ഒരു ചൂളം വിളി, ഒരു മീന്‍ വിളി...ചാടിപ്പിടിച്ചെഴുന്നേറ്റു. ഓ, കൊല്ലം റെയില്‍വേസ്‌റ്റേഷനടുത്തു. പുറത്ത് നേരം വെളുത്ത് വരുന്നേയുള്ളൂ. കൊള്ളാമല്ലോ ഈ കൊല്ലം!...കായലും കടലും ഇടയ്ക്കിടെ വന്നുപോയി...കംപാര്‍ട്ട്‌മെന്റില്‍ നേരെ മുന്നിലെ സീറ്റില്‍ ജര്‍മ്മനിക്കാരായ രണ്ട് കൂട്ടുകാരികളാണ്. രണ്ടാളും പുറത്തെ കാഴ്ചകളില്‍ രസിച്ചിരിക്കുകയാണ്. ജലപ്പരപ്പുകളുടെ മനോഹാരിത വിസ്മയിപ്പിച്ചുകൊണ്ടിരുന്നു.''ഞങ്ങള്‍ വര്‍ക്കലയ്ക്കാണ്. അവിടേക്ക് ഇത് ഞങ്ങളുടെ രണ്ടാമത്തെ യാത്രയാണ്. ഭംഗിയുള്ള കടല്‍ത്തീരം. എത്രയോ വട്ടം അസ്തമയം കണ്ടിരുന്നിട്ടുണ്ട്. പാപനാശത്ത് മുങ്ങിക്കുളിച്ചാല്‍ പാപങ്ങളൊക്കെ വിട്ടുപോകുമെന്ന് ഇപ്പോള്‍ ഞങ്ങളും വിശ്വസിക്കുന്നു''. ഒറ്റശ്വാസത്തില്‍ അവര്‍ വര്‍ക്കലയുടെ മായക്കാഴ്ച്ചകളിലേക്കെത്തിയപോലെ. വര്‍ക്കലയ്ക്ക് രണ്ടു സ്‌റ്റേഷന്‍ മുന്‍പാണ് കൊല്ലം സ്‌റ്റേഷന്‍. കൊല്ലത്തിറങ്ങുമ്പോള്‍ അവര്‍ ആതിഥേയരായിമാറി... ''അസ്തമയം കാണാന്‍ വര്‍ക്കലയില്‍ വരണം. ഞങ്ങള്‍ അവിടെയുണ്ടാകും,'' ഇരുവരും പുഞ്ചിരിയോടെ കൈവീശി.

കൊല്ലം സ്‌റ്റേഷന് ഹര്‍ത്താലിന്റെ മണം... കടയൊന്നും തുറന്നിട്ടില്ല. സംഗതി സത്യമായിരുന്നു. കൊല്ലത്തിന്റെ സിരാകേന്ദ്രമായ ചിന്നക്കടയില്‍ അടിപ്പാലം നിര്‍മ്മിക്കുന്നതിനെച്ചൊല്ലി വ്യാപാരി വ്യവസായികളുടെ പ്രതിഷേധം. കടയടച്ച് ഹര്‍ത്താല്‍...''അത് എന്തുവാണേലും അടിപ്പാലത്തിന്റെ പേരില് ക്ലോക്ക്ടവറും മുസല്യാര്‍ ബില്‍ഡിങ്ങും പോയാല്‍ പിന്നെ എന്തുവാ കൊല്ലത്തിന്റെ ചന്തം''ചിന്നക്കടയിലെ ഒരു ഓട്ടോറിക്ഷക്കാരന്റെ കമന്‍റ്. കുറേ കടമുറികളാക്കെയായി ഒരു വമ്പന്‍ കെട്ടിടസമുച്ചയം ദൂരെ കണ്ടു. തകഴി ശിവശങ്കരപ്പിള്ളയുടേയും പി.കേശവദേവിന്റേയും താവളമായിരുന്നു മുസല്യാര്‍ ബില്‍ഡിങ്. കേശവദേവ് 'ഓടയില്‍ നിന്ന്' എഴുതിയത് ഈ കെട്ടിടത്തില്‍ ഇരുന്നത്രെ. 

