ണ്‍കുട്ടികള്‍ക്ക് മാത്രമേ ബൈക്ക് ഓടിക്കാന്‍ പറ്റുകയുള്ളോ, അതും ബുള്ളറ്റ്.. എന്ന് ചോദിച്ച് ബുള്ളറ്റിലേറുന്ന ന്യൂജനറേഷന്‍ ഗേള്‍സ് ധാരാളമുണ്ട്. എന്നാല്‍ അവര്‍ക്കും മുമ്പേ ബുള്ളറ്റിനോട് ഇഷ്ടം കൂടിയ ഒരാളുണ്ട്. പത്തനംതിട്ട സ്വദേശിനിയായ അശ്വനി ഗീതാ ഗോപാലകൃഷ്ണന്‍. 'എന്റെ അമ്മ ബൈക്കോടിക്കും. വീട്ടിലെ ചില സാഹചര്യങ്ങള്‍ കൊണ്ട് അമ്മയ്ക്ക് ഓടിക്കേണ്ടി വന്നതാണ്. കടയില്‍ പോകാനും ജോലിക്കു പോകാനുമെല്ലാം അമ്മ അന്നേ ബൈക്കിനെ ആശ്രയിക്കുന്നതു കണ്ടാണ് ഞാന്‍ വളര്‍ന്നത്. അച്ഛനും സഹോദരനും എല്ലാ ആണ്‍പ്രജകളെയും പോലെ എല്ലാ വണ്ടിയും ഓടിക്കുമെങ്കിലും അമ്മയായിരുന്നു എനിക്ക് മാതൃക. അമ്മയുടെ പിന്‍പറ്റി ഞാനുമങ്ങ് ബൈക്കോടിച്ചു തുടങ്ങി. പിന്നെ തനിയേ ഡ്രൈവിങ് അറിയുന്നത് ഒരു സ്വാതന്ത്ര്യമാണല്ലോ..' എന്നാല്‍ അമ്മയെ കണ്ട് പഠിക്കാത്ത മറ്റൊന്നിനെ പിന്നീട് അശ്വനി പ്രണയിച്ചു, കുക്കിങ്. വീട്ടിലെ അടുക്കളയില്‍ നിന്ന ഒരു ഗ്ലാസ് വെള്ളം പോലും എടുത്തു കുടിക്കാത്ത ആ പെണ്‍കുട്ടി ഷെഫായി, എല്ലാവരെയും ഞെട്ടിച്ചു. പിന്നെ പല നാട്ടിലെ പല ഭക്ഷണം രുചിക്കാനായി ബുള്ളറ്റിലേറിത്തുടങ്ങി. 

സിവില്‍ സര്‍വീസ് മോഹത്തില്‍ നിന്ന് ഷെഫിലേക്ക്

ഞാനൊരിക്കലും ആഗ്രഹിച്ചു വന്ന കരിയറൊന്നുമല്ല കുക്കിങ്. പ്ലസ്ടു പഠനത്തിന് ശേഷം സിവില്‍ സര്‍വീസ് എന്നൊരാഗ്രഹം ഉണ്ടായിരുന്നു. ഡിഗ്രി കെമിസ്ട്രിയായിരുന്നു ഞാനെടുത്ത വിഷയം. സിവില്‍ സര്‍വീസ് കിട്ടിയില്ലെങ്കില്‍ ഹയര്‍ സ്റ്റഡീസിന് പോകാം എന്നതായിരുന്നു പ്ലാന്‍. ബോംബെയിലായിരുന്നു ഡിഗ്രിക്ക് ചേര്‍ന്നത്. അവിടുത്തെ ഭാഷയും ഭക്ഷണവും സാഹചര്യങ്ങളുമൊന്നും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല. അതോടെ പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചു. അവിടെ ട്യൂഷനെടുക്കലും മറ്റുമായി കുറച്ച് സമയം കളഞ്ഞു. പിന്നെ എല്ലാവരുടെയും ചോദ്യം സഹിക്കവയ്യാതെ നാട്ടിലുള്ള എല്ലാ കോഴ്‌സുകള്‍ക്കും അപേക്ഷയയച്ചു.  അവസാനം കള്‍നറി ആര്‍ട്‌സിനും മറൈന്‍ എഞ്ചിനീയറിങ്ങിനും സെലക്ഷന്‍ കിട്ടി. ഐ.എച്ച്.എം ഔറംഗാബാദിലായിരുന്നു കള്‍നറി ആര്‍ട്‌സിന് കിട്ടിയത്. അന്നാണ് ഞാന്‍ ആദ്യമായി കള്‍നറി ആര്‍ട്‌സ് എന്ന് കേള്‍ക്കുന്നത്.  ഹോട്ടല്‍ മാനേജ്‌മെന്റ് കേട്ടിട്ടുണ്ട്, അതില്‍ ഇങ്ങനെ പല തരമുണ്ടെന്ന് അറിയുന്നത് അപ്പോഴാണ്.  ഈ സമയത്ത് മറൈന്‍ എഞ്ചിനീയറിങിനും കിട്ടി. പക്ഷേ വീട്ടുകാര്‍ക്കും ഞാന്‍ കള്‍നറി ആര്‍ട്‌സ് തിരഞ്ഞെടുക്കുന്നതായിരുന്നു താല്‍പര്യം. അങ്ങനെ ഞാന്‍ ഔറംഗാബാദിന് വണ്ടിപിടിച്ചു. ആറ് വര്‍ഷത്തെ ടാര്‍ജറ്റൊക്കെ തന്നാണ് അവരെന്നെ വിട്ടത് നാല് വര്‍ഷം പഠനം, രണ്ട് വര്‍ഷം ജോലി എന്നൊക്കെ. അത് കഴിഞ്ഞ് കെട്ടിച്ചുവിടും. 

