കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ കാര്യത്തില്‍ ഇന്ത്യയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ മറ്റാരെക്കാളും കൂടുതല്‍ സഹായിച്ച അന്ന മാണിയുടെ ജന്മശതാബ്ദി വര്‍ഷമാണ് 2018 

Anna Mani
അന്ന മാണി. ചിത്രം കടപ്പാട്:
Wikipedia

ഫിസിക്‌സ് പഠിക്കാന്‍ മോഹിക്കുകയും, നൊബേല്‍ ജേതാവ് സി.വി.രാമന് കീഴില്‍ ഗവേഷണം നടത്തുകയും, ഒടുവില്‍ യാദൃച്ഛികമായി കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ മേഖലയിലെത്തുകയും ചെയ്ത വ്യക്തിയാണ് അന്ന മാണി എന്ന മലയാളി ഗവേഷക. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (IMD) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തിയ ഏക സ്ത്രീ. 

ഐ.എം.ഡി.ക്ക് കീഴില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി നിലവില്‍ ആയിരത്തിലേറെ നിരീക്ഷണകേന്ദ്രങ്ങളുടെ ശൃംഖല പ്രവര്‍ത്തിക്കുന്നു. ആ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്ന നൂറോളം ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മിച്ചത് അന്നയാണ്. കാലാവസ്ഥാ നിരീക്ഷണത്തിലും പ്രവചനത്തിലും ലോകനിലവാരത്തിലേക്കും സ്വയംപര്യാപ്തതയിലേക്കും ഇന്ത്യ എത്തിയ കഥയിലെ നായികയാണ് അന്ന! 

മാത്രമല്ല, സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള വൈദ്യുതി എന്നീ പരാമ്പര്യേതര ഊര്‍ജസ്രോതസ്സുകള്‍ സംബന്ധിച്ച മീറ്റിയോരോളജിക്കല്‍ ഡേറ്റയുടെ കാര്യത്തില്‍ ഇന്ത്യ മുന്‍നിരയിലായതിനും നമ്മള്‍ നന്ദി പറയേണ്ടത് അന്നയോടാണ്. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് സഹായിക്കുന്ന ഘടകങ്ങളിലൊന്നാണ് അന്തരീക്ഷത്തിലെ ഓസോണ്‍ പാളി.

വന്‍തോതിലുള്ള ഓസോണ്‍ ശോഷണത്തിന് മനുഷ്യനിര്‍മിതമായ ക്ലോറോഫ്‌ളൂറോകാര്‍ബണുകള്‍ (സി എഫ് സി കള്‍) കാരണമാകുന്ന കാര്യം 1970 കളിലാണ് ശാസ്ത്രലോകം മനസിലാക്കുന്നത്. ഇക്കാര്യം ശാസ്ത്രശ്രദ്ധയില്‍ എത്തും മുമ്പുതന്നെ ഉഷ്ണമേഖലാ പ്രദേശത്ത് ഓസോണ്‍ നിരീക്ഷണം ചിട്ടയായി ആരംഭിച്ച ശാസ്ത്രജ്ഞയാണ് അന്ന. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ലോകകേന്ദ്രങ്ങളിലൊന്നായി ഇന്ത്യ അംഗീകരിക്കപ്പെട്ടത് മുഖ്യമായും അന്നയുടെ പ്രവര്‍ത്തനം വഴിയായിരുന്നു. 

ഇ.കെ. ജാനകി അമ്മാള്‍, അസിമ ചാറ്റര്‍ജി, കമല സൊഹോണി, രാജേശ്വരി ചാറ്റര്‍ജി എന്നിങ്ങനെ ഇരുപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട അഞ്ച് ഇന്ത്യന്‍ വനിതാശാസ്ത്രജ്ഞരില്‍ ഒരാളായി അന്ന വിലയിരുത്തപ്പെടുന്നു. ജീവിച്ചിരുന്നെങ്കില്‍ 2018 ല്‍ നൂറ് വയസ്സ് തികയുമായിരുന്ന അന്നയെ, അവരുടെ ജന്മനാടായ കേരളത്തില്‍ പോലും എത്രപേര്‍ക്ക് അറിയാമെന്ന് ചോദിച്ചാല്‍ നിരാശയാകും ഫലം! 

