കണ്‍ഫ്യൂഷനായിരുന്നു. അപ്പോഴാണ് ജോസഫിലേക്ക് വിളിക്കുന്നത്. ഏറിയും കുറഞ്ഞുമിരിക്കുന്ന ആത്മവിശ്വാസം ശരിയാക്കിയാണ് ആത്മീയ ജോസഫിന്റെ സെറ്റിലെത്തിയത്. സെറ്റില്‍ കളിയും ചിരിയുമായി നടന്ന ജോജുവേട്ടന്‍ സൂപ്പറാണ്. കഥാപാത്രമാവുമ്പോഴുള്ള അദ്ദേഹത്തിന്റെ മാറ്റം നേരിട്ടുകണ്ടു. കുറേ കാര്യങ്ങള്‍ പഠിക്കാന്‍ പറ്റി. സിനിമയെ കുറിച്ച് എല്ലാവരും നല്ലത് പറയുമ്പോള്‍ ഞാന്‍ ആലോചിക്കും ആത്മവിശ്വാസമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയിരുന്നെങ്കില്‍ നഷ്ടമായേനെ എന്ന്. ആ സിനിമയും പൂമുത്തോളെ എന്ന പാട്ടും എന്റെ ഭാഗ്യമാണ്. ഭയങ്കര റീച്ചായിരുന്നു പാട്ടിന്. ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ കൂടുതല്‍ ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയത് ആ പാട്ട് കണ്ടിട്ടാണ്. ജോസഫിന് ശേഷം തുടരെ അവസരങ്ങള്‍ കിട്ടാന്‍ തുടങ്ങി. തമിഴില്‍ സമുദ്രക്കനിയുടെ നായികയായി. പിന്നെ അശേക് ആര്‍.നാഥിന്റെ നാമം എന്ന സിനിമയും. 

സിനിമാറ്റിക് സിനിമയേക്കാള്‍ ഇത്തിരി റിയലിസ്റ്റിക് സിനിമകളാണ് എനിക്കിഷ്ടം. കുമ്പളങ്ങി നൈറ്റ്‌സ്, തൊണ്ടിമുതലും ദൃക്‌സാക്ഷിയും..അങ്ങനെയുളള സിനിമകള്‍. പിന്നെ കന്മദത്തിലെ മഞ്ജുചേച്ചിയുടെ പോലെയുള്ള കഥാപാത്രങ്ങളും. പ്രതീക്ഷയിലാണ് ആത്മീയ. 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Athmeeya Rajan interview