കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും ക്രിക്കറ്റ്താരം വിരാട് കോലിയും. സമൂഹമാധ്യമത്തിലൂടെയാണ് ഇരുവരും മാതാപിതാക്കളാകാന്‍ പോകുന്ന വിവരം പങ്കുവച്ചത്. അന്നുമുതല്‍ അനുഷ്‌ക പങ്കുവെക്കുന്ന പോസ്റ്റുകള്‍ക്കും ഏറെ ആരാധകരുണ്ട്. താരത്തിന്റെ മെറ്റേണിറ്റി ഫാഷനും ആരാധകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ വൈറലാകുന്നത് ലോക കൃതജ്ഞതാ ദിനത്തോട് അനുബന്ധിച്ച് അനുഷ്‌ക പങ്കുവച്ച പോസ്റ്റാണ്. 

തന്നോട് കരുണ കാണിച്ച എല്ലാവരോടും ലോകകൃതജ്ഞതാ ദിനത്തില്‍ നന്ദി അറിയിക്കുകയായിരുന്നു അനുഷ്‌ക. പ്രശസ്ത എഴുത്തുകാരായ എഖാര്‍ട്ട് ടൊല്ലെയുടെയും റാം ദാസിന്റെയും വരികള്‍ ഉദ്ധരിച്ചാണ് അനുഷ്കയുടെ കുറിപ്പ്.

'' നിങ്ങളുടെ ജീവിതത്തിലുള്ള നന്മയെ അംഗീകരിക്കലാണ് എല്ലാ സമൃദ്ധിയുടേയും അടിത്തറ''- എഖാര്‍ട്ട് ടൊല്ലെ. ''ഈ ലോകത്തിലെ നന്മയില്‍ വിശ്വാസമര്‍പ്പിക്കാന്‍ പ്രചോദിപ്പിക്കുകയും എന്നോട് കരുണ കാണിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. അത് തുടര്‍ന്നുകൊണ്ടുപോകാനുള്ള ഹൃദയവിശാലത എനിക്കുണ്ടെന്ന് പ്രതീക്ഷിക്കുന്നു. - രാം ദാസ്.

കറുപ്പു നിറത്തിലുള്ള മോണോക്കിനി ധരിച്ച് സ്വിമ്മിങ് പൂളില്‍ നില്‍ക്കുന്ന ചിത്രമാണ് അനുഷ്‌ക കുറിപ്പിനൊപ്പം പങ്കുവച്ചത്. നെക് ലൈനില്‍ ഫ്രില്ലുകളോടു കൂടിയ സ്വിംസ്യൂട്ട് ആണിത്. ഇനി താരം ധരിച്ച സ്വിംസ്യൂട്ടിന്റെ വില തപ്പിപ്പോയവരുമുണ്ട്. വെറും 2800 രൂപയുടെ സ്വിംസ്യൂട്ട് ആണത്.

ഇക്കഴിഞ്ഞ മാസമാണ് വിരാട് കോലിയും അനുഷ്‌കയും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഗര്‍ഭിണിയായ അനുഷ്‌കയെ വിരാട് ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. 'ഞങ്ങളിനി മൂന്ന്, 2021 ജനുവരിയില്‍ വരും' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്.

Content Highlights: Anushka Sharma flaunts baby bump in pool photo