അവിടെ ചെന്നപ്പോള്‍ വേറൊരു ലോകത്ത് എത്തിയപോലെയായിരുന്നു. എല്ലാം വലിയ രാഷ്ട്രീയ നേതാക്കളുടെയും താരങ്ങളുടെയും മക്കള്‍. ധോനിയുടെ ഭാര്യ സാക്ഷി എന്റെ ബാച്ച്‌മേറ്റായിരുന്നു. പരേഷ് റാവലിന്റെ മകന്‍, സീനത്ത് അമന്റെ മകന്‍.. അങ്ങനെ.. അതോടെ കോംപറ്റീഷന്‍ ലെവല്‍ ഒക്കെ വലുതായി തോന്നി. ആദ്യമൊക്കെ ക്ലാസിലിരിക്കുമ്പോള്‍ എനിക്ക് ഒരക്ഷരം പോലും മനസ്സിലാവില്ലായിരുന്നു. എന്നെ എല്ലാവരും ലോലക്കുട്ടി എന്നാണ് വിളിച്ചിരുന്നത്. ഭയങ്കര ഹെവി ആക്‌സെന്റായിരുന്നു എന്റേത്. സൗത്ത് ഇന്ത്യന്‍ ആക്‌സെന്റ് എന്ന് പറഞ്ഞ് കളിയാക്കും. പിന്നെ കണ്ണടയും ചുരുണ്ട മുടിയും. എല്ലാവരുടെയും ജീവിത്തില്‍ ഒരു വഴിത്തിരിവുണ്ടാവില്ലേ, അതായിരുന്നു എനിക്ക് ആ കോളേജ്. ജീവിതത്തിലെ ലക്ഷ്യങ്ങള്‍ കണ്ടെത്തിയത് അവിടെ നിന്നാണ്. 

ക്യാംപസ് പ്ലേസ്‌മെന്റില്‍ എനിക്ക് താജില്‍ കിട്ടിയില്ല. അത് വലിയ സങ്കടമായി. കിട്ടിയത് ഡല്‍ഹിയിലെ ഒരു ഹോട്ടലിലാണ്. അവിടെ നന്നായി ഞാന്‍ കഷ്ടപ്പെട്ടു. എപ്പോഴെങ്കിലും താജില്‍ കയറണമെന്നുള്ള വാശിയായിരുന്നു. ആ ഹോട്ടലില്‍ നല്ല കോംപറ്റീഷനായിരുന്നു.  പെണ്‍കുട്ടി ആയതുകൊണ്ട് അത് നിങ്ങള്‍ ചെയ്യേണ്ട എന്ന രീതിയില്‍ പലതില്‍ നിന്നും ഒഴിവാക്കും. പക്ഷേ പറ്റുമെന്ന് തെളിയിക്കേണ്ടത് നമ്മുടെ ആവശ്യമാണ്. ആറുമാസമേ ഞാന്‍ അവിടെ നിന്നുള്ളൂ. പക്ഷേ പോരുമ്പോള്‍ അവിടുത്തെ ഷെഫ് എന്നെ അംഗീകരിച്ചിരുന്നു. നിനക്ക് പറ്റും എന്നൊരു വാക്ക് അയാളില്‍ നിന്ന് കിട്ടി. അത് ആത്മവിശ്വാസമായി. 

