ബോഡിഷെയിമിങ്ങിനെക്കുറിച്ച് സാധാരണക്കാരും സെലിബ്രിറ്റികളുമൊക്കെ നിരന്തരം സംസാരിക്കുന്ന കാലമാണിത്. നടിമാരായ സൊനാക്ഷി സിൻഹ, സറീൻ ഖാൻ, സാറ അലി ഖാൻ തുടങ്ങിയവരെല്ലാം ബോഡിഷെയിമിങ് നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ നടി ആതിയ ഷെട്ടിയും സമാനമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ്. മെലിഞ്ഞിരുന്നതിന്റെ പേരിൽ കടന്നുപോയ അരക്ഷിതാവസ്ഥയെക്കുറിച്ചാണ് ആതിയ പങ്കുവെക്കുന്നത്. 

ചെറുപ്പകാലം തൊട്ടേ താൻ ബോഡിഷെയിമിങ്ങിന് ഇരയായിരുന്നുവെന്ന് ആതിയ പറയുന്നു. വണ്ണം വച്ചിരിക്കുന്നവർ മാത്രമല്ല മെലിഞ്ഞിരിക്കുന്നവരും ബോഡിഷെയിമിങ്ങിലൂടെ കടന്നുപോകാറുണ്ട്. ഒരാളുടെ വണ്ണത്തെയോ ശരീര പ്രത്യേകതകളെയോ കുറിച്ചു പറയുന്നതു പോലെ അവരുടെ ആത്മവിശ്വാസം കെടുത്തുന്ന എന്തു കമന്റുകളും അനുചിതമാണെന്ന് എന്നും വിശ്വസിച്ചിരുന്നു. സിനിമകളും മാ​ഗസിനുകളും സമൂഹമാധ്യമവുമൊക്കെ ബോഡിഷെയിമിങ് സങ്കൽപത്തെ സഹായിച്ചവയാണെന്നും ആതിയ പറയുന്നു. 

ഒരാളെ വിമർശിക്കും മുമ്പ് വാക്കുകൾ ജാ​ഗ്രതയോടെ പ്രയോ​ഗിക്കേണ്ടതുണ്ടെന്നും ആതിയ പറയുന്നു. കാരണം അത്തരം വാക്കുകൾ ആളുകളുടെ ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കാൻ പ്രാപ്തമായേക്കാം. കുട്ടിക്കാലം തൊട്ടേ ബോഡിഷെയിമിങ് തന്നെ ബാധിച്ചിരുന്നുവെന്നും ആതിയ പറയുന്നു. 

കുട്ടിയായിരുന്നപ്പോഴും കൗമാരകാലത്തം ബോഡിഷെയിമിങ്ങിലൂടെ കടന്നുപോയിരുന്നു. ശരീരത്തെക്കുറിച്ച് എപ്പോഴും ആകുലപ്പെട്ടിരുന്നു. ഇപ്പോഴുമതെ, പക്ഷേ ഇപ്പോൾ മെച്ചപ്പെട്ടിട്ടുണ്ട്, കാരണം ഇപ്പോൾ ഞാനെന്ന വ്യക്തിയിൽ ആത്മവിശ്വാസമുണ്ട്. - ആതിയ പറയുന്നു. 

പെർഫെക്റ്റ് എന്ന വാക്ക് ആപേക്ഷികമാണെന്നും എല്ലാവരും ഒരുപോലെയല്ല എന്ന് സമൂഹം മനസ്സിലാക്കണമെന്നും ആതിയ കൂട്ടിച്ചേർ‍ക്കുന്നു. 

Content Highlights: athiya shetty on body shaming, athiya shetty body positivity