ഹൈറേഞ്ചിലെ പീരുമേട്ടില്‍ 1918 ഓഗസ്റ്റ് 23 ന്, മോഡയില്‍ കുടുംബത്തില്‍ എം.പി. മാണിയുടെയും അന്നാമ്മയുടെയും എട്ടുമക്കളില്‍ ഏഴാമത്തെ കുട്ടിയായി അന്ന ജനിച്ചു. അമ്മ അന്നാമ്മ അധ്യാപികയായിരുന്നു. തിരുവിതാംകൂര്‍ പൊതുമരാമത്ത് വകുപ്പില്‍ സിവില്‍ എഞ്ചിനിയറായിരുന്നു പിതാവ് മാണി ('99 ലെ പ്രളയം' എന്നറിയപ്പെടുന്ന 1924 ലെ വെള്ളപ്പൊക്കത്തില്‍ മൂന്നാറിലേക്കുള്ള വഴിയടഞ്ഞപ്പോള്‍, പുതിയ റോഡില്‍ എറണാകുളം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന നേര്യമംഗലം പാലം മാണിയുടെ മേല്‍നോട്ടത്തിലാണ് നിര്‍മിച്ചത്-മോഡയില്‍ കുടുംബയോഗം സെക്രട്ടറി പി. ജോര്‍ജ് മോഡയില്‍ അറിയിക്കുന്നു).   
 
പുരാതന സിറിയന്‍ കത്തോലിക്കാ കുടുംബമായിരുന്നു അന്നയുടേത് എങ്കിലും, പിതാവ് മാണി മതപരമായ കാര്യങ്ങളില്‍ അത്ര തത്പരനായിരുന്നില്ല. യുക്തിപൂര്‍വ്വം വേണം കാര്യങ്ങളെ സമീപിക്കാനെന്ന് അദ്ദേഹം കുട്ടികളെ ഉപദേശിച്ചു. 'സ്വന്തം നിലയ്ക്ക് പരീക്ഷിച്ചു തെളിയിക്കാന്‍ കഴിയാത്ത ഒരു പ്രസ്താവനയും സ്വീകരിക്കരുത് എന്നദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. അത്തരമൊരു കുടുംബത്തില്‍ പിറക്കാനായതില്‍ ഞാന്‍ ഭാഗ്യവതിയാണ്'-പില്‍ക്കാലത്ത് ഒരു അഭിമുഖത്തില്‍ (WMO Bulletin, 1991) അന്ന പറഞ്ഞു. ചെറുപ്പത്തില്‍ അന്നയെ ഏറെ സ്വാധീനിച്ചതും പിതാവായിരുന്നു. പുസ്തകങ്ങളായിരുന്നു എന്നും അന്നയുടെ കൂട്ടുകാര്‍. 

തിരുവനന്തപുരത്തെ മഹാരാജാസ് ഗേള്‍സ് സ്‌കൂള്‍, ആലുവാ ക്രൈസ്തവ മഹിളാലയം ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലെ പഠനത്തിന് ശേഷം, മെട്രിക്കുലേഷന് അന്ന ചെന്നൈയിലെ വുമണ്‍സ് ക്രിസ്ത്യന്‍ കോളേജില്‍ ചേര്‍ന്നു. അതിനു ശേഷം ചെന്നൈയിലെ തന്നെ പ്രസിഡന്‍സി കോളേജില്‍ നിന്ന് ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളില്‍ ഓണേഴ്‌സ് ബിരുദമെടുത്തു. ഒരുവര്‍ഷം ക്രിസ്ത്യന്‍ വുമണ്‍സ് കോളേജിലെ ഫിസിക്‌സ് വകുപ്പില്‍ ഡൊമണ്‍സ്‌ട്രേറ്ററായി പ്രവര്‍ത്തിച്ച അന്നയെ, 1940 ല്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ സി.വി.രാമന്റെ ലാബിലെത്തിച്ചത് ഫിസിക്‌സിനോടുള്ള താത്പര്യമായിരുന്നു. 1945 വരെ രാമന് കീഴില്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന അന്ന, അവിടെ വെച്ച് 32 വ്യത്യസ്ത വൈരക്കല്ലുകളുടെ ഫ്‌ളൂറസെന്‍സ്, പ്രകാശാഗിരണം, രാമന്‍ വര്‍ണ്ണരാജി (Raman spectra) തുടങ്ങിയവ പഠിക്കുകയും, അഞ്ച് പഠനപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. പക്ഷേ, എം.എസ്.സി. ഡിഗ്രിയില്ല എന്ന പേരില്‍ അന്നയുടെ പി.എച്ച്.ഡി. പ്രബന്ധം പരിഗണിക്കാന്‍ മദ്രാസ് യൂണിവേഴ്‌സിറ്റി വിസമ്മതിച്ചു! ആ പ്രബന്ധം ഇപ്പോഴും ബാംഗ്ലൂരില്‍ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ (RRI) ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

Anna Mani WMO
സഹപ്രവര്‍ത്തകനൊപ്പം അന്ന മാണി ഒരു റേഡിയോസോന്റെ ഉപകരണം പരിശോധിക്കുന്നു, 1950 കളിലെ ദൃശ്യം. കടപ്പാട്: World Meteorological Organization.