'പിന്നെ അമൃത്സറിലേക്ക്. ഈ സമയത്ത് തിരിച്ചുവരാന്‍ വീട്ടില്‍ നിന്ന് സമ്മര്‍ദ്ദം തുടങ്ങി. ഒരു പ്രശ്‌നവുമില്ല, നീ മുന്നോട്ട് പോയിക്കോ എന്ന് പറഞ്ഞ് അച്ഛന്‍ അന്ന് കൂടെ നിന്നു. പിന്നെ ബാംഗ്ലൂര്‍ താജിലേക്ക്. എന്റെ സ്വപ്നം.' ഇക്കാലത്ത് സ്വകാര്യജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ വന്നെങ്കിലും അശ്വനി തളരാന്‍ തയ്യാറായിരുന്നില്ല. ഈ സമയത്ത് അശ്വനി കരിയറില്‍ വ്യത്യസ്തമായ പല മേഖലകളും കണ്ടെത്തി. 'മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ താജില്‍ നിന്ന് പോന്നു. പിന്നെ കണ്‍സള്‍ട്ടന്റായി ജോലി നോക്കി. അതിന് ശേഷം അവിടെ അമ്മയുടെ സഹോദരിയുമായി ചേര്‍ന്ന് ഒരു റസ്‌റ്റോബാര്‍ തുടങ്ങി.  ഒന്നരവര്‍ഷത്തോളം അത് നടത്തി. പിന്നെ തിരിച്ച് കേരളത്തിലേക്ക്. ആ സമയത്താണ് ഗ്രാന്റ് ഹയാത്തില്‍ ഒരു ഓഫര്‍ വന്ന് അവിടെ ചേരുന്നത്. ഇതൊരു ജോലി മാത്രമല്ല ഒരുപാട് സാധ്യതകളുള്ള ഒരു മേഖലയാണെന്ന് ഞാനറിഞ്ഞത് അക്കാലത്താണ്. അവിടെ നിന്ന് ഞാന്‍ കോക്കനട്ട് ബോര്‍ഡ് ഓഫ് ഇന്ത്യക്കു വേണ്ടി 10 എപ്പിസോഡ് കുക്കിങ് വീഡിയോകള്‍ ചെയ്തു. ആള്‍ക്കാര്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങി. ' അശ്വനി പറയുന്നു.

women

ഷെഫ്‌ലൈഫിലെ ഏറ്റവും മറക്കാനാകാത്ത അനുഭവം മോഹന്‍ലാലിനെ കണ്ടുമുട്ടിയതാണ്. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ഫാനാണ്. അദ്ദേഹത്തിനൊപ്പം സംസാരിച്ചിരിക്കാനും ഭക്ഷണമുണ്ടാക്കിക്കൊടുക്കാനും ഒരു ചിത്രമെടുക്കാനും പറ്റി. 

അബദ്ധത്തില്‍ സംഭവിച്ച റൈഡ്

ബംഗളൂരുവില്‍ ഒരു ബൈക്കിങ് കമ്മ്യൂണിറ്റിയുണ്ട്, സ്ത്രീകളുടേത്. ബൈക്കര്‍ണി. ഞാന്‍ അതില്‍ അംഗമായിരുന്നു. പക്ഷേ ആക്ടീവ് മെമ്പറായിരുന്നില്ല. ജോലിയിലെ തിരക്കുകളായിരുന്നു കാരണം. കുറച്ച് റൈഡുകളില്‍ മാത്രം ഞാന്‍ പോയിട്ടുണ്ട്. ആ ടീം സീരിയസ് റൈഡേഴ്‌സിന്റേതാണ്. ടൈംപാസിനല്ല അവര്‍ വരുന്നത്. റെയ്‌സിനും റാലികള്‍ക്കുമൊക്കെ പോകുന്ന ടീമാണ് അത്. ഞാന്‍ അതിലൊരു പാര്‍ട്ടായി, അതൊരു അനുഭവമായിരുന്നു. 

