'നിങ്ങള്‍ പറഞ്ഞത് ശരിയാണ്. ഞാന്‍ അജ്മല്‍ കസബാണ്.' ശാന്തമായിരുന്നു കസബിന്റെ പ്രതികരണമെന്ന് അഞ്ജലി ഓര്‍ക്കുന്നു.
2008-ലെ മുംബൈ ഭീകരാക്രമണം നടന്ന സ്ഥലങ്ങളില്‍ ഒന്നായ കാമ ഹോസ്പിറ്റലിലെ നഴ്‌സാണ് അഞ്ജലി. ഭീകരാക്രമണത്തില്‍ പോലീസ് പിടിയിലായ അജ്മല്‍ കസബ് എന്ന കൊടുംഭീകരനെ തിരിച്ചറിഞ്ഞത് ഇവരാണ്. തിരിച്ചറിയല്‍ പരേഡിനായി പോലീസിന്റെ വിളി വന്നപ്പോള്‍ ഭയം തന്നെയായിരുന്നു അഞ്ജലിയില്‍ മുന്നിട്ട് നിന്നത്. പക്ഷേ കസബ് എന്ന കൊടുംഭീകരന്‍ തിരിച്ചറിയപ്പെടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പോലീസ് പറഞ്ഞുമനസ്സിലാക്കിയതോടെ അഞ്ജലി തയ്യാറായി. ആ തീരുമാനത്തില്‍ അഞ്ജലിയുടെ കുടുംബം സംതൃപ്തരായിരുന്നില്ല. താനാരെന്ന് വെളിപ്പെടുത്തില്ല എന്ന ധൈര്യത്തിലാണ് തിരിച്ചറിയില്‍ പരേഡിന് അഞ്ജലി ആര്‍തര്‍ റോഡ് ജയിലിലേക്ക് എത്തിയത്. എന്നാല്‍ പ്രതീക്ഷയെ അസ്ഥാനത്താക്കി എല്ലാവരുടെയും മുന്നില്‍ വെച്ച് കസബിനെ അഞ്ജലിക്ക് ചൂണ്ടിക്കാണിക്കേണ്ടി വന്നു. പക്ഷേ തികച്ചും ശാന്തമായ കസബിന്റെ പ്രതികരണം അഞ്ജലിയെ ഭയപ്പെടുത്തി. 'എന്റേയും കുടുംബത്തിന്റേയും സുരക്ഷിതത്വത്തെ കുറിച്ച് ആ നിമിഷം മുതല്‍ എനിക്ക് ഭയം തോന്നി. വീണ്ടും ദു:സ്വപ്‌നങ്ങള്‍ വേട്ടയാടി തുടങ്ങി.' അഞ്ജലി ഓര്‍ക്കുന്നു.
കസബിനെ അഞ്ജലി പിന്നെ കാണുന്നത് കോടതിയില്‍ വെച്ചാണ്. നഴ്‌സുമാരുടെ യൂണിഫോം അണിഞ്ഞാണ് അന്ന് അഞ്ജലി കോടതിയില്‍ ഹാജരായത്. യൂണിഫോം തനിക്ക് ആത്മവിശ്വാസം പകരുമെന്നായിരുന്നു അഞ്ജലിയുടെ വിശ്വാസം. 'കൃത്യമായി മറുപടി നല്‍കി കോടതിയില്‍ നിന്ന് പുറത്തുകടന്നപ്പോള്‍ എന്നെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്തു. സാധാരണ വസ്ത്രങ്ങളിലായിരുന്നെങ്കില്‍ അത്ര ആത്മവിശ്വാസത്തോടെ കോടതിയില്‍ ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല.'
