കൊച്ചി: ലക്ഷദ്വീപ് എന്ന സുന്ദരതീരം പോരാട്ടങ്ങളുടെയും അതിജീവനശ്രമങ്ങളുടെയും ഭൂമികയായി നമുക്കു മുന്നില്‍ തെളിയുമ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു പെണ്‍സ്വരമുണ്ട്. സിനിമയും മോഡലിങ്ങും ഉള്‍പ്പെടെയുള്ള സുന്ദരകലകളുടെ രാജകുമാരിയായും, നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയായും പ്രത്യക്ഷപ്പെടുന്ന ഒരാള്‍...ഐഷ സുല്‍ത്താന.

ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എന്ന വാചകം മേല്‍വിലാസമായി ചാര്‍ത്തിക്കൊടുക്കാന്‍ നൂറു ശതമാനം യോഗ്യയായ ഒരു പെണ്‍കുട്ടി. സിനിമയുടെ പുതിയ സ്വപ്നങ്ങളുമായി കൊച്ചിയില്‍ കഴിയുമ്പോഴും ലക്ഷദ്വീപിലെ പ്രശ്നങ്ങള്‍ മായാത്ത മുറിവായി ഐഷയുടെ മനസ്സില്‍ പൊള്ളിപ്പടരുന്നുണ്ട്.

ഭൂമിയിലെ സ്വര്‍ഗത്തില്‍

ഞങ്ങളുടെ നാട് ഭൂമിയിലെ സ്വര്‍ഗം തന്നെയാണെന്ന് ഐഷ പറയുന്നു. ''സമാധാനവും നന്മയും മാത്രം ആഗ്രഹിക്കുന്നവരാണ് അവിടത്തെ ജനത. ഞങ്ങള്‍ക്കു നേരെ കളക്ടറും അഡ്മിനിസ്ട്രേറ്ററുമൊക്കെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ പച്ചക്കള്ളമാണ്. ക്രിമിനലുകളും മയക്കമരുന്നു ഉപയോഗിക്കുന്നവരുമൊക്കെ അവിടെയുണ്ടെന്നു പറയുമ്പോള്‍ അതു ഞങ്ങളോടു കാണിക്കുന്ന അനീതിക്കുള്ള മറയാണ്. മോഷണമോ പിടിച്ചുപറിയോ ഒന്നും നടക്കാത്ത, അന്യന്റെ ഒരു വസ്തു പോലും ആഗ്രഹിക്കാത്തവരുടെ നാടാണത്. അവിടെ കടലില്‍ ഞാന്‍ കുളിക്കാനിറങ്ങുമ്പോള്‍ എന്റെ ബാഗും പേഴ്സുമെല്ലാം കരയില്‍ വെച്ചിട്ടാണ് പോകുന്നത്. എത്ര സമയം കഴിഞ്ഞു തിരിച്ചെത്തിയാലും അതൊക്കെ അവിടെ സുരക്ഷിതമായിട്ടുണ്ടാകും. എന്റെ സുഹൃത്തിന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ട് ഒരു ദിവസം കഴിഞ്ഞു ചെന്നപ്പോഴും അതവിടെ തന്നെ കിടക്കുന്നുണ്ടായിരുന്നു.'' ഐഷ തന്റെ നാടിന്റെ നന്മക്കഥ പറഞ്ഞു.

പൂജാരിയും മലയാളം ടീച്ചറും

ലക്ഷദ്വീപിലെ ചെത്ലാത്ത് എന്ന ദ്വീപില്‍ ജനിച്ച ഐഷ മലയാളത്തോട് ഇഷ്ടം കൂടിയത് രണ്ടു പേരിലൂടെയാണ്. ''ഞങ്ങള്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സിനടുത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നു. ക്ഷേത്രത്തിലെ പാട്ടുകള്‍ കേട്ട് ഇഷ്ടം തോന്നിയ ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ അവിടെ പോകാന്‍ തുടങ്ങി. അവിടത്തെ മലയാളിയായ പൂജാരിക്കു എന്നെ ഒരുപാടിഷ്ടമായിരുന്നു. അദ്ദേഹത്തിലൂടെയാണ് മലയാളത്തോട് കൂട്ടുകൂടി തുടങ്ങിയത്. മൂന്നാം ക്ലാസ് മുതല്‍ എന്നെ മലയാളം പഠിപ്പിച്ച അമ്മുക്കുട്ടി എന്ന ടീച്ചറാണ് മറ്റൊരാള്‍.

ടീച്ചറും പൂജാരിയും പറഞ്ഞ കഥകളിലൂടെ കുട്ടിക്കാലം മുതലേ കടലിനക്കരെയുള്ള കേരളം എന്റെ മനസില്‍ വലിയൊരു മോഹമായി പൂത്തുതുടങ്ങിയിരുന്നു.'' -ഐഷ പറഞ്ഞു.

