ലോകത്ത് രണ്ടുതരം മനുഷ്യരേയുള്ളൂ. സമ്പന്നന്‍-ദരിദ്രന്‍, കറുത്തവന്‍-വെളുത്തവന്‍, പണ്ഡിതന്‍-പാമരന്‍ അങ്ങനെ ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് ആ തരംതിരിവില്‍ വ്യത്യാസം കാണുമെന്ന് മാത്രം. 

കറുത്തവനും വെളുത്തവനും തമ്മിലുള്ള അകലത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ വര്‍ണ്ണവെറി ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടി നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ലോകമെമ്പാടും നടന്നിട്ടുമുണ്ട്. പക്ഷേ കറുപ്പിനോടുളള വിരോധം ഇന്നും പൂര്‍ണ്ണമായി മാറ്റിയെടുക്കാനോ ഇല്ലായ്മ ചെയ്യുന്നതിനോ നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് ടെക്‌നോ ലോഡ്ജ് എന്ന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നും സൗമ്യ ദേവി എന്ന ദളിത് സംരഭകയെ പുറത്താക്കിയത്. 

കറുപ്പിന് ഏഴഴകെന്ന് പറയുമെങ്കിലും വൈരൂപ്യത്തിന്റെ പര്യായമാണ് പലര്‍ക്കും കറുപ്പ്. അല്ലെങ്കില്‍ വെളുക്കുന്നതിന് വേണ്ടിയുള്ള ക്രീമുകള്‍ പോലെ കറുക്കുന്നതിന് വേണ്ടിയുള്ള ക്രീമുകളും വിപണിയില്‍ സുലഭമാകുമായിരുന്നല്ലോ? 

ഇന്റര്‍വ്യൂവില്‍ പാസാകണമെങ്കിലും വിവാഹകമ്പോളത്തില്‍ ഏറ്റവും മികച്ച വില്പനച്ചരക്കാകണമെങ്കിലും ജീവിതത്തില്‍ വിജയം ആഗ്രഹിക്കുന്ന പലവിധ മേഖലകളില്‍ ശോഭിക്കണമെങ്കിലും തൊലിവെളുപ്പ് കൂടിയേ തീരൂ എന്ന് വിശ്വസിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ കൗമാരപ്രായമാകുന്നതോടെ പെണ്‍കുട്ടികളെല്ലാം ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയുള്ള ഫേഷ്യല്‍, ബ്ലീച്ചിംഗ്, പീലിങ്ങ് തുടങ്ങിയ സൗന്ദര്യസംരക്ഷണ പരിപാടികള്‍ ആരംഭിക്കും. ചിലര്‍ ബ്യൂട്ടിപാര്‍ലറുകളെ കൂട്ടുപിടിക്കുമ്പോള്‍ മറ്റു ചിലര്‍ മഞ്ഞളും രക്തചന്ദനവുമൊക്കെയായി പ്രകൃതിയുടെ വഴിയെ തൊലിവെളുപ്പിക്കാനുള്ള അശ്രാന്തപരിശ്രമങ്ങള്‍ തുടങ്ങും. 

ഇന്ത്യന്‍ കോസ്‌മെറ്റിക് വിപണിയില്‍ ഫെയര്‍ ആന്‍ഡ് ലവ്‌ലി ചുവടുറപ്പിക്കുന്നതോടെയാണ് തൊലിവെളുപ്പ് ജീവിതവിജയത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന വിശ്വാസം അടിയുറച്ച് തുടങ്ങിയത്. സമൂഹത്തില്‍ ജീവിച്ച് പോകുന്നതിന് അവശ്യമായ കാര്യങ്ങളില്‍ ഒന്നായി തൊലിവെളുപ്പ് പതിയെ മാറിത്തുടങ്ങി. ഒപ്പം ഫെയര്‍ ആന്‍ഡ് ലവ്‌ലിക്ക് പിറകേ മറ്റു ഫെയര്‍നെസ്സ് ക്രീമുകളും കോസ്‌മെറ്റിക് വിപണിയെ കീഴടക്കി. പ്രതിവര്‍ഷം പതിനെട്ട് ശതമാനത്തോളം വര്‍ധനവുള്ള 'ഫെയര്‍ ബിസിനസ്സാ'ണ് ഇന്ന് ഫെയര്‍നെസ്സ് ക്രീം വിപണി. തൊലിവെളുപ്പിക്കുന്നതിനുള്ള 233 ടണ്‍ ലേപനങ്ങളാണ് ഓരോ വര്‍ഷവും ഇന്ത്യയുടെ സൗന്ദര്യവിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്. 

