രാവിലത്തെ ഭക്ഷണമെല്ലാം കഴിഞ്ഞപ്പോള്‍ പത്മം നായര്‍ പതുക്കെ വാക്കറില്‍ പിടിച്ചെഴുന്നേറ്റു. എന്നിട്ട് മേശപ്പുറത്തിരുന്ന എംബ്രോയ്ഡറി ഫ്രെയിമില്‍ സാരിയുടെ ഒരു ഭാഗം ക്ലിപ്പ് ചെയ്തു. മുന്നിലുള്ള ഫാബ്രിക്ക് പെയിന്റ് ഓരോന്നായി ബ്രഷില്‍മുക്കി മുത്തശ്ശി പണി തുടങ്ങി. പതുക്കെ സാരിയില്‍ നല്ല നിറമുള്ള പൂക്കളും പക്ഷികളും ഡിസൈനുകളും വിരിഞ്ഞു. അവരുടെ ശ്രദ്ധ പൂര്‍ണമായും മുമ്പിലിരിക്കുന്ന സാരിയിലാണ്. പെയിന്റിങ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. കഴിഞ്ഞ 19 വര്‍ഷമായിട്ട് ഇതാണ് ഇവരുടെ ദിനചര്യ. പ്രായം നൂറായെങ്കിലും ഈ ശീലത്തിന് മാറ്റമില്ല.  ''വെറുതെയിരുന്നാല്‍ ഭയങ്കര ബോറടിയാണ്. പിന്നെ ഒന്നും ചെയ്തില്ലെങ്കില്‍ കൈ വേഗം പണിമുടക്കും. അതുകൊണ്ട് പെയിന്റിങ്, തുന്നല്‍...എല്ലാം ചെയ്യും.'' പത്മം നായര്‍ ഊര്‍ജ്ജസ്വലതയോടെ സംസാരിച്ചുതുടങ്ങി. 

അറുപതും എഴുപതും വയസ്സ് കഴിയുമ്പോഴേക്കും ആളുകള്‍ റിട്ടയര്‍മെന്റിനെക്കുറിച്ച് ആലോചിച്ചുതുടങ്ങും. ഇത്രയും കാലം ജോലി ചെയ്തതല്ലേ, ഇനിയൊന്ന് വിശ്രമിക്കണം എന്നാവും ചിന്ത. പക്ഷേ പത്മം നായര്‍ എണ്‍പതാം വയസ്സിലാണ് ഇഷ്ടപ്പെട്ട പലതും ചെയ്യാന്‍ തുടങ്ങുന്നത്. ഹോബികളെല്ലാം പൊടി തട്ടിയെടുത്ത് അവര്‍ സ്വയം തിരക്കിലാവുന്നു. 

ഇതൊക്കെ ആര്‍ക്കെങ്കിലും സമ്മാനമായി കൊടുക്കുമോ? ചോദിച്ചുതീരും മുമ്പേ മറുപടിയെത്തി. ''ഗിഫ്റ്റ് ഒന്നുമല്ല, നല്ല വിലയ്ക്ക് വില്‍ക്കും. അത്രയും മിനക്കെട്ടിട്ടാ ഓരോ സാരിയും പെയിന്റ് ചെയ്യുന്നത്. പൂര്‍ത്തിയാവാന്‍ ഏകദേശം ഒരുമാസമെടുക്കും. രാവിലെ മുതല്‍ ഉച്ച വരെയേ പെയിന്റ് ചെയ്യാന്‍ ഇരിക്കൂ. കൂടുതല്‍ നേരമിരുന്നാല്‍ കണ്ണിന് സ്‌ട്രെയിനാണ്.  ഉച്ചയ്ക്ക് ഭക്ഷണമൊക്കെ കഴിഞ്ഞ് കുറച്ചുനേരം വിശ്രമിക്കും. അതുകഴിഞ്ഞാലും വെറുതെ ഇരിക്കുകയൊന്നുമില്ല. അപ്പോഴാണ് തുന്നാനുള്ളതൊക്കെ എടുക്കുന്നത്.'' പുതിയൊരു മള്‍ കോട്ടണ്‍ സാരിയില്‍ പൂക്കള്‍ വരച്ചുചേര്‍ക്കുന്ന തിരക്കിലാണ് മുത്തശ്ശി. 

women

''മക്കളും മരുമക്കളും നന്നായി സഹായിക്കും. അതുകൊണ്ടാണ് എനിക്കിതൊക്കെ ചെയ്യാന്‍ പറ്റുന്നത്. പെയിന്റ് ചെയ്യാനുള്ള സാരിയെല്ലാം മകള്‍ വാങ്ങിക്കൊണ്ടുത്തരും. ആവശ്യക്കാര്‍ വരുമ്പോള്‍, അവള്‍ എനിക്കുവേണ്ടി ഷോപ്പിങ്ങിനിറങ്ങും. അവള്‍ക്കറിയാം ഏത് സാരിയാണ് വേണ്ടതെന്ന്. ഒരു മരുമകള്‍ മണിപ്പാലില്‍ ഡോക്ടറാണ്. അവളും നന്നായി സപ്പോര്‍ട്ട് ചെയ്യും. ഇഷ്ടപ്പെട്ട സാരികള്‍ വാങ്ങിക്കൊണ്ടുത്തരും. വാങ്ങാന്‍ ഇഷ്ടം പോലെ ആളുകളുണ്ട്. നല്ല അസ്സല്‍ സാരിയാണെങ്കില്‍ 10,000 രൂപ വരെ വിലയിടാന്‍ പറ്റും.'' സംസാരത്തിനിടയിലും മുത്തശ്ശിയുടെ കൈ ചലിച്ചുകൊണ്ടേയിരിക്കുന്നു. 

