വണ്ടികളുടെ ലോകത്തായിരുന്നു ആതിരയുടെ ബാല്യം. അച്ഛന്‍ നടത്തുന്ന ഡ്രൈവിങ് സ്‌കൂളിന്റെ മുറ്റത്തു തന്നെ പിച്ചവച്ചതിനാലാവാം ചെറുപ്പം മുതലേ വണ്ടികളോട് അവള്‍ കൂട്ടുകൂടിയത്. കോട്ടയം ളാക്കാട്ടൂര്‍ ശൈവവിലാസത്തിലെ ആതിര മുരളിയുടെ വീട്ടിലേക്ക് പുരസ്‌കാരങ്ങളുടെ ഒരു നിരതന്നെ എത്തിച്ചതും അതേ ഇഷ്ടം തന്നെ. കോയമ്പത്തൂരില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ഷിപ്പില്‍ സ്ത്രീകളുടെ വിഭാഗത്തില്‍ കിരീടം ചൂടിയതിന്റെ സന്തോഷത്തിലാണ് ആതിര. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള സ്ത്രീ, പുരുഷ വിഭാഗക്കാരുടെ ഐ.എന്‍.ആര്‍.സി. ഫോര്‍ മത്സരമായിരുന്നു ഇത്.
ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ ഷിപ്പ്
ബി.സി.എ പഠനം കഴിഞ്ഞ് മെക്കാനിക്കല്‍ എഞ്ചിനീയറിങിന് ചേര്‍ന്ന കാലത്താണ് റേസിങിനോട് താല്‍പര്യം തോന്നിത്തുടങ്ങിയത്. 2014 ല്‍. ഓഫ് റോഡ് റേസിങ് ഉള്‍പ്പെടെ കാറോട്ടമത്സരങ്ങളില്‍ ഒട്ടേറെ ദേശീയ വിജയങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ നാഷണല്‍ റാലി ചാമ്പ്യന്‍ ഷിപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹമേറിയതെന്ന് ആതിര. 'വലിയൊരു ഇവന്റാണ് ഇത്. ഈയൊരു മത്സരത്തില്‍ പങ്കെടുക്കാനായി ഒരുപാട് ആഗ്രഹിച്ചിരുന്നു. വേഗത ഏറെ വേണ്ട മത്സരം. പങ്കെടുക്കാന്‍ ഇപ്പോഴാണ് കഴിഞ്ഞത്. കാരണം മത്സരം വളരെ ചെലവേറിയതാണ്. സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും നമ്മള്‍ ഒരുക്കണം. അത് വാഹനത്തിന്റേതായാലും നമ്മുടെ ആക്‌സസറീസുകളായാലും. അതിനെല്ലാം വളരെ വില വരും. അടുത്ത മത്സരം ബെംഗളൂരുവിലാണ്.' നല്ലൊരു സ്‌പോണ്‍സറെ കിട്ടിയാല്‍ അതില്‍ പങ്കെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആതിര.

ഈ മത്സരത്തില്‍ ആറ് പെണ്‍കുട്ടികളാണ് ആതിരക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നത്. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്ന്. ആതിര മാത്രമായിരുന്നു മലയാളി. ആദ്യമായാണ് കേരളത്തില്‍ നിന്നൊരു പെണ്‍കുട്ടി ഈ മത്സരത്തിനിറങ്ങുന്നത്. ജയിക്കുന്നതും. 'മണ്ണ് റോഡാണ്. അതില്‍ ഓടിച്ച് വിജയിക്കുക എന്നത് വലിയ കടമ്പയാണ്. വണ്ടിക്ക് വേഗം കേടുപാടുകള്‍ പറ്റാം. അറുപത്തിരണ്ട് എന്‍ട്രികളാണ് അതില്‍ ഉണ്ടായിരുന്നത്. മത്സരത്തിനിടെ വണ്ടിയുടെ സസ്‌പെന്‍ഷന്‍ കേടായി, എന്നിട്ടും മത്സരം പൂര്‍ത്തിയാക്കി. നാവിഗേറ്ററുടെ നിര്‍ദേശപ്രകാരം വണ്ടി ഓടിക്കുന്നതും ആദ്യമായാണ്.' വിജയിച്ചതിനേക്കാള്‍ സന്തോഷം ആ മത്സരത്തില്‍ ഡ്രൈവ് ചെയ്തപ്പോള്‍ ലഭിച്ച അനുഭവത്തെകുറിച്ച് ഓര്‍ക്കുമ്പോഴാണെന്ന് ആതിര പറയുന്നു. മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും മലയാളിയുമായ ജോര്‍ജ് വര്‍ഗീസായിരുന്നു ആതിരയുടെ നാവിഗേറ്റര്‍.