ഒന്ന് രണ്ട് ലോംഗ് റൈഡുകള്‍ പോയിട്ടുണ്ട് ഞാന്‍. അതിലൊന്ന് ഡല്‍ഹിയില്‍ നിന്ന് അമൃത്സറിലേക്കുള്ളതായിരുന്നു. ശരിക്കും അത് ഒരു റൈഡായിരുന്നില്ല. അബദ്ധത്തില്‍ സംഭവിച്ചതാണ്. ഡല്‍ഹിയില്‍ നിന്ന് ജോലി വിട്ട് അമൃത്സറില്‍ ജോയിന്‍ ചെയ്യാനായിരുന്നു ആ യാത്ര. ടിവിഎസ് ജൈവ് എന്ന ബൈക്കില്‍. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നകാലത്താണ് ഞാന്‍ സ്വന്തമായി ബൈക്ക് വാങ്ങിയത്. അവിടെ അധികകാലം നിന്നിട്ടില്ല. അതുകൊണ്ട് ആ നാട് എനിക്കത്ര പരിചയവുമില്ല. അവിടെ രണ്ട് റെയില്‍വേസ്റ്റേഷനുണ്ട്. എനിക്കു പോകേണ്ട സ്‌റ്റേഷന്‍ മാറിയാണ് അന്ന് ഞാനെത്തിയത്. ട്രെയിന്‍ മിസ്സായി, ആകെ ടെന്‍ഷനായി. പിറ്റേന്ന് ജോയിന്‍ ചെയ്യണം. എന്തു ചെയ്യും എന്ന് ആലോചിച്ചപ്പോഴാണ് ബൈക്കില്‍ പോകാം എന്ന ഐഡിയ വന്നത്. അന്ന് ട്രെയിന്‍ കിട്ടിയിരുന്നെങ്കില്‍ ഒരിക്കലും അത്രയും നീണ്ട ഒരു യാത്ര ഉണ്ടാകുമായിരുന്നില്ല. അന്ന് ഇതൊന്നും വീട്ടില്‍ അറിയിച്ചില്ല. ഈ അടുത്താണ് ഞാന്‍ ഈ കഥ അവരോട് പറഞ്ഞത്. 

തണുപ്പുകാലമാണ്. ഡല്‍ഹിയിലും പഞ്ചാബിലും വളരെ വ്യത്യസ്തമായ കാലാവസ്ഥ. അതൊന്നും എനിക്ക് അറിയില്ലായിരുന്നു. സാധാരണ ടീ ഷര്‍ട്ടും ജീന്‍സും ചെരുപ്പും ഇട്ടായിരുന്നു യാത്ര. ഛണ്ഡിഗഡ് എത്തിയപ്പോള്‍ തന്നെ യാത്ര തുടരാന്‍ പറ്റാതായി. പിന്നെ വഴിയില്‍ നിന്ന് ജാക്കറ്റും ഷൂവും ഒക്കെ വാങ്ങി. ഒരു കണക്കിന് എത്തിയെന്ന് പറയാം. അവിടെ താമസസ്ഥലത്ത് എത്തിയപ്പോഴേക്കും കൈകളിലും കാലുകളിലുമെല്ലാം ഫ്രീസ്‌ബേണ്‍സായി തുടങ്ങിയിരുന്നു. അതിനുശേഷം അത്രയും വലിയ റിസ്‌കൊന്നും എടുക്കാന്‍ മുതിര്‍ന്നിട്ടില്ല. 

WOMEN

പിന്നീട് പ്ലാന്‍ ചെയ്ത് ധാരാളം യാത്രകള്‍  പോയിട്ടുണ്ട്. ചെറിയ ഡ്രൈവുകള്‍. അതെല്ലാം രുചികരമായ ഭക്ഷണം തേടിയാണെന്ന് മാത്രം. രാത്രി 12 മണിക്കൊക്കെ പോയി ഭക്ഷണം കഴിച്ചിട്ടുണ്ട്. ഛണ്ഡിഗഡിലെ ഹവേലി എന്ന റസ്റ്റൊറന്റില്‍ എത്ര രാത്രിയായാലും ഭക്ഷണമുണ്ടാകും. രണ്ട് മണിക്കൂര്‍ യാത്രയുണ്ട്. ഡ്യൂട്ടി കഴിഞ്ഞ് സുഹൃത്തുക്കള്‍ക്കൊപ്പം അവിടെ പോകും. ഭയങ്കര സ്‌ട്രെസ്സില്‍ ഇരിക്കുമ്പോള്‍ ഒരു ഡ്രൈവൊ, റൈഡോ പോയാല്‍ ഞാന്‍ ഓക്കെ ആകും. അതും വലിയ ദൂരമൊന്നും വേണ്ട. എല്ലാവരും പറയുന്ന പോലെ ബുള്ളറ്റില്‍ ലഡാക്കില്‍ പോകണം എന്നുള്ള ആഗ്രഹമൊന്നും എനിക്കില്ല. ബൈക്കില്‍ എവിടെ പോയാലും സന്തോഷം. 