ചിന്നക്കടയിലെ രുചിമേളം


രാവിലെ നല്ല വിശപ്പ്. തനി കൊല്ലം വിഭവങ്ങള്‍ കഴിക്കണമെന്ന് പറഞ്ഞപ്പോള്‍ നേരേ ചിന്നക്കടയിലെ സലിം ഹോട്ടലിലേയ്ക്ക്. ''എന്തുവാ രാവിലെ കൊല്ലംകാരുടെ ദേശീയ ഭക്ഷണം തന്നെ ആയിക്കോട്ടേയല്ലേ''പതുപതുത്ത പൊറോട്ടയ്‌ക്കൊപ്പം മട്ടണ്‍ ചാപ്‌സ്. രാവിലെ തന്നെ നോണ്‍വെജ്! ആദ്യമൊന്ന് പതറി. അപ്പോഴേക്കും മറ്റെങ്ങും കിട്ടാത്തൊരു മട്ടണ്‍ കറി മുന്നിലെത്തി. നല്ല കാശ്മീരി മുളകിലും പച്ച മസാലയിലും വെന്തുലഞ്ഞ മട്ടണ്‍ കഷ്ണങ്ങള്‍ നാവില്‍ അലിഞ്ഞിറങ്ങി. ആശ്വാസം. അസാധ്യ എരിവില്ല. ഒപ്പം കടുപ്പത്തിലൊരു കാപ്പിയും. അതിഥിസല്‍ക്കാരത്തിന് കോഴിക്കോടിനോളം പെരുമയുണ്ട് കൊല്ലത്തിനും. പ്ലേറ്റ് ഒഴിഞ്ഞതും ഇനി അടുത്തത് എന്തെന്ന മട്ടില്‍ ആളെത്തിക്കഴിഞ്ഞു.

ചിന്നക്കടയിലെ റോഡുകളില്‍ തിരക്കേറി. ''നേരത്തും കാലത്തും ചെന്നാലേ നല്ല പെടപെടയ്ക്കുന്ന മീനിന്റെ വേലിയേറ്റം കാണാനാകൂ,''ആളുകള്‍ സംസാരിച്ചുകൊണ്ട് വേഗത്തില്‍ നടക്കുന്നു. എല്ലാവരും നീണ്ടകരയ്ക്കാണ്. തീരത്ത് വലിയ ആരവം...മീന്‍ വള്ളങ്ങള്‍ എത്തിയതിന്റെ ആവേശം. വള്ളത്തില്‍ നിന്ന് കുട്ടകളിലേയ്ക്ക് മീന്‍ അളന്ന് വീണു....''16....18...22...24...'' രണ്ട് കൊട്ട കൊക്കോല മത്തിയുടെ വില നിശ്ചയിക്കപ്പെട്ടു. 2400 രൂപ. കുട്ടകള്‍ നീക്കിക്കഴിയുമ്പോള്‍ അടുത്ത വള്ളത്തിലെ മീനെത്തി. ലേലം വിളി ചെന്നെത്തിയത് 2600 രൂപയില്‍.''മീനിന്റെ ചാഞ്ഞും ചെരിഞ്ഞുമുള്ള ഈ വിലക്കയറ്റം തടയാന്‍ സാക്ഷാല്‍ ഇന്ത്യന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. പിന്നെയാ ഞങ്ങള്‍ക്ക്,''നിമിഷം പ്രതി മീനിന്റെ വിലയില്‍ മറിയമായം നടക്കുന്നത് അതിശയമല്ലെന്ന് തൊഴിലാളികള്‍ തന്നെ പറഞ്ഞു.

