തിരുവനന്തപുരം: ഒരു 'ഫ്രീ പീരീഡ്' കിട്ടിയാല്‍ കാമ്പസില്‍ കൂട്ടംചേര്‍ന്ന് സല്ലപിച്ചിരുന്ന ആ സംഘം ഏറെ നാളുകള്‍ക്കുശേഷം ഇന്നലെ ഒത്തുകൂടി. സംസാരിച്ചത് പക്ഷേ, കുഞ്ഞുകാര്യങ്ങളല്ല; നഗരത്തിലെ മാലിന്യപ്രശ്‌നങ്ങള്‍ മുതല്‍ സ്ത്രീസുരക്ഷവരെ ഗൗരവമുള്ള വിഷയങ്ങള്‍. കാരണം ആര്യ എന്ന കൂട്ടുകാരി ഇപ്പോള്‍ ഇവര്‍ക്കും മേയറാണ്ഇവരുടെ 'ചങ്ക് മേയര്‍'. ഓള്‍ സെയ്ന്റ്‌സ് കോളേജിലെ സഹപാഠികളാണ് നിയുക്ത മേയര്‍ ആര്യാ രാജേന്ദ്രന് ആശംസകളുമായി എത്തിയത്.

കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കുശേഷം ആദ്യമായി സുഹൃത്തുക്കള്‍ ഒത്തുകൂടിയപ്പോള്‍ ആര്യാ രാജേന്ദ്രന്‍ അവര്‍ക്ക് സഹപാഠി മാത്രമായിരുന്നില്ല, തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ഏറ്റെടുക്കേണ്ട വ്യക്തികൂടിയായിരുന്നു. കനകക്കുന്ന് വളപ്പില്‍ മാതൃഭൂമി ന്യൂസ് സംഘടിപ്പിച്ച ടെലിവിഷന്‍ പരിപാടിക്കിടെയാണ് ആര്യാ രാജേന്ദ്രന് ആശംസയുമായി സഹപാഠികളായ ഹിസാന കെ.എസ്., ആര്യാ ഗോപന്‍, ജോമോള്‍, അനീഷ, സൂര്യ, ആമിനാ അന്‍വര്‍ എന്നിവര്‍ എത്തിയത്.

arya rajendran
ആര്യാ രാജേന്ദ്രന്‍

ഓള്‍ സെയ്ന്റ്‌സ് കോളേജ് കാമ്പസിലെ ഓര്‍മകളും അനുഭവങ്ങളുമാണ് ഇവരുടെ സൗഹൃദത്തെ ചേര്‍ത്തുനിര്‍ത്തുന്നത്. തദ്ദേശതിരഞ്ഞെടുപ്പ് വിജയത്തിനുശേഷം സഹപാഠികളെ കണ്ടുമുട്ടിയ ആര്യ അവരുമായി സെല്‍ഫി എടുത്തും വിശേഷങ്ങള്‍ പറഞ്ഞും സൗഹൃദം പങ്കിട്ടു. 'ഇനി മേയര്‍ക്കൊപ്പമിരുന്ന് പരീക്ഷയെഴുതാം'ഒരാള്‍ പറഞ്ഞ് ചിരിച്ചു. മേയറായെങ്കിലും ഞങ്ങള്‍ക്ക് ഇപ്പോഴും ആര്യ ഉറ്റസുഹൃത്തും സഹപാഠിയുമാണെന്ന് ഹിസാന കെ.എസ്. പറഞ്ഞു. തനിക്കും അങ്ങനെതന്നെയെന്ന് ആര്യയും.

കോളേജിലെ കഥകളിലൊക്കെ നേതാവായ ആര്യ തന്നെ നിറഞ്ഞുനിന്നു. കലോത്സവ കാലങ്ങളില്‍ എല്ലാവരെയും സംഘടിപ്പിച്ചിരുന്നത് ആര്യയായിരുന്നു.

പഴയൊരു സ്‌കൂള്‍ കലോത്സവത്തിനിടെ കുട്ടികളുടെ പ്രതിഷേധത്തിന് ആര്യ നേതൃത്വം കൊടുത്ത സംഭവം അവര്‍ ഓര്‍മിപ്പിച്ചു. ബാലസംഘവും എസ്.എഫ്.ഐ.യും നല്‍കിയ ഊര്‍ജമാണ് ആര്യയുടെ പക്വതയ്്ക്ക് പിന്നിലെന്ന് കൂട്ടുകാരികള്‍ ഏകസ്വരത്തില്‍ പറയുന്നു. നഗരത്തിലെ സ്ത്രീസുരക്ഷ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധയുണ്ടാവുകയെന്ന് ആര്യ പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ തങ്ങളുടെ അഭിപ്രായം കൂട്ടുകാരികളും അറിയിച്ചു. ഒപ്പമിരുന്ന് പഠിച്ച കൂട്ടുകാരി മേയറാകുന്നതിന്റെ അമ്പരപ്പിലായിരുന്നു കൂട്ടുകാരികള്‍ ആദ്യം. പക്ഷേ, കണ്ടുമുട്ടിക്കഴിഞ്ഞപ്പോള്‍ അവര്‍ പഴയ കൂട്ടുകാരികളായി.

Content Highlights: Arya Rajendran, the new Mayor of Thiruvananthapuram Sharing happiness with friends