എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കോഴിക്കോട് നരിക്കുനി സ്വദേശിനിയായ അനുശ്രീയെയും കുടുംബത്തെയും തേടി ആ ദാരുണ വാര്‍ത്ത എത്തുന്നത്, കാന്‍സര്‍ എന്ന രൂപത്തിലായിരുന്നു അത്. പക്ഷേ, തോറ്റുകൊടുക്കാന്‍ അനുശ്രീ തയ്യാറായിരുന്നില്ല. കൃത്യമായ ചികിത്സയും വീട്ടുകാരുടെയും ഡോക്ടര്‍മാരുടെയും പിന്തുണയും കൊണ്ട് വളരെ വേഗത്തില്‍ കാന്‍സറിനെ അനുശ്രീ തന്റെ ശരീരത്തില്‍നിന്ന് ചവിട്ടിപുറത്താക്കി. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ അഭിമാനിക്കാന്‍ ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയിരിക്കുകയാണ് ഈ മിടുക്കി.

രോഗത്തോട് പടവെട്ടിയ കാലം

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ വലതുകാലിന്റെ ഉപ്പൂറ്റിയോട് ചേര്‍ന്നാണ് ഒരു മുഴ കണ്ടെത്തുന്നത്. നടക്കാന്‍ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാണിച്ചു. അവിടെനിന്ന് മുഴയില്‍നിന്ന് കുത്തിയെടുത്ത് ബയോബ്‌സിക്ക് അയച്ചപ്പോഴാണ് കാലിലെ മുഴ കാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. ഒന്നും താമസിക്കാതെ തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സ ആരംഭിച്ചു. സര്‍ജറിയായിരുന്നു ആദ്യം നിര്‍ദേശിച്ചത്. വലതുകാലിന്റെ മുട്ടിന് താഴെ വെച്ച് കാല്‍ മുറിച്ചുമാറ്റി. ശേഷം ഏകദേശം 18 കീമോ തെറാപ്പികള്‍ ചെയ്തു. 

ചെറിയ കുട്ടിയായിരുന്നതിനാല്‍ രോഗത്തിന്റെ ഗൗരവത്തെക്കുറിച്ചും തീവ്രതയെക്കുറിച്ചുമൊന്നും എനിക്ക് അറിയില്ലായിരുന്നു. വീട്ടുകാരും ആര്‍.സി.സി.യിലെ ഡോക്ടര്‍മാരും നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു. ഈ ചികിത്സയ്ക്കിടെയാണ് എനിക്ക് ഡോക്ടറാകണമെന്ന ആഗ്രഹമുണ്ടായത്. അത്രകാര്യമായിട്ടായിരുന്നു എന്നെ ഡോക്ടര്‍മാര്‍ നോക്കിയത്- അനുശ്രീ പറയുന്നു. 

അധ്യാപകരും കൂട്ടുകാരും നല്‍കിയ പിന്തുണ

പി.സി. പാലം എ.യു.പി. സ്‌കൂളിലാണ് ഏഴാം ക്ലാസ് വരെ പഠിച്ചത്. വീടിനടുത്തുള്ള നരിക്കുനി ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലായിരുന്നു പ്ലസ്ടു വരെയുള്ള പഠനം. 

രോഗത്തോടുള്ള പോരാട്ടത്തിനിടെ പഠനത്തില്‍ യാതൊരുവിധത്തിലുമുള്ള വിട്ടുവീഴ്ചയ്ക്കും അനുശ്രീ തയ്യാറായിരുന്നില്ല. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് അനുശ്രീ കാന്‍സറിനോട് പകരം വീട്ടിയത്. പ്ലസ് ടു പരീക്ഷയ്ക്കാകട്ടെ 96.5 ശതമാനം മാര്‍ക്കും ഈ മിടുക്കി നേടി.

ചികിത്സാ കാലയളവില്‍ അധ്യാപകരും കൂട്ടുകാരം തന്ന പിന്തുണ പറഞ്ഞ് അറിയിക്കാന്‍ പറ്റില്ലെന്ന് അനുശ്രീ പറയുന്നു. കൂട്ടുകാര്‍ മിക്കദിവസവും വീട്ടില്‍ വരുമായിരുന്നു. അവര്‍ ക്ലാസ് നോട്‌സും മറ്റുമൊക്കെ കൊണ്ടുവന്നും. പ്ലസ് ടുവിലെ ക്ലാസ് ടീച്ചറായ സിന്ധു ടീച്ചറിന്റെ പിന്തുണയും വളരെ വലുതായിരുന്നു. ടീച്ചര്‍ ദിവസവും വീട്ടിലേക്ക് ഫോണ്‍ വിളിക്കും. വിശേഷങ്ങളൊക്കെ ചോദിച്ചറിയും-അനുശ്രീ പറഞ്ഞു. 