 

ഫിസിക്‌സ് ഇഷ്ടപ്പെട്ട അന്ന തികച്ചും യാദൃച്ഛികമായാണ്‌ കാലാവസ്ഥാപഠന മേഖലയിലേക്ക് എത്തിയത്. വിദേശത്ത് പോയി ഫിസിക്‌സ് പഠിക്കാന്‍ ഇന്ത്യാ ഗവര്‍മെന്റിന്റെ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചപ്പോള്‍, അന്ന തിരഞ്ഞെടുത്ത മേഖലയില്‍ സ്‌കോളര്‍ഷിപ്പില്ലായിരുന്നു. പകരം 'മീറ്റിയോരോളജിക്കല്‍ ഇന്‍സ്ട്രുമെന്റേഷന്‍' പഠിക്കാന്‍ സ്‌കോളര്‍ഷിപ്പുണ്ട്. ഒടുവില്‍ അതു തിരഞ്ഞെടുക്കാന്‍ അന്ന തീരുമാനിച്ചു. 1945 ല്‍ ബ്രിട്ടനിലെത്തിയ അന്ന, മൂന്നുവര്‍ഷം കൊണ്ട് ഭൂപ്രതലത്തിലും അന്തരീക്ഷത്തിലും ഉപയോഗിക്കുന്ന എല്ലാത്തരം കാലാവസ്ഥാ ഉപകരണങ്ങളെക്കുറിച്ചും വിശദമായി പഠിച്ചു. 

1948 ല്‍ അന്ന തിരിച്ചെത്തുമ്പോഴേക്കും ഇന്ത്യ സ്വതന്ത്രമായിരുന്നു. ഐ.എം.ഡി.യുടെ പൂണെയിലെ ഇന്‍സ്ട്രുമെന്റേഷന്‍ ഡിവിഷനില്‍ 'മീറ്റിയോരോളജിസ്റ്റ് ഗ്രേഡ് 2' തസ്തികയില്‍ ആ വര്‍ഷം തന്നെ അന്ന നിയമിക്കപ്പെട്ടു. 1875 ലാണ് ഐ.എം.ഡി. സ്ഥാപിച്ചതെങ്കിലും, സ്വാതന്ത്ര്യം കിട്ടുന്ന കാലം വരെ എല്ലാ കാലാവസ്ഥാ ഉപകരണങ്ങളും യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു പതിവ്. ആ ദുസ്ഥിതി അവസാനിപ്പിച്ച് കാലാവസ്ഥാ നിരീക്ഷണ ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വമാണ്, ബ്രിട്ടനില്‍ നിന്ന് തിരിച്ചെത്തിയ അന്നയെ കാത്തിരുന്നത്. 

വര്‍ഷമാപിനി (Ranin Gauge), അന്തരീക്ഷ മര്‍ദ്ദം നിര്‍ണയിക്കാനുള്ള ബാരോമീറ്റര്‍ (Barometer), അന്തരീക്ഷ ഈര്‍പ്പം അളക്കാനുള്ള ഈര്‍പ്പമാപിനി (Hygrometer), കാറ്റിന്റെ വേഗവും മര്‍ദ്ദവും അറിയാനുള്ള ആനമോമീറ്റര്‍ (Aneomometer) എന്നിങ്ങനെ നൂറോളം ഉപകരണങ്ങള്‍ ഡിസൈന്‍ ചെയ്തു നിര്‍മിച്ച് കൃത്യതാനിര്‍ണയം നടത്തി പുറത്തിറക്കുക എന്ന വെല്ലുവളി അന്നയും സഹപ്രവര്‍ത്തകരും ഏറ്റെടുത്തു. 1953 ല്‍ പൂണെ ഡിവിഷന്റെ മേധാവിയായി അന്നയ്ക്ക് സ്ഥാനക്കയറ്റം കിട്ടി. 1960 ആകുമ്പോഴേക്കും, കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യത്തെ സ്വയംപര്യാപ്തതയില്‍ എത്തിക്കാന്‍ അന്നയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. പിന്നീട് ഇന്ത്യയ്ക്ക് കാലാവസ്ഥാ നിരീക്ഷണോപകരണങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടി വന്നിട്ടില്ല!

