ദുബായ്: വിവര്‍ത്തനസാഹിത്യത്തില്‍ തിളങ്ങി മുന്‍ പ്രവാസി വിദ്യാര്‍ഥിനി. തൃശ്ശൂര്‍ തലക്കോട്ടുകര വിദ്യാ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ അവസാനവര്‍ഷ എന്‍ജിനിയറിങ് വിദ്യാര്‍ഥിനി ആതിരാ രഞ്ജിതാണ് (22) പ്രവാസികളുടെ നാലുപുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനംചെയ്ത് ഈമേഖലയില്‍ സ്വന്തം പേര് അടയാളപ്പെടുത്തിയത്. ദുബായിലെ ഒരു ഇംഗ്ലീഷ് പത്രത്തില്‍ ജോലിചെയ്തിരുന്ന തൃശ്ശൂര്‍ കണ്ടശ്ശാങ്കടവ് സ്വദേശിയും എഴുത്തുകാരനുമായ രഞ്ജിത് വാസുദേവന്റെ മകളാണ് ആതിര. ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍, ഗള്‍ഫ് മോഡല്‍ സ്‌കൂള്‍, എമിറേറ്റ്സ് നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു ഇവര്‍ നേരത്തേ പഠിച്ചത്.

സാദിഖ് കാവില്‍ പ്രവാസലോകത്തെ യഥാര്‍ഥ സംഭവങ്ങള്‍ ആസ്പദമാക്കി രചിച്ച 'ഔട്ട് പാസ്' എന്ന നോവല്‍ അതേ പേരിലും പോള്‍ സെബാസ്റ്റ്യന്റെ 'ആ മണ്‍സൂണ്‍ രാത്രിയില്‍' എന്ന ക്രൈംത്രില്ലര്‍ 'ഓണ്‍ ദാറ്റ് മണ്‍സൂണ്‍ നൈറ്റ്' എന്ന പേരിലും സലീം അയ്യനത്തിന്റെ 'ബ്രാഹ്‌മിണ്‍ മൊഹല്ല' എന്ന നോവല്‍ അതേ പേരിലും കേരളാ ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാന്‍ സി.എല്‍. പൊറിഞ്ചുക്കുട്ടിയെക്കുറിച്ച് മഹേഷ് പൗലോസ് എഴുതിയ 'ചിത്രകലയിലെ ഏകാന്തപഥികന്‍' എന്ന പുസ്തകം 'ദ് ഡോയന്‍ ഓഫ് ദി ആര്‍ട്ട് വേള്‍ഡ്' എന്ന പേരിലും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റി. രണ്ടുവര്‍ഷത്തിനുള്ളിലാണ് ഇതെല്ലാം വിവര്‍ത്തനം ചെയ്തത്. സ്‌കൂള്‍ പഠനകാലയളവില്‍ വായിക്കാന്‍ ലഭിച്ച അവസരങ്ങളാണ് വിവര്‍ത്തകയാക്കിയതെന്ന് പ്രവാസത്തെ ഇപ്പോഴും ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്ന ആതിര പറയുന്നു.

സാഹിത്യപ്രേമികളായ മാതാപിതാക്കളില്‍നിന്നാണ് ആതിരയ്ക്ക് അഭിരുചി പകര്‍ന്നുകിട്ടിയത്. അച്ഛന്‍ രഞ്ജിത് വാസുദേവന്‍ രണ്ട് മലയാളം നോവലുകളും ഒട്ടേറെ ചെറുകഥകളും രചിച്ചിട്ടുണ്ട്. അമ്മ ലതാ രഞ്ജിതിന് ഏറെ പ്രിയം കവിതകളോടാണ്. ഫുട്ബോള്‍ കളിക്കാരനായ സഹോദരന്‍ ആദര്‍ശ് രഞ്ജിതിനോടൊപ്പം ചേര്‍ന്ന് വീട്ടില്‍ ഒരു വായനമുറി ഒരുക്കിയിരുന്നു. കുഞ്ഞുകവിതകളായിരുന്നു ആദ്യമായി രചിച്ചത്. സ്‌കൂള്‍ സാഹിത്യോത്സവത്തില്‍ രചനാവിഭാഗത്തില്‍ പങ്കെടുത്ത് ഒട്ടേറെ സമ്മാനങ്ങള്‍ നേടി. അച്ഛന്‍ രഞ്ജിതിന്റെ ചെറുകഥകളിലൊന്നാണ് ആദ്യമായി വിവര്‍ത്തനം ചെയ്തത്. എന്‍ജിനിയറിങ് പഠനം പൂര്‍ത്തിയായാല്‍ വായന, എഴുത്ത് എന്നിവയോടൊപ്പം വിവര്‍ത്തനരംഗത്തും കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനാണ് ആതിരയുടെ തീരുമാനം.

Content Highlights: Athira Ranjith translates four books on expatriates