സമയം നോക്കാതെ മണിക്കൂറുകള്‍ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട ഒരു മെഡിക്കല്‍ സ്‌പെഷ്യാലിറ്റി വിഭാഗമാണ് കാര്‍ഡിയോളജി. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുമായി രോഗികള്‍ ഏതുസമയത്തും എത്താന്‍ സാധ്യതയുള്ള, ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കേണ്ട ഒരു വിഭാഗം. ഈ വിഭാഗത്തില്‍ അഞ്ചുവര്‍ഷം മുന്‍പ് വരെ ദിവസം പന്ത്രണ്ടു മണിക്കൂര്‍ വീതം ആഴ്ചയില്‍ അഞ്ചു ദിവസവും ജോലി ചെയ്തിരുന്ന ഒരു ഡോക്ടറുണ്ടായിരുന്നു. ഇന്നവര്‍ക്ക് പ്രായം 103. ഇപ്പോഴും ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ തന്റെ സ്ഥിരം രോഗികളെ കാണാന്‍ ഈ ഡോക്ടര്‍ ഡല്‍ഹി നാഷണല്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തുന്നു.
ഡോ. എസ്.ഐ. പത്മാവതിയാണ് ഈ സൂപ്പര്‍ വുമണ്‍. ഇന്ത്യയിലെ ആദ്യത്തെ ഹൃദ്രോഗ വിദഗ്ധ. രാജ്യത്ത് ആദ്യമായി കാര്‍ഡിയോളജി ക്ലിനിക്കും കാത്‌ലാബും മെഡിക്കല്‍ കോളേജില്‍ കാര്‍ഡിയോളജി വകുപ്പും ഇന്ത്യയുടെ ആദ്യത്തെ ഹാര്‍ട്ട് ഫൗണ്ടേഷനും ആരംഭിച്ച വ്യക്തി.
1917 ല്‍ റംഗൂണിലാണ് ഡോ. പത്മാവതിയുടെ ജനനം. റംഗൂണ്‍ മെഡിക്കല്‍ കോളേജില്‍ നിന്നും എം.ബി.ബി.എസ്. നേടി. അവിടെ നിന്നും വൈദ്യബിരുദം നേടുന്ന ആദ്യ വനിതയായിരുന്നു ഡോ. പത്മാവതി. ബര്‍മയില്‍ ജപ്പാന്‍ അധിനിവേശം നടത്തിയതോടെ പത്മാവതിയും കുടുംബവും ഇന്ത്യയിലേക്ക് വന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1949 ല്‍ മെഡിസിനില്‍ ഉന്നത പഠനത്തിനായി ലണ്ടനിലേക്കാണ് പോയത്. അവിടെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ്, എഡിന്‍ബര്‍ഗിലെ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് എന്നിവിടങ്ങളില്‍ ഉപരിപഠനം നടത്തി.
1940 കളില്‍ കാര്‍ഡിയോളജി ഒരു പ്രത്യേക വിഭാഗമായി രൂപംകൊണ്ടിട്ടില്ലായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ വലിയ താത്പര്യം ഉണ്ടായിരുന്ന പത്മാവതി ലണ്ടനിലെ പഠനശേഷം കാര്‍ഡിയോളജിയില്‍ ഉപരിപഠനം നടത്താന്‍ തീരുമാനിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ പീഡിയാട്രിക് വിഭാഗത്തില്‍ ഫെല്ലോഷിപ്പോടെ പഠനത്തിന് അവസരവും ലഭിച്ചു. ജോണ്‍ ഹോപ്കിന്‍സിലെത്തിയപ്പോള്‍ പത്മാവതിക്ക് പരിശീലനം നേടാന്‍ അവസരം ലഭിച്ചത് പ്രശസ്തനായ പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റും ബ്ലൂ ബേബി സിന്‍ഡ്രോമിനുള്ള സര്‍ജിക്കല്‍ ചികിത്സ വികസിപ്പിക്കുകയും ചെയ്ത ഡോ. ഹെലെന്‍ തോസിങ്ങിന് കീഴിലാണ്.
തുടര്‍ന്ന് 1952 ല്‍ കൂടുതല്‍ പരിശീലനത്തിനായി ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലേക്ക് മാറി. അവിടെ, ആധുനിക കാര്‍ഡിയോളജിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ഡോ. പോള്‍ ഡഡ്‌ലി വൈറ്റിന് കീഴിലാണ് പരിശീലനത്തിനുള്ള അവസരം ലഭിച്ചത്.
വിദഗ്ധ പരിശീലനമെല്ലാം നേടിക്കഴിഞ്ഞ് 1953 ല്‍ ഡോ. പത്മാവതി ഡല്‍ഹിയിലെത്തി. അന്നത്തെ ആരോഗ്യമന്ത്രി രാജ്കുമാരി അമൃത് കൗര്‍ ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജിലെ ലക്ചററായി ഡോ. പത്മാവതിയെ നിയമിച്ചു. ഇവിടെ നിന്നുമാണ് ഡോ. പത്മാവതി തന്റെ കരിയറിന് തുടക്കമിട്ടത്.
ഈ കാലത്താണ് റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ ഗ്രാന്റ് ഉപയോഗിച്ച് വടക്കേ ഇന്ത്യയിലെ ആദ്യത്തെ കാര്‍ഡിയാക് കത്തീറ്ററൈസേഷന്‍ ലാബ് തയ്യാറാക്കിയത്.