ചാകര പോലിരിയ്ക്കും മീനിന്റെ വില. കരയില്‍ മീനെത്തും മുമ്പേ മൊബൈലില്‍ ചാകര വന്ന വിവരം അറിയും.അതുകൊണ്ട് ആദ്യം തന്നെ വിലയില്‍ ധാരണയുണ്ടാകും. ഞണ്ട്, കൊഞ്ച്, സ്രാവ്, നെയ്മീന്‍....മീനുകള്‍ പലമാതിരി. ''അന്നന്നിടം കഴിയുന്നത് ഈ മീന്‍ വരുന്നോണ്ടാ. മീന്‍ വാരാനൊക്കെ സഹായിച്ചാല്‍ അവര് കുറച്ച് തരും. പിന്നെ നുള്ളീം പെറുക്കീം കുറച്ച് കിട്ടും. പത്ത് മുന്നൂറ് രൂപ ഒപ്പിക്കും. മീനുണ്ടെങ്കില്‍ ഉണ്ട്. ഇല്ലേല്‍ ഒന്നുമില്ല. ഭര്‍ത്താവ് ഉപേക്ഷിച്ച മകള്‍ക്കും കുഞ്ഞിനും ഞാനേയുള്ളൂ'' മീന്‍ പെറുക്കുന്ന മറിയാമ്മ ചേട്ടത്തി പതം പറഞ്ഞു. 
''മൂന്നാല് കിലോ മത്തി കിട്ടി 30 രൂപയ്ക്ക്. വേറെ എന്തേലും കൂടി കിട്ടുമോന്ന് നോക്കട്ടെ'' ചിന്നക്കടയിലെ വീട്ടമ്മ ശാന്ത മീനില്‍ കൊതി പിടിച്ച് വില്‍പ്പനക്കാര്‍ക്ക് പിന്നാലെ ഓടി. ആ കാഴ്ചയില്‍ നിന്ന് നടന്ന് കയറിയത് ഹാര്‍ബര്‍ വാര്‍ഡിലേയ്ക്ക്. അവിടെ എല്ലാ വീടിന് മുന്നിലും മീന്‍ ഉണക്കാനിട്ടിരിക്കുന്നു.

''കിലോയ്ക്ക് 60 രൂപയ്ക്ക് കിട്ടുന്ന മീന്‍ വെട്ടി വൃത്തിയാക്കി ഉപ്പിട്ട് ഉണക്കും. 150 രൂപയ്ക്ക് വില്‍ക്കാം. നല്ല വെയില്‍ ഉണ്ടേല്‍ ഒറ്റ ദിവസം മതി ചൂട്ട് പോലെ മീന്‍ ഉണങ്ങും.'' മീന്‍ ഉണക്കല്‍ നിത്യത്തൊഴിലാക്കിയ ജോസഫ് പറഞ്ഞു. ഉണക്കമീന്‍ ഇവര്‍ക്ക് 'കരുവാട്' ആണ്. പച്ചമീന്‍ എത്രയുണ്ടേലും 'കരുവാട്' വറുത്തും കറിവെച്ചും തയാറാക്കും.
ഉണക്കമീന്‍ വറുക്കുന്നതിനുമുണ്ട് കൊല്ലം സ്‌റ്റൈല്‍. മുളക് പുരട്ടി രുചി കെടുത്തില്ല. മീന്‍ വൃത്തിയാക്കി എണ്ണയില്‍ വറുത്തെടുക്കും. കൊത്തിയരിഞ്ഞ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ വറുത്ത് കോരി മീനിലിടും. മേലേ അല്പം മുളക്‌പൊടി തൂകും.അത്ര തന്നെ. 
മീനിന്റെ കഥകള്‍ കേള്‍ക്കുമ്പോള്‍ രുചിയുടെ ഉമിനീര് പൊട്ടുന്നത് തിരിച്ചറിഞ്ഞിട്ടാവണം ജോസഫ് ഒരു ക്ലൂ തന്നു. ''ഇവിടെ അടുത്ത് തിരുമുല്ലവാരത്ത് ചന്ദ്രന്‍പിള്ളച്ചേട്ടന്റെ ഹോട്ടലുണ്ട്. അവിടെ ചെന്നാല്‍ തനി കൊല്ലം സ്‌റ്റൈല്‍ മീന്‍കറി കൂട്ടി ഊണ് കഴിക്കാം'' അതൊരു ഓട്ടമായിരുന്നു. കടയുടെ മുന്നില്‍ ചെന്ന് നിന്നപ്പോഴേ ശ്വാസം നേരേ വീണുള്ളൂ. ''അല്ലെങ്കിലേ തിരക്കാ...ഇന്ന് ടൗണില്‍ ഹര്‍ത്താല് കൂടിയല്ലേ'', കാത്ത് നിന്നവര്‍ സ്വയം ആശ്വസിച്ചു. ഒടുവില്‍ ഊണ് മുന്നിലെത്തി. ചോറിന് മേലേ കൂട്ടാന്‍ കണക്കെ അല്പം മരച്ചീനി വേവിച്ചത്. പിന്നെ വ്യത്യസ്തമായ മീന്‍വിഭവങ്ങളുടെ ഒരു വരവായിരുന്നു. 