2008 നവംബര്‍ 26-ന് കാമ ആശുപത്രിയില്‍ അതിക്രമിച്ചു കയറിയ കസബിന്റെയും സുഹൃത്തിന്റെയും കണ്ണില്‍ പെടാതെ 20 ഗര്‍ഭിണികളെയും അവരുടെ ബന്ധുക്കളെയും രക്ഷിക്കാനുള്ള മനോബലം അഞ്ജലിക്ക് കിട്ടിയതും അതേ യൂണിഫോമില്‍ നിന്ന് തന്നെയാണെന്നാണ് അവര്‍ പറയുന്നത്. 'എനിക്കതിന് കഴിഞ്ഞത് ഞാന്‍ അണിഞ്ഞ യൂണിഫോമിന്റെ കരുത്തുകൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. ആ യൂണിഫോമിന് ഒരു പ്രത്യേകതയുണ്ട് അതണിഞ്ഞാല്‍ നാം രോഗിയെ കുറിച്ച് മാത്രമേ ചിന്തിക്കൂ. നമ്മളെ കുറിച്ച് ഓര്‍ക്കില്ല.'
എന്നത്തേയും പോലെ രാത്രി ഡ്യൂട്ടിക്കായി എത്തിയതായിരുന്നു അഞ്ജലി. 20 ഗര്‍ഭിണികളുള്ള വാര്‍ഡിലായിരുന്നു അഞ്ജലിയുടെ ഡ്യൂട്ടി. പ്രസവ സമയമടുത്തവരായിരുന്നു എല്ലാവരും. ഭീകരര്‍ മുംബൈയില്‍ ആക്രമണമഴിച്ചുവിട്ടതൊന്നും അഞ്ജലി അറിഞ്ഞിരുന്നില്ല. ഡ്യൂട്ടിക്കിടയിലാണ് പുറത്ത് വെടിവെപ്പ് നടക്കുന്നുണ്ടെനന്നും എല്ലാവരും ജാഗരൂകരായി ഇരിക്കണമെന്നും അറിയിപ്പ് ലഭിക്കുന്നത്. വെടിവെപ്പിന്റെ ശബ്ദം ആശുപത്രിക്കടുത്തായി കേട്ടുതുടങ്ങി. ജനലിന്റ സമീപത്തെത്തി പുറത്തുനടക്കുന്നത് വീക്ഷിക്കുന്നതിനിടയിലാണ് രണ്ടുതീവ്രവാദികള്‍ ആശുപത്രി മതില്‍ ചാടിക്കടന്ന് ഉള്ളിലേക്ക് പ്രവേശിക്കുന്നത് അഞ്ജലിയുടെ ശ്രദ്ധയില്‍ പെട്ടത്.
'രണ്ടു തീവ്രവാദികള്‍ ഓടിവരുന്നത് കണ്ടു, അവര്‍ക്ക് പിറകെ രണ്ടു കോണ്‍സ്റ്റബിള്‍മാരും ഉണ്ടായിരുന്നു. അവര്‍ മതില്‍ ചാടിക്കടന്ന് ആശുപത്രി പരിസരത്തേക്ക് കയറി. ജനലില്‍ ഞങ്ങള്‍ നില്‍ക്കുന്നത് കണ്ട് രണ്ടു തവണ അവര്‍ വെടിയുതിര്‍ത്തു. ആദ്യതവണ വെടിയുതിര്‍ത്തപ്പോള്‍ ലൈറ്റുകളും മറ്റും തകര്‍ന്നു. ഞങ്ങള്‍ ഉടന്‍ അവിടെ നിന്ന് മാറി. എന്നാല്‍ ആശുപത്രിക്കുള്ളിലുള്ളവര്‍ സംഭവിച്ചതൊന്നും അറിയാതെ ജോലി തുടരുകയായിരുന്നു. പെട്ടെന്ന് അവിടയെത്തിയ ഒരു നഴ്‌സാണ് എല്ലാം തകര്‍ന്നുകിടക്കുന്നത് കണ്ട് കാര്യമന്വേഷിച്ചത്. സംഭവിച്ചത് ഞാന്‍ പറഞ്ഞതോടെ വാര്‍ഡിനുള്ളില്‍ നിലവിളി ഉയര്‍ന്നു. ആശുപത്രിക്കുള്ളിലുള്ള എല്ലാവരും പരിഭ്രാന്തരായി.
