ഷാദെ അജായി തന്റെ മധ്യവയസ്സില്‍ എത്തുന്നതുവരെ സ്‌കൂളോ ക്ലാസ്സ്മുറികളോ കണ്ടിരുന്നില്ല. പക്ഷേ, അജായി ഇപ്പോള്‍ തന്നേക്കാള്‍ നാല്‍പത് വയസെങ്കിലും ഇളയവരായ കുട്ടികള്‍ക്കൊപ്പം ക്ലാസ്മുറിയിലാണ്. അവരെപ്പോലെ പിങ്കും വെള്ളയും നിറമുള്ള യൂണിഫോമണിഞ്ഞ് കൈയില്‍ പെന്‍സിലും നോട്ട് ബുക്കുമായി അക്ഷരങ്ങള്‍ വായിക്കാനും എഴുതാനും പഠിക്കുകയാണ് അമ്പതുകാരിയായ ഈ നൈജീരിയന്‍ വനിത. 

'യൂണിഫോം ധരിക്കാന്‍ എനിക്കൊരു നാണക്കേടുമില്ല.' അജായി താന്‍ വീണ്ടും പഠിക്കാനെത്തിയതിനെ പറ്റി റോയിറ്റേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. കുട്ടിയായിരുന്നപ്പോള്‍ തന്നെ വീട്ടിലെ പ്രാരാബ്ദങ്ങള്‍ അജായിയെ സ്വന്തം ബന്ധുവിന്റെ കടയിലെ ജോലിക്കാരിയാക്കി. വളര്‍ന്നപ്പോള്‍ പഴ്‌സുകളും ബാഗുകളും വില്‍ക്കുന്ന സ്വന്തം ബിസിനസ്സ് തുടങ്ങി. എങ്കിലും എഴുതാനോ വായിക്കാനോ പഠിക്കാന്‍ കഴിയാത്തതില്‍ അജായിക്ക് വലിയ വിഷമമുണ്ടായിരുന്നു. കഴിഞ്ഞ സ്‌കൂള്‍ വര്‍ഷം പഠിക്കാനായി പോകണമെന്ന് ആഗ്രഹിച്ചപ്പോഴാണ് കൊറോണ വൈറസ് വഴിമുടക്കിയത്. ഈ വര്‍ഷം ജനുവരിയില്‍ സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ അജായി പഠിക്കാനായി എത്തുകയായിരുന്നു.

reuters.com
Photo: reuters.com

പതിനൊന്നും പതിമൂന്നും വയസ്സുള്ളവരാണ് അജായിയുടെ സഹപാഠികള്‍. അവര്‍ക്കിടയില്‍ അജായി ഇരിക്കുന്നതും എല്ലാ കുട്ടികളെയും പോലെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനായി കൈ ഉയര്‍ത്തുന്നതും കുട്ടികളും അജായിയും തമ്മിലുള്ള പ്രായവ്യത്യാസവുമെല്ലാം ഞങ്ങളെ ടെന്‍ഷനടിപ്പിച്ചിരുന്നുവെന്ന് അധ്യാപികയായ നസറത്ത് ബുസാരി പറയുന്നു. 'എന്നാല്‍ അവര്‍ കുട്ടികളുമായി വേഗം ഇണങ്ങി ചേര്‍ന്നു. അവരൊന്നിച്ചു കളിക്കുന്നു, സംസാരിക്കുന്നു, സുഹൃത്തുക്കളാകുന്നു.' നസറത്ത് അജായിയുടെ മാറ്റത്തെ പറ്റി പറയുന്നത് ഇങ്ങനെ.

ചെറിയ കുട്ടികള്‍ക്കൊപ്പം അമ്മ സ്‌കൂളില്‍ പോകുന്നത് ആദ്യം നാണക്കേടായി തോന്നിയെന്ന് മകള്‍ ഷോലെ. എന്നാല്‍ ഇതുവരെ പഠിക്കാന്‍ കഴിയാത്ത അമ്മയുടെ സങ്കടം മനസ്സിലാക്കിയപ്പോള്‍ താന്‍ സമ്മതിച്ചതായും ഷോലെ പറയുന്നു.

reuters.com
അജായി മകള്‍ ഷോലെക്കൊപ്പം/ Photo: reuters.com

നാല് മണിക്ക് സ്‌കൂള്‍ വിട്ട ശേഷം അജായി തന്റെ ബാഗ്, പേഴസ് നിര്‍മാണം തുടങ്ങും. ക്ലാസ് സമയത്ത് അജായിയുടെ ബിസിനസ്സ് നോക്കാന്‍ സഹായികളുണ്ട്. പഠിക്കുന്നത് ബിസിനസ്സ്‌ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നാണ് അജായിയുടെ വിശ്വാസം.

Content Highlights: At 50 Nigerian Woman attend School for read and write believes illiteracy holding her back