മീന്‍ തലക്കറി, മലക്കറി മീന്‍, മീന്‍ തീയല്‍, ഉണക്കമീന്‍ ചമ്മന്തി....മീനിന്റെ യഥാര്‍ത്ഥ ചാകര ഇവിടെയായിരിക്കുമോ! ഒരു വലിയ യാത്രാസംഘം ഹോട്ടല്‍ തേടിയെത്തി. ചന്ദ്രന്‍പിള്ളച്ചേട്ടന്‍ മുടിഞ്ഞ തിരക്കിലായി. അതിനിടയിലും അടുക്കളയിലെ സഹായികള്‍ മീനിന്റെ രുചിക്കൂട്ട് പറഞ്ഞുതന്നു. കണവയും സ്രാവും കൊഞ്ചും മസാലയില്‍ കിടന്ന് എത്ര വേവുന്നോ അത് തന്നെ മീനിന്റെ രുചി!

മലക്കറിയും ചമ്മന്തിയും


'ഞങ്ങളുടെ നാട്ടില്‍ മീനും കപ്പയും ചക്കയും കിഴങ്ങുമൊക്കെ ധാരാളമുണ്ട്. അതുകൊണ്ട് ചോറിനൊപ്പം ഇവയും നിര്‍ബന്ധമാണ്. ഈ ശീലമുള്ളത് കൊണ്ടാകണം മീന്‍കറിയില്‍ പോലും മലക്കറികള്‍ ചേര്‍ക്കും'', പരവൂര്‍ ചാമവിള വീട്ടില്‍ ആര്‍.ഷൈലജ അടുക്കളയില്‍ പിടിപ്പത് പണിയിലാണ്. 
മുരിങ്ങയ്ക്ക, വഴുതനങ്ങ പോലെയുള്ള പച്ചക്കറിക്കൊപ്പം ഉള്ളിയും േചര്‍ത്ത് വേവിയ്ക്കും. ഇതില്‍ തേങ്ങ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഉലുവാപ്പൊടി എന്നിവ അരച്ചുചേര്‍ക്കും. തിളയ്ക്കുമ്പോള്‍ മീന്‍ കഷ്ണം ചേര്‍ത്ത് മുക്കാല്‍ വേവാകുമ്പോള്‍ വാളന്‍പുളി പിഴിഞ്ഞതും ഉപ്പും ചേര്‍ക്കും. വെന്ത് കുറുകുമ്പോള്‍ വാങ്ങും. ഇതാണ് മലക്കറി മീന്‍കറി. കൊല്ലംകാര്‍ കുടംപുളി ഏഴയലത്ത് അടുപ്പിക്കില്ല. 