ഡോക്ടറാകണമെന്ന ആഗ്രഹം 

കുട്ടിയായിരിക്കുമ്പോള്‍ ഡോക്ടറാകണമെന്ന് ചെറിയ ആഗ്രഹം ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍, ആര്‍.സി.സി.യിലെ ഡോക്ടര്‍മാരെ കണ്ടപ്പോള്‍ ആണ് ആ ആഗ്രഹം കൂടുതല്‍ ശക്തമായത്. അവിടുത്തെ ഡോക്ടര്‍മാരുടെ സേവനം ഏറെ വിലമതിക്കുന്നതാണ്. അവര്‍ നല്‍കിയ പിന്തുണയ്ക്ക് അതിരുകളില്ല. അത്ര കാര്യമായിട്ടാണ് അവര്‍ എന്നെ നോക്കിയത്. അങ്ങിനെയാണ് എനിക്കും ഡോക്ടര്‍ ആകണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. അവര്‍ എന്നെ നോക്കിയതുപോലെ ഒരുപാട് ആളുകളെ സ്‌നേഹത്തോടെയും കരുതലോടെയും ആളുകളെ പരിചരിക്കണമെന്ന ആഗ്രഹം എന്നിലുണ്ടായി-അനുശ്രീ പറഞ്ഞു.

പ്ലസ് ടു കഴിഞ്ഞ് ഒരു തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. യാതൊരുവിധ മുന്നൊരുക്കങ്ങളും ഇല്ലാതെയായിരുന്നു ആ പരീക്ഷ എഴുതിയത്. അതിനാല്‍, പരീക്ഷയില്‍ പരാജയപ്പെട്ടു. ഡോക്ടറാകണമെന്ന അടങ്ങാത്ത ആഗ്രഹം അറിഞ്ഞപ്പോള്‍ നരിക്കുനിയിലുള്ള പ്രിസം ഇന്‍സ്റ്റിറ്റ്യൂട്ട് അനുശ്രീക്ക് പഠിക്കാനും പരിശീലനം നല്‍കാനും അവസരം നല്‍കി. തികച്ചും സൗജന്യമായിരുന്നു പരിശീലനം. പരീക്ഷാ ഫലം വന്നപ്പോള്‍ സ്‌പെഷ്യല്‍ കാറ്റഗറി റിസര്‍വേഷന്‍ വിഭാഗത്തില്‍ കേരളത്തില്‍ നാലാം റാങ്കും ഓള്‍ ഇന്ത്യ ലെവലില്‍ 77-ാം റാങ്കും അനുശ്രീയ്ക്ക് ലഭിച്ചു. 

താന്‍ കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ എം.ബി.ബി.എസിന് പ്രവേശനം നേടണമെന്നാണ് അനുശ്രീ ആഗ്രഹിക്കുന്നത്. അല്ലെങ്കില്‍ കേരളത്തില്‍ എവിടെയങ്കിലും ഉറപ്പായും മെഡിസിന് സീറ്റ് ലഭിക്കുമെന്ന് അനുശ്രീ പറഞ്ഞു. 

കൃത്യമായ ചികിത്സയും പരിചരണവും

ക്യാന്‍സര്‍ ആദ്യ സ്റ്റേജില്‍തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നതാണ് നേട്ടമെന്ന് അനുശ്രീ പറഞ്ഞു. അതിനാല്‍ ചികിത്സ എളുപ്പമായി. എട്ടുമാസത്തോളം ആര്‍.സി.സിയില്‍ നിന്ന് ചികിത്സ എടുത്തു. നിലവില്‍ ചികിത്സയുടെ ഭാഗമായി ആറുമാസം കൂടുമ്പോള്‍ പരിശോധന ഉണ്ട്. തിരുവനന്തപുരം വരെ പോകാനുള്ള അസൗകര്യമൂലം പരിശോധന കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

കൃത്രിമകാലിലേക്കുള്ള മാറ്റം

ചികിത്സ പൂര്‍ത്തിയായി കഴിഞ്ഞ് പതിയെ കൃത്രിമ കാലിലേക്ക് മാറി. തുടക്കത്തില്‍ കൃത്രിമക്കാലുമായി പൊരുത്തപ്പെടാന്‍ കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കോഴിക്കോട് സിവില്‍ സ്‌റ്റേഷന് സമീപമുള്ള പേസ് റീഹാബിലിറ്റേഷന്‍ റിസേര്‍ച്ച് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ലിംപ് എന്ന സ്ഥാപനം നിര്‍മിച്ച് നല്‍കിയ കൃത്രിമക്കാല്‍ ആണ് അനുശ്രീ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

കെ.എസ്.ഇ.ബി.യില്‍ നിന്ന് വിരമിച്ച പ്രേമരാജന്‍ ആണ് അനുശ്രീയുടെ അച്ഛന്‍. അമ്മ സീന. റേഡിയോഗ്രാഫറായ അതുല്‍ സഹോദരനാണ്.

Content highlights: anusree from narikkuni got highrank in all india level neet exam, cancer survivour