ഷെഫാകാന്‍ ആഗ്രഹിക്കുന്നവരോട്

ഈ ഫീല്‍ഡിലെ വെല്ലുവിളി ശരിക്കും നമ്മുടെ തന്നെ ആറ്റിറ്റിയൂഡാണ്. ആദ്യ സമയത്തൊക്കെ എല്ലാ മേഖലയും പോലെ പണി പഠിച്ചെടുക്കാനും പിടിച്ചു നില്‍ക്കാനും നല്ല കഠിനാധ്വാനം വേണം. പെണ്‍കുട്ടികള്‍ക്ക് കഷ്ടപ്പാടാണെന്ന് ഒക്കെയാണ് പൊതുവേ പറയുക. എന്നാല്‍ എന്റെ അനുഭവം അത് ശരിയല്ല എന്നാണ്. ജോലി സമയത്തിന് കണക്കൊന്നും ഉണ്ടാവില്ല. ഒരുപാട് സമയം നില്‌ക്കേണ്ടിവരുമ്പോഴൊക്കെ നമുക്ക് അതിനുള്ള ആരോഗ്യമില്ല എന്നൊക്കെ തോന്നും. പക്ഷേ ഇതൊരു സ്മാര്‍ട് വര്‍ക്കാണ്. അതിനെയൊക്കെ മറികടക്കാന്‍ പറ്റും എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇപ്പോള്‍ ധാരാളം പെണ്‍കുട്ടികള്‍ ഈ മേഖലയിലേക്ക് വരുന്നുണ്ട്. പിന്നെ കുടുംബത്തിന്റെ പിന്തുണ വളരെ വലുതാണ്. 

ഇഷ്ടമുള്ള ഭക്ഷണം

കഴിക്കാനും തയ്യാറാക്കാനും ഏറെ ഇഷ്ടമുള്ള വിഭവം സാലഡുകളും മീറ്റുമാണ്. കാരണം രണ്ടിലും നമ്മള്‍ ചേര്‍ക്കുന്ന രുചിക്കൂട്ടുകളാണ് അവയെ വ്യത്യസ്തമാക്കുന്നത്. സാലഡിലെ ഇലകള്‍ മാത്രം കഴിക്കാന്‍ ആര്‍ക്കും ഇഷടമുണ്ടാവില്ല. എന്നാല്‍ ഡ്രെസ്സിങ്ങിനനുസരിച്ച് ടേസ്റ്റ് മാറും. മീറ്റ് അങ്ങനെ തന്നെ വളരെ രുചിയേറിയ ഭക്ഷണമാണ്. നമ്മുടെ നാട്ടിലെ പോലെ തയ്യാറാക്കുമ്പോഴാണ് അതിന് കൂടുതല്‍ മസാലയുടെ രുചി വരുന്നത്. യൂറോപ്യന്‍ രീതിയിലാണെങ്കില്‍ മീറ്റിന്റെ രുചി അറിഞ്ഞ് കഴിക്കാനാവും. ഉപ്പും കുരുമുളക്‌പൊടിയും വേണമെങ്കില്‍ നാരങ്ങാനീരോ, ബട്ടറോ, അല്ലെങ്കില്‍ തീവ്രതകുറഞ്ഞ ഹെര്‍ബുകളോ ഉപയോഗിച്ചാല്‍ രുചി വ്യത്യസ്തമാകും. ഞാന്‍ ഏറ്റവും കൂടുതല്‍ എന്‍ജോയ് ചെയ്യുന്നത് ഇത് രണ്ടും പാകം ചെയ്യുമ്പോഴാണ്.

women
അശ്വനി ഭര്‍ത്താവ് ജെനീഷിനും മകന്‍ ആര്യനും ഒപ്പം

കുഞ്ഞ് ആര്യന്‍ ജീവിതത്തില്‍ വിരുന്നെത്തിയപ്പോള്‍ അശ്വനി കരിയറില്‍ നിന്ന് ഒരു ഇടവേളയെടുത്തു. ഭര്‍ത്താവ് ജെനീഷ് ബോംബെയിലാണ് ജോലി ചെയ്യുന്നത്. അവിടെ ഒരു പുതിയ സംരംഭത്തിന് തുടക്കമിടാനാണ് അശ്വനിയുടെ പദ്ധതി. 'എല്ലാവര്‍ക്കും ഡയറ്റും ആരോഗ്യവുമാണ്  ഇപ്പോള്‍ പ്രധാനം. ഇതേ ഡയറ്റും രുചിയും ചേര്‍ത്തുകൊണ്ടുള്ള ഒരു സംരംഭമാണ് മനസ്സില്‍. പിന്നെ മോനെയും കൊണ്ട് ബുള്ളറ്റില്‍ യാത്രകള്‍ പോകണം...' അശ്വനി ഇനിയും പോകാനുള്ള ദൂരങ്ങള്‍ കണക്കുകൂട്ടി. 

Content Higlights: Aswini Geetha Gopalakrishnan  Chef life and Rider experience