1957 / 1958 ല്‍ നടന്ന 'ഇന്‍ര്‍നാഷണല്‍ ജിയോഫിസിക്കല്‍ ഇയര്‍' (IGY) അഥവാ 'അന്താരാഷ്ട്ര ഭൗമവര്‍ഷാ'ചരണത്തില്‍ ഊര്‍ജിതമായി പങ്കെടുക്കാന്‍ ഇന്ത്യ തീരുമാനിച്ചതാണ്, 'ലോക കാലാവസ്ഥാ സംഘടന' (WMO) യുമായി അന്നയെ അടുപ്പിച്ചത്. ഭൗമവര്‍ഷാചരണത്തിന്റെ ആസൂത്രകരില്‍ ഒരാളായ പ്രൊഫ.കെ.ആര്‍.രാമനാഥന്റെ നിര്‍ദ്ദേശപ്രകാരം, ഇന്ത്യയിലുടനീളം സോളാര്‍ റേഡിയേഷന്റെ തോതും സാധ്യതയും നിരീക്ഷിക്കാനുള്ള ചുമതല അന്നയ്ക്കാണ് ലഭിച്ചത്. അതിനായി അവര്‍ തദ്ദേശീയമായി മികവുറ്റ റേഡിയോമീറ്ററുകള്‍ രൂപപ്പെടുത്തി.

WMO Anna Mani
സ്വിറ്റ്‌സ്വര്‍ലന്‍ഡിലെ പെയേണില്‍ കാലാവസ്ഥാ രംഗത്തെ വിദഗ്ധര്‍ക്കൊപ്പം അന്ന മാണി, 1956 ലെ ചിത്രം. ചിത്രം കടപ്പാട്: World Meteorological Organization.

 

അന്നയുടെ നേതൃത്വത്തില്‍ മികച്ച റേഡിയേഷന്‍ ഡേറ്റ ഇന്ത്യയില്‍ നിന്നെത്തുന്ന കാര്യം ലോക കാലാവസ്ഥാ സംഘടനയും അന്താരാഷ്ട്ര ശാസ്ത്രസമൂഹവും ശ്രദ്ധിച്ചു. അങ്ങനെയാണ് ഡബ്ല്യു.എം.ഒ.യുടെ ചില വര്‍ക്കിങ് ഗ്രൂപ്പുകളുടെ നേതൃത്വം അന്നയ്ക്ക് ലഭിച്ചത്. വിവിധ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന റേഡിയോമീറ്ററുകള്‍ താരതമ്യം ചെയ്ത് അവയുടെ അളവുതോതുകള്‍ ഏകീകരിക്കാനുള്ള ശ്രമകരമായ പ്രവര്‍ത്തനം 1960 കളില്‍ അന്നയുടെ നേതൃത്വത്തില്‍ വിജയകരമായി നടന്നു. ലോക കാലാവസ്ഥാ സംഘടനയ്ക്ക് കീഴില്‍ 'വേള്‍ഡ് റേഡിയേഷന്‍ സെന്ററാ'യി സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ആല്‍പ്‌സ് മേഖലയിലെ ദാവോസ് പട്ടണം നിശ്ചയിക്കപ്പെട്ടതും അന്നയുടെ ശുപാര്‍ശ പ്രകാരമായിരുന്നു. 

1960 കളില്‍ തന്നെയാണ് ഇന്ത്യയില്‍ ഓസോണ്‍ പഠനവും അന്നയുടെ നേതൃത്വത്തില്‍ ശക്തിപ്പെടുന്നത്. അതിനും നിമിത്തം പ്രൊഫസര്‍ രാമനാഥനായിരുന്നു. അന്തരീക്ഷത്തിലെ ഓസോണിന്റെ തോതളക്കാനുള്ള ബലൂണ്‍ ഉപകരണമായ ഓസോണ്‍സോണ്ട് സ്വന്തമായി നിര്‍മിക്കാന്‍ അന്നയ്ക്കും സഹപ്രവര്‍ത്തകര്‍ക്കും കഴിഞ്ഞു. അതോടെ, സ്വന്തംനിലയ്ക്ക് ഓസോണ്‍ പഠനം നടത്താന്‍ കഴിവുള്ള അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി. മൂന്നു പതിറ്റാണ്ടുകാലം നടത്തിയ ഓസോണ്‍ പഠനത്തിന് 'ഇന്‍ര്‍നാഷണല്‍ ഓസോണ്‍ കമ്മിഷന്‍' പ്രശസ്തിപത്രം നല്‍കി അന്നയെ ആദരിച്ചു. ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ 'കെ.ആര്‍. നാമനാഥന്‍ മെമ്മോറിയല്‍ മെഡലും' അന്നയ്ക്ക് ലഭിച്ചു.

