ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ആദ്യ ഏഷ്യക്കാരിയായ വനിത, മുന്‍ ഒളിമ്പ്യന്‍ ആരതി സാഹ ഇന്നത്തെ വാര്‍ത്തകളില്‍ ഇടം നേടാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അവരുടെ 80-ാം പിറന്നാളാണ് ഇന്ന്. മറ്റൊന്ന് ആരതി സാഹയ്ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് ഗൂഗിള്‍ തയ്യാറാക്കിയ ഡൂഡിലും.

നമ്മുടെ രാജ്യത്ത് നിരവധി കായികതാരങ്ങളുണ്ടെങ്കിലും ആരതിയെ രാജ്യമെന്നും ഓര്‍ത്തിരിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. അവര്‍ കായിലോകത്തെ അസാമാന്യ പ്രതിഭകളിലൊരാളായിരുന്നു. 1959 സെപ്റ്റംബര്‍ 29, ലോകത്തിന് മുഴുവനും മുന്നില്‍ രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ന്ന ദിനമാണന്ന്. ആരതി 42 മൈല്‍( 67.5924 കിലോമീറ്റര്‍) ദൂരം നീന്തി ഇംഗ്ലീഷ് ചാനല്‍ മറികടന്നു.  ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടന്ന ഇന്ത്യയിലെയും ഏഷ്യയിലെയും ആദ്യ വനിതയെന്ന ബഹുമതിയും സ്വന്തമാക്കി. 

women

കൊല്‍ക്കത്തയിലാണ് ആരതിയുടെ ജനനം. അഞ്ച് വയസ്സുള്ളപ്പോള്‍ തന്നെ നീന്തലില്‍ ആദ്യ ഗോള്‍ഡ് മെഡല്‍ നേടി. പതിനൊന്ന് വയസ്സുള്ളപ്പോള്‍ തന്നെ ആരതി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. 1951 ലെ പശ്ചിമ ബംഗാള്‍ സംസ്ഥാന മീറ്റില്‍ ഡോളി നസീറിന്റെ അഖിലേന്ത്യാ റെക്കോര്‍ഡ് തകര്‍ത്തതാണ് ആരതിയുടെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല്. 1952 ല്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സിലും ആരതി പങ്കെടുത്തു. 

 ബംഗ്ലാദേശ് നീന്തല്‍ക്കാരന്‍ ബ്രോജെന്‍ ദാസിനെ കണ്ടുമുട്ടിയതാണ് ആരതിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. ഇംഗ്ലീഷ് ചാനല്‍ മുറിച്ചു കടന്ന ആദ്യ ഏഷ്യക്കാരനാണ് ദാസ്. ബൂട്ട്‌ലിന്‍ ഇന്റര്‍നാഷണല്‍ ക്രോസ് ചാനല്‍ സ്വിമ്മിങ് റേസ് ഓര്‍ഗനൈസേഴ്‌സ് സംഘടിപ്പിക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ദാസാണ് ആരതിയോട് നിര്‍ദേശിച്ചത്. 

women
ആരതിയോടുള്ള ബഹുമാന സൂചകമായി പുറത്തിറക്കിയ തപാല്‍ സ്റ്റാംപ്

ആരതിക്ക് അതത്ര എളുപ്പമായിരുന്നില്ല. ഇംഗ്ലണ്ടിലേക്ക് പോകാനുള്ള പണമുണ്ടായിരുന്നില്ല എന്നതാണ് കാരണം. അന്ന് പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവാണ് ആരതിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത്. ആറ് വര്‍ഷത്തെ പരിശീലനത്തിന് ശേഷമാണ് ആരതി തന്റെ ലക്ഷ്യത്തിനായി ഇറങ്ങിയത്. 42 മൈല്‍ ദൂരം 16 മണിക്കൂറും 20 മിനിറ്റും കൊണ്ടാണ് ആരതി കീഴടക്കിയത്. രാജ്യം പിന്നീട് പത്മശ്രീ നല്‍കി ആരതി സാഹയെ ബഹുമാനിച്ചു. ആരതിയോടുള്ള ബഹുമാന സൂചകമായി 1999-ല്‍ കേന്ദ്ര ഗവണ്‍മെന്റ് തപാല്‍ സ്റ്റാംപും പുറത്തിറക്കിയിരുന്നു.

 Content Highlights: Arati Saha, the  first asian woman to swim across the English Channel was  today's Google Doodle