പുരുഷ വിഭാഗങ്ങളില്‍ കേരളത്തില്‍ നിന്നും ധാരാളം ചാമ്പ്യന്മാരുണ്ട്. എല്ലാവര്‍ഷവും അഞ്ച് റൗണ്ടായാണ് മത്സരം നടക്കുക. അഞ്ച് റൗണ്ടും നേടിയാല്‍ അയാള്‍ ചാമ്പ്യനാവും. ഐഎന്‍ആര്‍സി സെക്കന്‍ഡ് ക്ലാസ് മത്സരത്തിലെ വിജയി ഒരു മലയാളിയാണ്. ഡോ. ബിക്കു ബാബു, തിരുവല്ല സ്വദേശിയാണ്. മൂന്നാമത്തെ ക്ലാസില്‍ വിജയി പാലക്കാടുകാരനായ അഡ്വ.ഫാബിദാണ്. നാലാമത്തെ ക്ലാസില്‍ തിരുവനന്തപുരം സ്വദേശിയായ പ്രദീപ് രവി. ഇതില്‍ സ്ത്രീകളുടെ വിഭാഗത്തിലായിരുന്നു ആതിരയുടെ വിജയം.
ളാക്കാട്ടൂരുകാരുടെ ബസ് ഡ്രൈവര്‍
കോളേജില്‍ പഠിക്കുന്ന കാലത്ത് ആതിര ബസ് ഓടിച്ചിരുന്നു. എന്നാല്‍ ലൈസന്‍സില്ലെന്ന് തെറ്റിദ്ധരിച്ച് ആതിരയുടെ പേരില്‍ കേസെടുത്തു. എന്നാല്‍ ഹെവിലൈസന്‍സ് കാണിച്ചതോടെ അവര്‍ക്കും അത്ഭുതമായി. കോളേജിലെ അവധി ദിനങ്ങളില്‍ തന്റെ വീടിന്റെ റൂട്ടിലോടുന്ന ബസ്സുകള്‍ക്ക് ആതിര സാരഥിയാവാറുണ്ട്. അച്ഛന്റെ സുഹൃത്തുക്കളുടെ ബസ്സുകളിലാണ് ആതിരയുടെ ഡ്രൈവര്‍ ജോലി. ഹെവി വാഹനങ്ങള്‍ ഓടിക്കാന്‍ വലിയ ഇഷ്ടമാണ് ഈ പെണ്‍കുട്ടിക്ക്.

എല്ലാ വാഹനങ്ങളും ഓടിക്കും ആതിര. ഇതില്‍ രണ്ട് റെക്കോര്‍ഡുകളുമുണ്ട്. 21-ാം വയസ്സിലായിരുന്നു ആ നേട്ടം. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സും യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം അവാര്‍ഡും. ഏറ്റവും കൂടുതല്‍ ലൈസന്‍സുകളുള്ള പ്രായം കുറഞ്ഞ പെണ്‍കുട്ടി, കേരളത്തിലെ ആദ്യത്തെ വനിതാ മോട്ടോര്‍ സ്‌പോര്‍ട്‌സ് ഡ്രൈവര്‍ എന്നീ റെക്കോര്‍ഡുകളാണ് ആതിര നേടിയത്.
കെ.എസ്.ആര്‍.ടി.സിയിലെ റിട്ട. ഡ്രൈവര്‍ അച്ഛന്‍ മുരളീധരനും അച്ഛന്റെ ചേട്ടന്‍ ചന്ദ്രനുമാണ് ആതിരയുടെ കാറോട്ടമത്സരത്തോടുള്ള ഇഷ്ടത്തിന് ഒപ്പം നില്‍ക്കുന്നത്. ആതിര നിലവില്‍ അച്ഛന്റെ ഡ്രൈവിങ് സ്‌കൂളിലും സഹായിയാണ്. ഉഷയാണ് അമ്മ. സഹോദരി ആര്യ എല്‍എല്‍.ബി. വിദ്യാര്‍ഥിയാണ്.
സ്ത്രീകള്‍ക്കെന്താ കാറോട്ടത്തില്‍ മത്സരിച്ചാല്‍?
'വീട്ടില്‍ നിന്ന് എല്ലാവരും വലിയ പിന്തുണ നല്‍കിയിരുന്നു. ഞാന്‍ എന്റെ ഇഷ്ടത്തിന് പിന്നാലെയാണ് എന്ന് അവര്‍ക്കെല്ലാം അറിയാം. ആദ്യമൊക്കെ ഞാന്‍ ഇങ്ങനെ റേസിങ്ങിന് പോകുമ്പോള്‍ പലരും അച്ഛനോട് ചോദിക്കുമായിരുന്നു, പെണ്‍കുട്ടിയല്ലേ, ഇങ്ങനെ വണ്ടിയും കൊണ്ട് നടന്നാല്‍ അവളുടെ ഭാവിയെന്താകും എന്നൊക്കെ. അച്ഛന്‍ അവരോട് പറഞ്ഞ മറുപടി എനിക്ക് വലിയ പ്രോത്സാഹനമായിരുന്നു. അവളുടെ ഇഷ്ടം അതാണ്, അവള്‍ ചെയ്യട്ടെ എന്നാണ് അച്ഛന്‍ പറഞ്ഞത്.'