മേശപ്പുറത്തിരുന്ന കുപ്പിയില്‍ നിന്ന് ഷൈലജ ഒരു സ്പൂണ്‍ പൊടി കോരിയെടുത്ത് കൈയിലേയക്ക് തന്നു. ''ഉണക്കച്ചെമ്മീന്‍ ചമ്മന്തി ....ചോറിനോ ചപ്പാത്തിയ്‌ക്കോ എല്ലാത്തിനും ഞങ്ങള്‍ക്കിത് സൈഡ് ഡിഷാ...''ഷൈലജ ഉണക്കച്ചെമ്മീന്‍ ചമ്മന്തിയുടെ കൂട്ട് പറഞ്ഞു. അല്പം ഉണക്കച്ചെമ്മീന്‍ എണ്ണ ചേര്‍ക്കാതെ വറുത്തെടുത്ത ശേഷം ചിരട്ടകൊണ്ട് തിരുമ്മി പരിപ്പ് മാറ്റിയെടുക്കണം. ഇനി ഇത് അല്പം എണ്ണയില്‍ വറുത്തെടുത്ത് മുളകുപൊടി ചേര്‍ത്ത് വാങ്ങുക. അല്പം തേങ്ങയും ഉള്ളിയും ഈ കൂട്ടും ചേര്‍ത്ത് വെള്ളം തൊടാതെ അരെച്ചടുക്കുക. ഉണക്കച്ചെമ്മീന്‍ ചമ്മന്തി റെഡി. ആവശ്യമെങ്കില്‍ അല്‍പം പുളി കൂടി ചേര്‍ത്ത് അരയ്ക്കാം.

എവിടെനിന്നൊക്കെയോ ചുട്ട കശുവണ്ടിയുടെ മണമുയരുന്നുണ്ട്... ''കശുവണ്ടി ബിസിനസ് ചെയ്‌തെങ്കിലും അന്നും ഇന്നും അണ്ടിപ്പരിപ്പില്‍ ഒരുപാട് ധാരാളിത്തം ഒന്നുമില്ല. എങ്കിലും അതിഥികള്‍ വരുമ്പോള്‍ അണ്ടിപ്പരിപ്പ് കൊടുത്ത് സ്വീകരിക്കാതെ പറ്റില്ല,''പ്രമുഖ കശുവണ്ടിവ്യവസായിയായിരുന്ന ഗോപിനാഥന്‍പിള്ളയുടെ ഭാര്യയും മേക്കപ്പ് ആര്‍ട്ടിസ്റ്റ് അംബികാപിള്ളയുടെ അമ്മയുമായ ശാന്താ പിള്ള ആതിഥേയയായി. ''അണ്ടിപ്പരിപ്പ് കഴിഞ്ഞാല്‍ പ്രധാനം കരിമീനും കൊഞ്ചുമാണ്. കരിമീനാണെങ്കില്‍ കാഞ്ഞിരോട് കായലിലെ മീനാണ് പ്രധാനം. ചെളിയുടെ ചുവ ഉണ്ടാവില്ല. കൊഞ്ചാണെങ്കില്‍ തേവള്ളിക്കായലിലേതും.''നെയ്യില്‍ മൂപ്പിച്ച അണ്ടിപ്പരിപ്പിന്റെ രുചിയില്‍ അങ്ങനെ ഇത്തിരി നേരം...