മോഡലിങ്ങും സിനിമയും

പ്ലസ് ടു പഠിക്കാന്‍ കടല്‍ കടന്നു കേരളത്തിലെത്തിയതോടെ ഐഷയുടെ മനസിലേക്കു മറ്റു പല ഇഷ്ടങ്ങളും കൂടുകൂട്ടിയെത്തി. ''കേരളത്തില്‍ വന്നു പഠിക്കണമെന്നു പറഞ്ഞപ്പോള്‍ ബാപ്പ നിറഞ്ഞ മനസ്സോടെയാണ് അതു സമ്മതിച്ചത്. പിന്നീട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ പഠിക്കുമ്പോള്‍ നൃത്തത്തിനു സമ്മാനം കിട്ടിയതോടെ ചാനല്‍ അവതാരകയാകാന്‍ അവസരം കിട്ടി.

അവിടെവെച്ചാണ് ഞാന്‍ സിനിമയുടെ അണിയറ ലോകത്തേക്കുള്ള സഞ്ചാരം തുടങ്ങുന്നത്. അതിനുശേഷം സ്റ്റേജ് ഷോകളും ഇവന്റ് മാനേജ്മെന്റുമായി കുറേക്കാലം. അതിനിടെ ഒരു ദിവസം ഷോയില്‍ പങ്കെടുക്കേണ്ട മോഡല്‍ വരാത്തതിനാല്‍ അവിചാരിതമായി മോഡലിങ്ങും ചെയ്യേണ്ടി വന്നു.

അതിനു ശേഷം മോഡലിങ് രംഗത്ത് ഒട്ടേറെ അവസരം കിട്ടി. ബാപ്പയും അനുജനും അടുത്തടുത്തായി മരിച്ചതോടെ തകര്‍ന്നു പോയ ഞാന്‍ ഉമ്മയേയും അനുജനേയും കൂട്ടി കൊച്ചിയിലേക്കെത്തി.

ഇവിടെ അഡ്വര്‍ടൈസിങ് കമ്പനി നടത്തുന്നതിനിടെ വീണ്ടും മനസ്സ് സിനിമയിലേക്കു സഞ്ചാരം തുടങ്ങി. 'വെളിപാടിന്റെ പുസ്തകം' എന്ന സിനിമയില്‍ ലാല്‍ ജോസിന്റെ അസി. ഡയറക്ടറായി. മറ്റു ചില ചിത്രങ്ങള്‍ക്കു ശേഷം 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറുമായി.'' ഐഷ സിനിമയിലെത്തിയ കഥ പറഞ്ഞു.

പെണ്ണുടലില്‍ ഒരു കടല്‍ ശരീരം

''കാഴ്ചയില്‍ കടല്‍ പോലെ ആകെ ഇളകി മറിയുമെങ്കിലും മനസ്സിന്റെ ആഴങ്ങളില്‍ ആഴി പോലെ ശാന്തത സൂക്ഷിക്കുന്നവരാണ് എനിക്കറിയാവുന്ന സ്ത്രീകളധികവും. പെണ്ണുടലില്‍ ഒരു കടല്‍ ശരീരം കണ്ടെത്തിയ ആര്‍ട്ടിസ്റ്റിന് അഭിനന്ദനങ്ങള്‍...'' ഐഷ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫ്ളഷ്' എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് സംവിധായകന്‍ ലാല്‍ ജോസ് കുറിച്ച വരികള്‍.

ലക്ഷദ്വീപിനായാലും സിനിമയ്ക്കായാലും നിലപാടുകള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടരാനാണ് ഐഷ ആഗ്രഹിക്കുന്നതെന്ന അടിവരയിടുന്നതാണ് ഈ വരികള്‍. ''ഞാന്‍ ആദ്യമായി രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ഫ്ളഷ്' എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. എന്റെ സിനിമ എന്റെ നിലപാടാണ് എന്നു എവിടേയും പറയും. ലക്ഷദ്വീപ് എന്ന എന്റെ നാടിനു വേണ്ടിയുള്ള പോരാട്ടങ്ങളും ഞാന്‍ തുടരും. നാടിനേക്കാള്‍ വലുതായി എനിക്കു മറ്റൊന്നുമില്ല. ഞാന്‍ ഒഴുകി വന്നവളാണ് എന്നു വിശ്വസിക്കാനാണ് ഇഷ്ടം. ആ ഒഴുക്ക് ഇനിയും തുടരുക തന്നെ ചെയ്യും'' -ഐഷ പറയുന്നു.

Content Highlights: Article about Aisha Sulthana