''വെറുതെയിരുന്നാല്‍ മടി പിടിച്ചുപോവും. അതുകൊണ്ടാണ് ഇങ്ങനെ ഓരോന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ജോലികള്‍ ചെയ്യുന്നിടത്തോളം കാലം മനസ്സും ശരീരവും നല്ല ആരോഗ്യത്തോടെയിരിക്കും.'' അടുത്തിരുന്ന മകള്‍ ലത അമ്മയെ പിന്താങ്ങി. ''ചിട്ടയോടെയാണ് അമ്മയുടെ ജീവിതം. ഒരുവിധം കാര്യങ്ങളെല്ലാം സ്വയം ചെയ്യും.  പത്രങ്ങളും മറ്റ് മാസികകളും വായിക്കും. വെറുതെ ഇരിക്കുന്നത് കുറവാണ്. അതുകൊണ്ടാവാം പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കണ്ണിന് ഡ്രോപ്‌സ് ഉപയോഗിക്കാറുണ്ട്. പിന്നെ നടക്കാനൊരു വാക്കറും.'' വാക്കറില്‍ ഒരു ബാസ്‌കറ്റ് പിടിപ്പിച്ചിട്ടുണ്ട്. മുത്തശ്ശിക്ക് ആവശ്യമായ കാര്യങ്ങളെല്ലാം ആ ബാസ്‌കറ്റിലുണ്ട്. വാട്ടര്‍ ബോട്ടില്‍, നെയില്‍ ക്ലിപ്പേഴ്‌സ്, കത്രിക, ടേപ്പ്, മൊബൈല്‍ ഫോണ്‍...

women
പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

''ആദ്യമൊക്കെ മനസ്സില്‍ ഓരോ ഡിസൈനുണ്ടാക്കി വരച്ചെടുത്ത് പെയിന്റ് ചെയ്യുമായിരുന്നു. ഇപ്പോള്‍ അതിനൊന്നും വയ്യ. ഒരു മകള്‍ അബുദാബിയില്‍ ജോലി ചെയ്യുന്നുണ്ട്. അവിടെയൊരു കമ്പനിയില്‍ സീനിയര്‍ ഡിസൈനറാണ്. അവള്‍ നല്ല ഡിസൈനുകളൊക്കെ വരച്ച് അയച്ചുതരും. അത് ഞാന്‍ സാരിയില്‍ കോപ്പി ചെയ്തശേഷം ഇഷ്ടമുള്ള പെയിന്റിടും.'' മുത്തശ്ശി സാരിക്കഥകളിലേക്ക് കടന്നു. 

''ചെറുപ്പം മുതലേ എനിക്ക് വരയ്ക്കാനും കളര്‍ ചെയ്യാനുമൊക്കെ ഇഷ്ടമായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ അമ്മാവന്‍ എന്നെ തൃശ്ശൂരിലുള്ള ഒരു ക്ലാസില്‍ ചേര്‍ത്തു. അഞ്ചാറ് മാസം അവിടെ പഠിച്ചു. കണ്ണിന് സുഖമില്ലാതായപ്പോള്‍ ക്ലാസ് നിര്‍ത്തി. പിന്നെ കല്യാണം കഴിഞ്ഞു. മക്കളായി. അവരെ വളര്‍ത്തുന്ന തിരക്കുകള്‍. എല്ലാം കഴിഞ്ഞു ഫ്രീയായി. സമയം പോവണ്ടേ. വേറെ പണിയൊന്നുമില്ലല്ലോ. അങ്ങനെയാണ് എന്റെ ഹോബികളിലേക്ക് കടക്കുന്നത്. അതിനിടയ്ക്ക് മകളോടൊപ്പം പൂണെയിലേക്ക് വന്നു. ''    

സാരി മാത്രമല്ല ദുപ്പട്ട, ടേബിള്‍ ക്ലോത്ത്, സല്‍വാര്‍, പില്ലോ കവര്‍...എല്ലാം ഈ മുത്തശ്ശിയുടെ കൈകളിലൂടെ വരുമ്പോള്‍ മനോഹരമാവും. ബോര്‍ഡറിലും പല്ലുവിലും ബ്ലോക്ക് പ്രിന്റുകളും വലിയ പ്രിന്റുകളും പൂക്കളും കിളികളും നിറയുമ്പോള്‍ മുത്തശ്ശിയുടെ മനസ്സും സന്തോഷിക്കുന്നു.

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: At 100 hobbyist  women mocks her age with priceless hand-painted sarees