താന്‍ വിഷാദത്തില്‍ നിന്ന് കരകയറാനുള്ള പരിശ്രമത്തിലായിരുന്നു കുറച്ച് കാലമെന്ന് മനസ്സു തുറന്ന് ബോളിവുഡ് താരം അങ്കിത ലോഖണ്ഡെ. നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ശേഷം താന്‍ സന്തോഷത്തോടെ എന്ത് പോസ്റ്റ് ചെയ്താലും അതിന് താഴെ വളരെ മോശമായ കമന്റുകളാണ് വന്നിരുന്നതെന്ന് അങ്കിത തന്റെ ഇന്‍സ്റ്റഗ്രാം ലൈവില്‍ മനസ്സുതുറന്നു. ഈ നെഗറ്റീവ് പ്രതികരണങ്ങള്‍ തന്നെ മോശമായി ബാധിച്ചെന്നാണ് നടി പറയുന്നത്. 

ആറ് വര്‍ഷത്തെ പ്രണയത്തിന് ശേഷം സുശാന്തും അങ്കിതയും പിരിഞ്ഞിരുന്നു. സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആദ്യം രംഗത്തെത്തിയത് അങ്കിതയായിരുന്നു. എന്നാല്‍ ഇത്ര നാളുകള്‍ക്ക് ശേഷവും തന്നെ സാധാരണ ജീവിതത്തിലേക്ക് വിടാന്‍ സുശാന്തിന്റെ ആരാധകര്‍ തയ്യാറല്ല എന്നാണ് നടി പറയുന്നത്. 

താന്‍ വലിയ വിഷാദത്തിലൂടെ കടന്നു പോയിരുന്നുവെന്നും എന്നാല്‍ വളരെ കുറച്ച് പിന്തുണമാത്രമേ തനിക്കുണ്ടായിരുന്നുള്ളു എന്നും താരം പറയുന്നു. ' ഞാന്‍ വളരെ വലിയ വിഷാദത്തിലൂടെയാണ് കടന്നു പോയത്. എങ്കിലും ഞാനൊരിക്കലും അതിനെ പറ്റി സംസാരിച്ചിരുന്നില്ല. വലിയ വേദനയായിരുന്നു അത്. ഞാന്‍ ഒരുപാട് കരഞ്ഞിരുന്നു.' അങ്കിത പറയുന്നു. 

'ജീവിതത്തില്‍ ഉയരങ്ങളില്‍ എത്തണമെന്ന് സുശാന്ത് ആഗ്രഹിച്ചു. എന്നാല്‍  അദ്ദേഹം സ്വന്തം വഴി തേടിയാണ് പോയത്. അതിന്റെ പേരില്‍ എന്നെ എന്തിനു വിമര്‍ശിക്കണം. എന്നെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്. നിങ്ങള്‍ക്ക് എന്റെ കഥയറിയില്ല. അതുകൊണ്ട് ദയവ് ചെയ്ത ഈ കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കൂ, ഇത് വളരെ വേദനയുണ്ടാക്കുന്നു.' അങ്കിത തുടരുന്നു.

'എനിക്ക് ആകെ അറിയാവുന്നത് അഭിനയവും നൃത്തവും മാത്രമാണ്. അതാണ് ഞാന്‍ ആസ്വദിച്ചു ചെയ്യുന്നതും. നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്യുമ്പോള്‍ എന്തിനാണ് എന്നെ വിമര്‍ശിക്കുന്നത്.  എന്നെ വെറുതെ വിടൂ. എന്തായാലും ഇന്നു ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. ഇനി ദുഃഖിച്ചിരിക്കാന്‍ തയാറല്ല. എനിക്ക് ആകെയുള്ളത് എന്റെ കുടുംബവും ഏതാനും സുഹൃത്തുക്കളും മാത്രമാണ്. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത്.' ഇനിയും ഞാന്‍ മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും ആത്മവിശ്വാസത്തോടെ അങ്കിത പറയുന്നു.

Content Highlights: Ankita Lokhande talks about battling depression