'നിങ്ങളൊരു ബ്യൂട്ടി പ്രൊഡക്ട് വില്‍ക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ വില്‍ക്കുന്നത് പ്രതീക്ഷയെയാണ്.' പ്രശസ്ത പരസ്യക്കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സെനോബിയ പറയുന്നു. തൊലിവെളുപ്പാണ് ജീവിതവിജയം എന്ന രീതിയില്‍ ഒരു വിശ്വാസം സൃഷ്ടിച്ചെടുത്തത് വെളുക്കുന്നതിന് വേണ്ടിയെന്ന പേരില്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്ന വിവിധതരം ക്രീമുകളുടെ പരസ്യങ്ങളാണ്. ഏതാനും ദിവസങ്ങള്‍ കൊണ്ട് തൊലിവെളുപ്പ് നേടി ബോയ്ഫ്രണ്ടിന് മുമ്പിലും കൂട്ടുകാരുടെ ഇടയിലും ഇന്റര്‍വ്യൂ ബോര്‍ഡിനുമുമ്പിലും ലോകത്തിനുമുമ്പിലും തലയുയര്‍ത്തിപ്പിടിക്കൂ എന്ന രീതിയിലാണ് അവയില്‍ ഓരോ പരസ്യങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സിനിമ-സ്‌പോര്‍ട്‌സ് താരങ്ങള്‍ വന്ന് പറയുന്നതിനാല്‍ അതിന് വിശ്വാസ്യതയുമേറുന്നു. ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങി സെക്കന്റുകള്‍ ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ നിലപാടുകളേക്കാള്‍ പണത്തിന് മുന്‍തൂക്കം നല്‍കുമ്പോള്‍ (കങ്കണയേയും ലക്ഷ്മി ഗോപാലസ്വാമിയേയും മറക്കുന്നില്ല) സമൂഹത്തിലെത്തുന്നത് തെറ്റായ ഒരു സന്ദേശമാണ്. നിറമില്ലാത്തവര്‍ക്ക് ഈ ലോകത്ത് ഒരു സ്ഥാനവുമില്ലെന്ന ആവര്‍ത്തിച്ചുറപ്പിക്കുന്നതാണ് അവയില്‍ ഒരോന്നും. അതെല്ലാം ശരിയാണെന്ന് സിനിമയും ഏവിയേഷനും ഉള്‍പ്പടെയുള്ള വൈറ്റ്‌കോളര്‍ ജോലികള്‍ സ്ഥിരീകരിക്കുന്നുമുണ്ട്. 

വെളുത്ത സുന്ദരികളും സുന്ദരന്മാരും മാത്രം വാഴുന്ന സിനിമ ലോകം തന്നെ അതിനുള്ള ഒരു ഉദാഹരണമാണ്. ഇതിനൊരപവാദമായി ചില കറുത്ത സുന്ദരികളും സുന്ദരന്മാരും ഉണ്ടെങ്കിലും അവരേയും മേക്കപ്പെന്ന പേരില്‍ വെള്ളപൂശുന്നു. ചുരുക്കത്തില്‍ വെളുപ്പിനെ പ്രകീര്‍ത്തിച്ച് പുണ്യവല്‍ക്കരിക്കുന്നു. ഇതിനെല്ലാമെതിരായി ശബ്ദമുയര്‍ത്താനും സ്വന്തം കറുപ്പില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്ന് പറയാനും ആര്‍ജവം കാണിച്ച ഏകനടി നന്ദിത ദാസാണ്. 'ഡാര്‍ക്ക് ഈസ് ബ്യൂട്ടിഫുള്‍' എന്ന പേരില്‍ അവര്‍ കറുപ്പിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ഒരു പ്രചരണ പരിപാടി നടത്താനും അവര്‍ മുന്നിട്ടിറങ്ങി. 

എയര്‍ഹോസ്റ്റസ്, കാബിന്‍ ക്രൂ എന്നീ ലക്ഷ്യവുമായി സര്‍ക്കാരിന്റെ ധനസഹായത്തോടെ ഏവിയേഷന്‍ കോഴ്‌സ് ചെയ്ത മഹാരാഷ്ട്രയിലെ നൂറു ട്രൈബല്‍ പെണ്‍കുട്ടികളില്‍ എട്ടുപേര്‍ക്ക് മാത്രം ജോലി ലഭിച്ചത് ഒരിക്കല്‍ വലിയ വാര്‍ത്തയായിരുന്നു. തൊലിക്കറുപ്പിന്റെ പേരിലുള്ള വിവേചനത്തിന്റെ പേരിലായിരുന്നു അവരില്‍ 92-പേര്‍ക്കും ജോലി നിഷേധിക്കപ്പെട്ടത്. 

ആദ്യകാലങ്ങളില്‍ പെണ്‍സൗന്ദര്യത്തെ ലക്ഷ്യമിട്ടിറങ്ങിയ ക്രീമുകളാണ് 'സൗന്ദര്യം സ്ത്രീക്കുമാത്രമല്ല പുരുഷനുമുണ്ട്' എന്ന് വിശ്വസിച്ച ആണ്‍കുട്ടികളും ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് പുരുഷന്മാര്‍ക്കുവേണ്ടി തന്നെ പ്രത്യേകം ഫെയര്‍നെസ്സ് ക്രീമുകള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ ആണ്‍ പെണ്‍വ്യത്യാസമില്ലാതെ കൗമാരക്കാര്‍ മുതല്‍ മദ്ധ്യവയസ്‌ക്കര്‍ വരെ ഒന്ന് വെളുത്തുകിട്ടാന്‍ വേണ്ടി സ്വന്തം പോക്കറ്റ് വെളുപ്പിച്ച് കൊണ്ടിരിക്കുകയാണ്. 2010-ലെ കണക്കുകള്‍ പ്രകാരം 2,600 കോടിയുടെ കച്ചവടമാണ് ഇന്ത്യയില്‍ നടന്നത്. ഓരോ വര്‍ഷവും പതിനെട്ട് ശതമാനം വര്‍ധനവ് ഉണ്ടാകുന്നുണ്ട് എന്ന് പറയുമ്പോള്‍ ഇപ്പോള്‍ ഇതെത്രയായിട്ടുണ്ടാകുമെന്ന് ഊഹിച്ചുനോക്കൂ. 

ഒരു വ്യക്തിയെ വിലയിരുത്തുന്നതിനുളള മാനദണ്ഡമായി അയാളുടെ കഴിവുകള്‍ക്കുപരി തൊലിപ്പുറത്തെ നിറം തിരഞ്ഞെടുക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. തൊലിയുടെ നിറം കറുത്തതിന്റെ പേരില്‍ തലകുനിക്കേണ്ടവരല്ല ആരും.