മിലിന്ദ് സോമനും ഭാര്യ അങ്കിത കോണ്‍വാറും ഫിറ്റ്‌നസ്സ് ഐക്കണുകളാണ്. ഇപ്പോള്‍ അങ്കിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ബോഡി പോസിറ്റിവിറ്റി പോസ്റ്റിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ. 2020 ലും 21 ലും എടുത്ത തന്റെ രണ്ട് ചിത്രങ്ങളാണ് അങ്കിത പങ്കുവച്ചിരിക്കുന്നത്. ഇതൊരു 'മുമ്പ്- ഇപ്പോള്‍' ചിത്രമല്ല എന്ന മുന്നറിയിപ്പോടെയാണ് അങ്കിതയുടെ കുറിപ്പ്.

എങ്ങനെയാണ് ആരോഗ്യകരമായ ജീവിതരീതികള്‍ ശീലിക്കുക എന്നതിനെ പറ്റിയാണ് അങ്കിത ആദ്യം പറയുന്നത്. 'ഈ യാത്രയിലെ പ്രധാനപ്പെട്ട കാര്യമാണ് ആരോഗ്യം. എല്ലാ ദിവസവും വ്യായമം ചെയ്യുക, എന്നാല്‍ ഒരു കാര്യം മനസ്സില്‍ വയ്ക്കണം. ചില സമയങ്ങളില്‍ നിങ്ങള്‍ക്ക് നല്ല മാറ്റങ്ങള്‍ തോന്നും, ചിലപ്പോള്‍ അത് ഉണ്ടാവണമെന്നില്ല.' എന്നാല്‍ മാറ്റമില്ല എന്ന് കരുതി ആരോഗ്യകരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്ന് പിന്‍മാറരുതെന്നും അങ്കിത പറയുന്നു. 

ജീവിതം ഒരു യാത്രപോലെയാണ്. എല്ലാ യാത്രകളിലും ഉയര്‍ച്ചകളും താഴ്ചകളും ഉള്ളതുപോലെ ജീവിതത്തിലും ഉണ്ടാകും. ചില സമയങ്ങളില്‍ ആരോഗ്യത്തിനായി ചെലവഴിക്കാന്‍ ധാരാളം ഊര്‍ജം ഉണ്ടാകും, ചിലപ്പോള്‍ ഉണ്ടാവില്ല. സമയമെടുക്കുക, നിങ്ങളുടേതായ രീതികള്‍ കണ്ടെത്തുക,  ഊര്‍ജത്തെ തിരിച്ചുപിടിക്കുക, സ്വയം സ്‌നേഹിക്കുക. ആരോഗ്യകരമായ തീരുമാനങ്ങളെടുക്കുന്നതില്‍ ഒരു വീഴ്ചയും വേണ്ട.' അങ്കിത തന്റെ പോസ്റ്റില്‍ കുറിക്കുന്നു. 

'ഇത് നിങ്ങളുടെ ശരീരമാണ്. ഓരോ ശാസോച്ഛ്വാസവും ഒരോ അത്ഭുതമാണ്. എന്ത് രൂപത്തിലായാലും ശരീരത്തെ ബഹുമാനിക്കുക. ഒരുപാട് പരിഗണന നല്‍കിയില്ലെങ്കിലും നല്‍കുന്ന അല്‍പം ശ്രദ്ധയില്‍ പോലും വലിയ മാറ്റങ്ങളുണ്ടാവും.' സ്വന്തം ശരീരത്തെ സ്‌നേഹിക്കൂ എന്നാണ്‌ അങ്കിത പറയുന്നത്.

Content highlights: Ankita Konwar shares new Instagram post on body positivity