ഓര്‍മ്മയുടെ തീരം


തങ്കശേരി ആര്‍ച്ച് കടന്നപ്പോള്‍ നാട് മെല്ലെ മാറിത്തുടങ്ങിയോ? വീതി കുറഞ്ഞ വഴികള്‍...നടക്കുമ്പോള്‍ വഴിയോരങ്ങളില്‍ ആംഗ്ലോ ഇന്ത്യന്‍ സംസ്‌കാരത്തനിമ കൊത്തിവെച്ച ഒരുപാട് കെട്ടിടങ്ങള്‍...'ഇന്നിപ്പോള്‍ അങ്ങനെ പ്രത്യേക ആംഗ്ലോ ഇന്ത്യന്‍ സംസ്‌കാരമൊന്നുമില്ല. ഒരു മിക്‌സഡ് കള്‍ച്ചറല്ലേ. വിവാഹം പോലുള്ള ചടങ്ങുകളില്‍ മാത്രമാണ് പഴയ കാര്യങ്ങള്‍ ഓര്‍മിക്കപ്പെടുന്നത്,'' വിനൈല്‍ വീട്ടിലെ റിട്ടയേര്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഉദ്യോഗസ്ഥ മോത്ത പറഞ്ഞു. മറ്റെന്ത് മറന്നാലും രുചികള്‍ മറക്കില്ലല്ലോ...മേശപ്പുറത്ത് തനത് ആംഗ്ലോ ഇന്ത്യന്‍ വിഭവങ്ങള്‍ നിരന്നു. കൊത്തിയരിഞ്ഞു തയാറാക്കിയ നല്ല കുരുമുളകിന്റെ മേമ്പൊടിയിലുള്ള പോര്‍ക്ക് വിന്താലു, അപ്പം, ഒരപ്പം, ഏത്തയ്ക്കാ ദോസി. പച്ചരി അരച്ച് തേങ്ങാപ്പാലില്‍ കുറുക്കിയെടുത്ത മാവ് ചരുവത്തില്‍ നിറച്ച് കനലില്‍ ചുട്ടെടുക്കുന്ന ഒരപ്പത്തിനൊപ്പം പെരുംജീരകമിട്ട് ശര്‍ക്കരപ്പാനിയില്‍ വരട്ടിയെടുത്ത ഏത്തയ്ക്കാ ദോസി. വയര്‍ നിറഞ്ഞു. അപ്പോഴതാ വലിയ ട്രേയില്‍ പുഡിങ്. നടുവിലെ കുഴിയില്‍ മദ്യം നിറച്ചിരിക്കുന്നു. കൈയിലേയ്ക്ക് ഒരു തീപ്പെട്ടി തന്നു. ഒരു കൊള്ളി കത്തിച്ച് നടുവിലേയ്ക്കിടാനാണ് നിര്‍ദേശം. കണ്ണടച്ച് തുറക്കും മുമ്പ് ദാ ഹരം പിടിപ്പിക്കുന്നൊരു രുചി കത്തിക്കയറി... വിവാഹദിനത്തില്‍ ഈ പുഡിങ്ങ് ചെറുക്കനും പെണ്ണും തീ കൊളുത്തി മുറിച്ച് പങ്കിടും.


കുറച്ചകലെ തങ്കശേരിയുടെ അടയാളം പോലെ തലയെടുപ്പോടെ വെള്ളയും ചുവപ്പും ചരിഞ്ഞ് കയറിയ നിറത്തില്‍ ലൈറ്റ് ഹൗസ.് ലൈറ്റ് ഹൗസിന്റെ േഗാവണി കയറിച്ചെല്ലുമ്പോള്‍ കൊല്ലം വീണ്ടും മോഹിപ്പിച്ചു മുന്നില്‍ നിറഞ്ഞു. കടലും കായലും ദൂരെ മലനിരകളും.... ''കൊല്ലം പണ്ടേ കച്ചവടങ്ങളുടെ നാടല്ലേ. ഇന്ത്യയില്‍ കച്ചവടം ചെയ്യാനെത്തിയ പലരും എത്തിയത് കൊല്ലത്തല്ലേ. പോര്‍ച്ചുഗീസുകാര്‍, ഡച്ചുകാര്‍, അറബികള്‍. പിന്നെ തമിഴ്‌നാട്ടുകാര്‍, സേഠുമാര്‍, തുളുനാട്ടുകാര്‍. അവരൊക്കെ വന്ന് കച്ചവടം തുടങ്ങിയപ്പോള്‍ നാട്ടുകാരും കച്ചവടം പഠിച്ചു. അതുകൊണ്ടെന്താ കൊല്ലത്ത് സ്ഥലങ്ങളുടെ പേര് പോലും 'കട' കൂട്ടിയാ. ചിന്നക്കട, പായിക്കട, ചായക്കട.''തങ്കശേരിക്കാരനായ തിരക്കഥാകൃത്ത് ജെയിംസ് ആല്‍ബര്‍ട്ട് ചരിത്രം പറഞ്ഞു. ഓര്‍മ്മയുടെ ഇതളൂര്‍ന്ന് വീണ വഴി അവസാനിച്ചത് സിനിമാഷൂട്ട് നടന്ന 'മറിയംമുക്ക്' ജംങ്ഷനില്‍. ഇപ്പോഴും ആ ബോര്‍ഡ് അവിടെയുണ്ട്. 