1967 ല്‍ ജി.ബി. പന്ത് ഹോസ്പിറ്റലിന്റെ ഡയറക്ടറാകാന്‍ സര്‍ക്കാര്‍ ഡോ. പത്മാവതിയെ ക്ഷണിച്ചു. ഇന്ത്യയിലാദ്യമായി അവിടെയാണ് ഡോ. പത്മാവതിയുടെ നേതൃത്വത്തില്‍ കാര്‍ഡിയോളജി വകുപ്പുണ്ടാക്കുകയും ഡി.എം. കാര്‍ഡിയോളജി കോഴ്‌സ് ആരംഭിക്കുകയും ചെയ്തത്. ഡോ. പത്മാവതിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നേട്ടങ്ങളായിരുന്നു ഇവയെല്ലാം. ജി.ബി. പന്ത് ഹോസ്പിറ്റല്‍ ഡയറക്ടറായതിന് ശേഷം ഡോ. പത്മാവതി എം.എ.എം.സി. യുടെ ഡീന്‍ ആയി നിയമിക്കപ്പെട്ടു. ഇവിടെയും കാര്‍ഡിയോളജി വകുപ്പ് രൂപീകരിച്ചത് ഡോ. പത്മാവതി തന്നെ.
പ്രീ ഹോസ്പിറ്റല്‍ കെയര്‍ എന്ന നവീന ആശയം ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ചതും ഡോ. പത്മാവതിയാണ്. ലേഡി ഹാര്‍ഡിഞ്ച് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മൊബൈല്‍ കൊറോണറി കെയര്‍ ഒരുക്കിയത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടാവുന്ന ഒരു രോഗിയെ 'സുവര്‍ണ മണിക്കൂറുകള്‍'ക്കുള്ളില്‍ തന്നെ ആശുപത്രിയിലെത്തിക്കാനുള്ള സംവിധാനമായിരുന്നു അത്. ഹൃദയാഘാതമുണ്ടായ നിരവധി പേരെ വളരെ പെട്ടെന്നു തന്നെ ആശുപത്രിയിലെത്തിക്കാന്‍ ഇത് സഹായിച്ചു.
രോഗനിര്‍ണയത്തിനായി അത്യാധുനിക ഉപകരണങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത് ക്ലിനിക്കല്‍ പരിശോധനകളിലൂടെ രോഗം കണ്ടെത്താന്‍ പ്രത്യേക കഴിവായിരുന്നു ഡോ. പത്മാവതിക്ക്. ഈ തിരക്കുകള്‍ക്കിടയിലും നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ നടത്താനും ഡോക്ടര്‍ സമയം കണ്ടെത്തി. പ്രിവന്റീവ് കാര്‍ഡിയോവസ്‌ക്കുലര്‍ മെഡിസിനെക്കുറിച്ച് മുന്നൂറിലധികം ഗവേഷണ ലേഖനങ്ങളാണ് ഡോ. പത്മാവതിയുടെ പേരിലുള്ളത്.
1965 ല്‍ ദ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി ഡോ. പത്മാവതി ചുമതലയേറ്റെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യത്തെ വനിതയായിരുന്നു ഡോ. പത്മാവതി.
മികവാര്‍ന്ന പ്രവര്‍ത്തനത്തിന് ഡോ. പത്മാവതിയെ തേടി നിരവധി പുരസ്‌ക്കാരങ്ങളെത്തി. 1967 ല്‍ പത്മഭൂഷണ്‍, 1992 ല്‍ പത്മ വിഭൂഷണ്‍ എന്നിവ അതില്‍ പ്രധാനപ്പെട്ടവയാണ്.
1976 ല്‍ ഔദ്യോഗിക പദവിയില്‍ നിന്ന് വിരമിച്ച ഡോ. പത്മാവതി. ഇളയ സഹോദരിയും ന്യൂറോളജിസ്റ്റുമായ ഡോ. ജാനകിക്കൊപ്പം താമസമാരംഭിച്ചു. ഇരുവരും അവിവാഹിതരായിരുന്നു.
വിരമിച്ചെങ്കിലും ഡോക്ടര്‍ എന്ന നിലയില്‍ സദാ സേവന സന്നദ്ധയായി രോഗികള്‍ക്കൊപ്പമാണ് ഡോ. പത്മാവതി ഇപ്പോഴും. തന്റെ മുന്നിലെത്തുന്ന പാവപ്പെട്ട രോഗികള്‍ക്കു വേണ്ടിയാണ് ഡോ. പത്മാവതി തന്റെ ജീവിതം മാറ്റിവെച്ചിരുന്നത്. ഇതിന്റെ ഭാഗമായി നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷനില്‍ ഹൃദയശസ്ത്രക്രിയക്ക് എത്തുന്ന പാവപ്പെട്ടവരുടെ ചികിത്സാചെലവ് വഹിക്കുന്നതിനായി ഡോ. പത്മാവതി സ്വന്തം സ്വത്തുക്കളെല്ലാം ഒരു ട്രസ്റ്റിന്റെ പേരിലാക്കിയിരിക്കുകയാണ്.
Story Courtesy: the times of india
Content Highlights: At age 103 india's first female cardiologist Dr Padmavati is still serving, Health