ഫ്രൈഡേ എന്ന സിനിമയുടെ ചിത്രീകരണം നടക്കുന്നു. അതില്‍ നെടുമുടി വേണുവിന്റെ മകളായി അഭിനയിക്കുന്നത് ഒരു തുടക്കക്കാരിയാണ്. ആശ അരവിന്ദ്. അവളുടെ മട്ടും ഭാവവുമൊക്കെ കണ്ടിട്ട് നെടുമുടി വേണു തമാശയായിട്ട് ചോദിച്ചു.. 'സിനിമ എന്താണെന്ന് അറിയാന്‍ വന്നതായിരിക്കും അല്ലേ?' ഒരു ചമ്മിയ ചിരിയില്‍ ആശ മറുപടി ഒതുക്കി. 

നല്ല അവതാരകയാകണം, കുറേ പരസ്യങ്ങളില്‍ അഭിനയിക്കണം, ഇതായിരുന്നു ചെറുപ്പത്തിലെ സ്വപ്‌നങ്ങള്‍. കോട്ടയം അമലഗിരി കോളേജിലാണ് പഠിച്ചത്. കോളേജില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്നു. അന്നൊക്കെ കൂട്ടുകാര്‍ വഴി സിനിമയിലേക്ക് ഒരുപാട് അവസരങ്ങള്‍ കിട്ടി. എന്റേത് ഒരു യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബമാണ്. അവര്‍ക്ക് ഇതിനോടൊന്നും വലിയ താല്പര്യമില്ലായിരുന്നു. ആഗ്രഹങ്ങളെല്ലാം മാറ്റിവെച്ച ആശ ബാംഗ്ലൂരില്‍ പഠിക്കാന്‍ പോയി. പിന്നെ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ ജോലിയും. അതിനിടയിലാണ് ഡിഗ്രിക്കാലം മുതല്‍ അറിയുന്ന അരവിന്ദുമായുള്ള വിവാഹം. 

കല്യാണശേഷമാണ് ഞാന്‍ ആക്ടീവായത്. ഷോര്‍ട് ഫിലിം, റിയാലിറ്റി ഷോ, പരസ്യം, സിനിമ എല്ലാം ചെയ്യാന്‍ തുടങ്ങി. അമൃത ടിവിയിലെ ബെസ്റ്റ് ആക്ടര്‍ എന്ന റിയാലിറ്റി ഷോയിലേക്ക് സെലക്ഷന്‍ കിട്ടി. അവിടെ വെച്ച് ഒരുപാട് ആളുകളെ പരിചയപ്പെടാന്‍ പറ്റി. സംവിധായകന്‍ ശ്യാമപ്രസാദ് ആയിരുന്നു പ്രോഗ്രാം പ്രൊഡ്യൂസര്‍. ഗ്രൂമര്‍ നാടകനടനായ മുരളി മേനോനും. അഭിനേതാക്കളായ സുരഭി ലക്ഷ്മി, സിദ്ധാര്‍ഥ് ശിവ, ശ്രീകുമാര്‍, മുസ്തഫ, ശര്‍മ ഇവരൊക്കെ ആ ഷോയിലുണ്ടായിരുന്നു. ഗര്‍ഭിണിയായതിനാല്‍ ഷോ ഇടയ്ക്ക് വെച്ച് നിര്‍ത്തേണ്ടി വന്നു. കുഞ്ഞിന് മൂന്നുമാസമായപ്പോള്‍ വീണ്ടും അവസരങ്ങള്‍ തേടിയെത്തി. 

ഒരു ഷോര്‍ട്ട് ഫിലിമിലായിരുന്നു തുടക്കം. പിന്നെ പരസ്യ ചിത്രങ്ങളായി. അരവിന്ദേട്ടനാണ് പരസ്യങ്ങളില്‍ അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്. ടൈറ്റാന്‍ സൊനാറ്റ വാച്ചിന്റെ പരസ്യമാണ് ആദ്യം ചെയ്തത്. പിന്നീട് ഐഡിയ, ഉജാല, ഏഷ്യന്‍ പെയിന്റ്‌സ്, ഗിരി പൈ, കല്യാണ്‍ ജ്വല്ലേഴ്‌സ്, ഈസ്റ്റേണ്‍, നെസ്ലെ, സന്തൂര്‍..

ശ്യാമപ്രസാദ് സാറിന്റെ അരികെ എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്. മംമ്തയുടെ കൂട്ടുകാരിയുടെ റോള്‍. ഒന്നോ രണ്ടോ സിനിമകല്‍ ചെറിയ റോളുകള്‍ ചെയ്തിട്ട് നിര്‍ത്താം., ഇതായിരുന്നു മനസ്സില്‍. രണ്ട് സിനിമ കഴിഞ്ഞപ്പോള്‍ പുറകെ അവസരങ്ങളും വന്നു. അന്നയും റസൂലും, മിസ് ലേഖാ തരൂര്‍ കാണുന്നത്, ലോക്പാല്‍, ബഷീറിന്റെ പ്രേമലേഖനം, പുള്ളിക്കാരന്‍ സ്റ്റാറാ, കുമ്പസാരം, സ്വര്‍ഗത്തേക്കാള്‍ സുന്ദരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, മേരാ നാം ഷാജി .

കിട്ടുന്നത് അധികവും സഹോദരി, ഭാര്യ റോളുകള്‍ തന്നെ. പക്ഷേ ഞാന്‍ ഹാപ്പിയാണ്. ഒന്നുമില്ലെങ്കിലും പത്തുകൊല്ലമായി പിടിച്ചുനില്‍ക്കുന്നില്ലേ. പതിനേഴ് സിനിമകള്‍ ചെയ്തു. അതില്‍ എനിക്കേറ്റവും ഇഷ്ടം ബഷീറിന്റെ പ്രേമലേഖനത്തിലെ സാറാമ്മ എന്ന കഥാപാത്രമാണ്. 

കൊച്ചി വെണ്ണലയിലെ വീട്ടിലാണിപ്പോള്‍ ആശ. മകള്‍ അക്ഷയ അഞ്ചാം ക്ലാസില്‍. അരവിന്ദ് മസ്‌കറ്റില്‍ ജോലി ചെയ്യുന്നു. പരസ്യങ്ങളും സിനിമയും ഒന്നിച്ച് കൊണ്ടുപോവണം. ഇതാണ് ആശയുടെ പ്ലാന്‍. അവസാനം ചെയ്തത് എല്‍ഡിഎഫിന്റെ പ്രചരണ പരസ്യമാണ്. ഇതുവരെ 350 പരസ്യങ്ങളായി. ഒപ്പം സിനിമകളുമുണ്ട്. ഗ്രാന്‍ഡ് ഫാദറില്‍ മൂന്ന് നായികമാരില്‍ ഒരാളായിട്ടാണ്..


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത് ,പുതിയലക്കം വാങ്ങാം

Content Highlights: Actress Asha Aravind