'ഞാനിതു വരെ സ്കൂൾ കണ്ടിട്ടേയില്ല. ദയവുചെയ്ത് എന്നെ പഠിപ്പിക്കുമോ?' ബോളിവുഡ് താരം അനുപം ഖേർ കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോയിലെ പെൺകുട്ടി പറയുന്ന വാക്കുകളാണിത്. നേപ്പാൾ സന്ദർശനത്തിനിടെയാണ് അനുപം ഖേർ ഭിക്ഷ യാചിച്ചു കൊണ്ടിരിക്കുന്ന ആരതി എന്ന പെൺകുട്ടിയെ കണ്ടത്. ആരതിയെക്കുറിച്ചും അവളുടെ ആ​ഗ്രഹത്തെക്കുറിച്ചും അനുപം ഖേർ പങ്കുവെച്ച വീഡിയോ ഹൃദയം തൊടുന്നതാണ്. 

നടനെ കണ്ട ആവേശത്തിൽ സംസാരിക്കുന്ന ആരതിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കൂടുതൽ സംസാരിച്ചപ്പോഴാണ് അവൾ മികച്ച രീതിയിൽ ഇം​ഗ്ലീഷ് സംസാരിക്കുന്നുവെന്ന് അനുപം ഖേർ മനസ്സിലാക്കിയത്. തനിക്ക് പഠിക്കാൻ ആ​ഗ്രഹമുണ്ടെന്നും സാമ്പത്തിക പ്രതിസന്ധി മൂലം ഭിക്ഷ യാചിക്കാൻ ഇറങ്ങിയതാണ് എന്നും ആരതി പറയുന്നതു കേൾക്കാം. ഇതോടെ ആരതിയെ പഠിപ്പിക്കാമെന്ന ഉറപ്പും താരം നൽകുന്നുണ്ട്. 

രാജസ്ഥാനിൽ നിന്നുള്ള പെൺകുട്ടി കുറച്ചു പൈസയ്ക്കും ഒപ്പം നിന്നൊരു ചിത്രത്തിനും വേണ്ടിയാണ് തനിക്കരികിലേക്ക് എത്തിയത്. തുടർന്ന് സ്ഫുടമായ ഇം​ഗ്ലീഷിൽ സംസാരിച്ചു തുടങ്ങിയപ്പോഴാണ് അവളുടെ വിദ്യാഭ്യാസത്തോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞത്. അനുപം ഖേർ ഫൗണ്ടേഷൻ അവളെ പഠിപ്പിക്കാമെന്ന് ഉറപ്പു നൽകുന്നു- അനുപം ഖേർ കുറിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anupam Kher (@anupampkher)

എങ്ങനെയാണ് ഇത്രമനോഹരമായി ഇം​ഗ്ലീഷ് സംസാരിക്കാൻ പഠിച്ചതെന്ന് നടൻ ചോദിക്കുമ്പോൾ കുറേശ്ശെയായി പഠിച്ചതാണെന്നും ഭിക്ഷ യാചിച്ചാണ് ജീവിക്കുന്നതെന്നും ആരതി പറയുന്നുണ്ട്. ഏതു സ്കൂളിലാണ് പോയിരുന്നത് എന്ന ചോദ്യത്തിന് താൻ സ്കൂൾ കണ്ടിട്ടില്ല എന്നും എന്നാൽ പഠിക്കാൻ ഏറെ ആ​ഗ്രഹമുണ്ടെന്നുമാണ് പെൺകുട്ടിയുടെ മറുപടി. 

താൻ സ്കൂളിൽ പോയാൽ ഭാവി മാറുമെന്ന് ഉറപ്പാണ്. പലരോടും തന്നെ പഠിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ ആരും സഹായിച്ചിട്ടില്ല. നന്നായി പഠിച്ചാൽ ജീവിതവും കുടുംബവുമെല്ലാം മാറുമെന്ന് ഉറപ്പാണെന്നും പെൺകുട്ടി പറയുന്നുണ്ട്. 

Content Highlights: anupam kher, girl education, begging in india, Beggary in India