1969 ല്‍ ഐ.എം.ഡി. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ (ഇന്‍സ്ട്രുമെന്റസ്) ആയി ഡെല്‍ഹിയിലേക്ക് മാറിയ അന്ന, 1976 ല്‍ കാലാവസ്ഥാ വകുപ്പില്‍ നിന്ന് വിരമിച്ചു. അതുകഴിഞ്ഞ് മൂന്നുവര്‍ഷം ബാംഗ്ലൂരിലെ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ വിസിറ്റിങ് പ്രൊഫസറായി പ്രവര്‍ത്തിച്ചു. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് പാരമ്പര്യേതര ഊര്‍ജത്തിന്റെ സാധ്യകള്‍ ആരായുന്ന സമയമായിരുന്നു അത്. സൗരോര്‍ജവും കാറ്റില്‍ നിന്നുള്ള വൈദ്യുതിയും സംബന്ധിച്ച മീറ്റിയോരോളജിക്കല്‍ ഡേറ്റ ക്രോഡീകരിക്കാന്‍ അന്നയാണ് സഹായിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ 'വിന്‍ഡ് എനര്‍ജി സര്‍വ്വേ പ്രോജക്ടി'ന് നേതൃത്വം നല്‍കിയ അന്ന ഒന്നര പതിറ്റാണ്ടോളം ആ മേഖലയില്‍ പ്രവര്‍ത്തിച്ചു. 

1994 ല്‍ 76 വയസ്സുള്ളപ്പോള്‍ മസ്തിഷ്‌ക്കാഘാതത്തെ തുടര്‍ന്ന് അന്നയുടെ ജീവിതം വീല്‍ചെയറിലായി. സഹോദരിയുടെ സംരക്ഷണയില്‍ തിരുവനന്തപുരത്താണ് പിന്നീട് കഴിഞ്ഞത്. 2001 ഓഗസ്റ്റ് 16 ന് അവര്‍ അന്തരിച്ചു. 

ഇന്ത്യയില്‍ സ്ത്രീസാക്ഷരത വെറും ഒരു ശതമാനം മാത്രമായിരുന്ന സമയത്താണ് അന്നയുടെ പിറവി. ശാസ്ത്രഗവേഷണ രംഗം പുരുഷന്‍മാരുടെ കുത്തകയായിരുന്ന അക്കാലത്ത്, ഒരു സ്ത്രീയെന്ന നിലയ്ക്ക് അന്ന വെട്ടിപ്പിടിച്ച ഉയരങ്ങള്‍ അതിശയിപ്പിക്കുന്നവയാണ്. ഇന്ത്യയിലെ ആദ്യ സസ്യശാസ്ത്രജ്ഞ ഡോ.ഇ.കെ.ജാനകി അമ്മാളിനെപ്പോലെ അന്നയും അവിവാഹിതയായിരുന്നു.  


അവലംബം -

* 'Anna Modayil Mani (23 August 1918 - 16 August 2001)'. By C.R. Sreedharan. Biog. Mems. Fell. INSA, 2004, New Delhi.

* Dispersed Radiance - Caste, Gender, and Modern Science in India (2011). By Abha Sur. Navayana Publishing, New Delhi. p. 179-219. 

'Anna Mani (1918-2001)'. By Aravind Gupta. Platinum Jubilee Publishing of INSA. Indian National science academy, 2010 (Retrieved 27 Sept. 2012). 

* 'Miss Anna Mani - Interview with Dr. Hessam Taba'. By Hessam Taba. WMO Bulletin: Volume 40 No.4 (October, 1991). 

* മോഡയില്‍ കുടുംബയോഗം സെക്രട്ടറി പി. ജോര്‍ജ് മോഡയി (ഉദയന്‍ മോഡയില്‍) ലുമായി നടത്തിയ ടെലഫോണ്‍ ഇന്റര്‍വ്യൂ. 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത് 

Content Highlights: Anna Mani, Anna Modayil Mani, Meteorology, IMD, Indian Meteorological Department, Weather Instrumentation