ആതിരയുടെ അടുത്ത ലക്ഷ്യം മോട്ടോര്‍ സ്‌പോര്‍ട്‌സിലെ ഇനി വരുന്ന മത്സരങ്ങളാണ്. മത്സരങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവുവരും. കാര്‍ വാടകയ്‌ക്കെടുത്താണ് പോകുന്നത്. മികച്ച നാവിഗേറ്ററിനൊപ്പമുള്ള, ദിവസങ്ങള്‍ നീളുന്ന പരിശീലനവും വേണം. അതിനായി ഒരു സ്‌പോണ്‍സറെ കണ്ടെത്തണം. കേരളത്തില്‍ മറ്റ് സ്‌പോര്‍ട്‌സ് വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന സ്വീകാര്യത മോട്ടോര്‍ സ്‌പോര്‍ട്‌സിനില്ലെന്ന് അവള്‍ പറയുന്നു. സര്‍ക്കാര്‍ തലത്തില്‍ മോട്ടോര്‍ സ്‌പോര്‍ടിസിന് പ്രോത്സാഹനം ലഭിക്കണമെന്നാണ് ആതിരയുടെ ആഗ്രഹം.
'ഞാന്‍ ആദ്യം റേസുകള്‍ കാണാന്‍ പോകുമായിരുന്നു. അവിടെ മത്സരിക്കുന്നവരോടൊക്കെ സംസാരിക്കും, ഓരോ കാര്യങ്ങളും കണ്ടു മനസ്സിലാക്കും. പിന്നീടാണ് ഞാന്‍ മത്സരിക്കാന്‍ ഇറങ്ങിയത്. റേസുകളില്‍ മത്സരിക്കുന്നവരും വിജയിക്കുന്നവരും ആരും തന്നെ ഇതിനേപറ്റി മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കാന്‍ തയ്യാറാവാറില്ല. അതുകൊണ്ട് ഇനി മത്സരിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അറിയേണ്ട വിവരങ്ങള്‍ എല്ലാം എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഇപ്പോള്‍ ഞാന്‍ ഷെയര്‍ ചെയ്യാറുണ്ട്. മോട്ടോര്‍ സ്‌പോര്‍ട്‌സിനെ കേരളത്തില്‍ പ്രമോട്ട് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.' ആതിര മുരളി എന്നൊരു ഓട്ടോ വ്‌ളോഗും ആതിരയ്ക്കുണ്ട്.
മോട്ടോര്‍ സ്‌പോര്‍ട്സിലേക്കും സ്ത്രീകള്‍ വരണം
'ഇത് കുറച്ച് അപകടകരമായ മത്സരമാണ്. അതുതന്നെയാണ് പെണ്‍കുട്ടികളെ പിന്നോട്ട് വലിക്കുന്നതും. അവര്‍ക്ക് താല്‍പര്യമുണ്ടെങ്കിലും കുടുംബത്തിലുള്ളവര്‍ക്ക് അത്ര താല്‍പര്യമുണ്ടാവാറില്ല. നന്നായി ഡ്രൈവിങ് അറിയണം. വേഗതയേറിയ മത്സരമാണ്, ചെറിയൊരു അശ്രദ്ധ വന്നാല്‍ അപകടമുണ്ടാവാം. മോട്ടോര്‍ സ്‌പോര്‍ട്‌സിലേക്കും ധാരാളം സ്ത്രീകള്‍ കടന്നുവരണമെന്ന ആഗ്രഹവും ആതിര പങ്കുവച്ചു. മാത്രമല്ല സ്ത്രീകള്‍ ഡ്രൈവിങ് പഠിക്കണമെന്നും. ഇപ്പോഴും ഡ്രൈവിങ് അറിയാത്ത അതില്‍ മടി വിചാരിക്കുന്ന സ്ത്രീകളുണ്ടെന്നും ആതിര.
'ഡ്രൈവിങ് എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും സ്ത്രീകള്‍. മറ്റുള്ളവരെ ആശ്രയിക്കാതെ സ്വയംപര്യാപ്തരാവാന്‍ അത് സ്ത്രീകളെ സഹായിക്കും. എല്ലാ സ്ത്രീകളും ഡ്രൈവിങ് പഠിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.'
Content Highlights: Athira Murali first woman Indian National car racing championship winner from Kerala