വീട്ടില്‍ കാപ്പി കുടിച്ചാലും സുഹൃത്തുക്കള്‍ക്കൊപ്പം കാപ്പിക്കടയില്‍ കാപ്പികുടിക്കുക െകാല്ലത്തിന്റെ ശീലമാണ്. ആ ശീലമാകണമല്ലോ സാധാരണ തടിഷട്ടറിട്ട കേരളപുരത്തെ'എഴുത്താണി 'ടീഷോപ്പിനെ പോലും ഐ.ടി റിട്ടേണ്‍ നല്‍കുന്ന കാപ്പിക്കടയാക്കി മാറ്റിയത്. 1948ല്‍ ആരംഭിച്ച കടയുടെ പ്ലസ്‌േപായിന്റ് ഇവിടുത്ത സ്‌പെഷ്യല്‍ വെട്ട്‌കേക്ക്. ചരുവത്തില്‍ കൊണ്ടുവച്ച വെട്ടുകേക്ക് എത്ര വരും! 'അപ്പം തിന്നാല്‍ പോരേ കുഴി എണ്ണേണാ' എന്ന മട്ടില്‍ ഉടമ അബ്ദുള്‍ റഹീം ചിരിച്ചു.
കൊല്ലത്തെ സ്‌നേഹിച്ച ഒരു കൊച്ചിക്കാരനു്. എഴുത്തുകാരന്‍ കാക്കനാടന്‍. ''കാക്കനാടന്റെ ശരിയായ നാട് എറണാകുളത്തെ കാക്കനാടാണ്. പിന്നീട് അവര്‍ കോട്ടയത്ത് കാഞ്ഞിരപ്പള്ളിയില്‍ എത്തി. വീടിന് 'കാക്കനാട്' എന്ന് പേരിട്ടു. വളരെ ചെറിയ പ്രായത്തില്‍ ബേബിച്ചായനൊക്കെ കൊല്ലത്ത് എത്തി. അന്ന് മുതല്‍ മരിക്കും വരെ കൊല്ലംകാരനായി. ഇവിടുത്തെ ആളുകള്‍ പാവത്തുങ്ങളാണെന്ന് പറയും. 'കമ്പോളം'എഴുതാന്‍ നേരം എന്നോട് പറഞ്ഞിട്ടുണ്ട് ഇത്രയും നേരും നെറീം ഉള്ള കച്ചവടക്കാര് ലോകത്ത് വേറെങ്ങും കാണില്ലെന്ന്.''കാക്കനാടന്റെ ഭാര്യഅമ്മിണിച്ചേച്ചി ഓര്‍മ്മകളിലേക്ക് പോയി.

സന്ധ്യയ്ക്ക് മുമ്പേ വര്‍ക്കല ബീച്ചിലെത്തി. പഞ്ചാരമണലിലേയ്ക്ക് തിരകള്‍ വെള്ളി പാദസരം കിലുക്കിയെത്തി...പലപലരുചികളിലുള്ള മീന്‍കറികളുടെ ഗന്ധം പാചകപ്പുരകളില്‍ നിന്ന് ഒഴുകിക്കൊണ്ടിരിക്കുന്നു. ബീച്ചില്‍ ഏതൊക്കെയോ നാടുകളില്‍ നിന്നെത്തിയവര്‍. വര്‍ണക്കുടകള്‍ക്ക് കീഴെ പ്രണയപ്പക്ഷികളുടെ കുറുകല്‍. സെല്‍ഫോണില്‍ നേര്‍ത്തശബ്ദത്തില്‍ റോക്ക് സംഗീതം ആസ്വദിക്കുകയാണ് ഇറ്റലിയില്‍ നിന്നെത്തിയ ദമ്പതിമാര്‍.''ഒരാഴ്ചയായി ഞങ്ങള്‍ വര്‍ക്കലയിലുണ്ട്. നാളെ മടങ്ങും. പക്ഷേ പോകാേന തോന്നുന്നില്ല. നല്ല കടല്‍. കടല്‍ ഭക്ഷണം. നല്ല മനസ്സുകളും''സ്വന്തം നാട്ടിലെ ഏതോ കോഫീഷോപ്പില്‍ ഇരിക്കുന്ന അത്ര അലസമായി അവര്‍ പരസ്പരം കൈകള്‍ ചുറ്റി ഇരുന്നു. ചുംബിച്ചു.