പുറത്തേക്കിറങ്ങിയ ഞാന്‍ കണ്ടത് രണ്ടുവാച്ചര്‍മാരെ അവര്‍ വെടിവെച്ചിട്ടിരിക്കുന്നതാണ്. അതോടെ എനിക്ക് ഭയമേറി. എന്റെ വാര്‍ഡില്‍ 20 ഗര്‍ഭിണികളാണ് ഉണ്ടായിരുന്നത്. ഞാന്‍ ഓടിച്ചെന്ന് വാര്‍ഡിന്റെ പ്രധാനവാതില്‍ അടച്ചു താഴിട്ട് പൂട്ടി. അവര്‍ രണ്ടുപേരും ഗോവണിയിലൂടെ ഓടി മുകളിലേക്ക് വരുന്നത് അതിനിടയില്‍ ഞാന്‍ കണ്ടു. 20 ഗര്‍ഭിണികളേയും വാര്‍ഡിനറ്റത്തുള്ള ചെറിയ പാന്‍ട്രിയിലെത്തിച്ചു. ആശുപത്രിക്കകം വെടിയൊച്ചകള്‍ മുഴങ്ങുകയായികുന്നു. ആശുപത്രി കെട്ടിടം ഒന്നാകെ ഭൂമികുലുക്കം വന്നാലെന്ന പോലെ കുലുങ്ങുന്നുണ്ടായിരുന്നു. ഇതിനിടയിലാണ് ഗര്‍ഭിണിയായ ഒരു യുവതിക്ക് പ്രസവ വേദന ആരംഭിച്ചത്. ഞാനവരെ വാര്‍ഡിനകത്തുള്ള ശുചിമുറിയിലേക്ക് എത്തിച്ചു. കഴിയുന്നിടത്തോളം വേദന സഹിക്കണമെന്ന് അവരോട് ഞാന്‍ പറഞ്ഞു. പക്ഷേ വേദന കൂടാന്‍ തുടങ്ങിയതോടെ അവരുടെ കൈപടിച്ച് ഞാന്‍ ലേബര്‍റൂമിലേക്ക് മെല്ലെയിറങ്ങി. ചുമരിനോട് ചേര്‍ന്ന് ഞങ്ങള്‍ പതുക്കെ നീങ്ങി. എനിക്കെന്ത് സംഭവിച്ചാലും പിറക്കാനിരിക്കുന്ന കുഞ്ഞിനും ആ അമ്മയ്ക്കും ഒന്നും സംഭവിക്കരുതെന്നായിരുന്നു എന്റെ പ്രാര്‍ഥന.'
പന്ത്രണ്ട് മണിക്കൂറുകള്‍ക്കൊടുവിലാണ് അന്ന് കാര്യങ്ങള്‍ നിയന്ത്രണ വിധേയമായത്. സമചിത്തത കൈവിടാതെ, ധൈര്യപൂര്‍വം പ്രതിസന്ധിഘട്ടത്തെ തരണം ചെയ്‌തെങ്കിലും തനിക്കുചുറ്റുമുണ്ടായിരുന്നവരുടെ ജീവന്‍ രക്ഷിച്ചെങ്കിലും അഞ്ജലിയെ അത് കുറച്ചൊന്നുമല്ല മാനസികമായി ബാധിച്ചത്. ഒരു ചെറിയ ശബ്ദം പോലും ഉറക്കം കളയുന്ന ഘട്ടത്തിലേക്ക് അവരെയെത്തിച്ചു. ഒരു കൗണ്‍സലിങ്ങിന് ഒടുവിലാണ് സാധാരണ മനോനിലയിലേക്ക് അഞ്ജലിയടക്കം ആ ആശുപത്രിയിലെ നിരവധി പേര്‍ തിരിച്ചെത്തിയത്.
മുംബൈ ഭീകരാക്രമണം നടന്ന് വര്‍ഷം തികയുമ്പോള്‍ അഞ്ജലി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. രാജ്യം അഞ്ജലിയുടെ ധൈര്യത്തെ പ്രകീര്‍ത്തിക്കുമ്പോള്‍ അഞ്ജലിയുടെ മനസ്സില്‍ തെളിയുന്നത് നിഷ്‌കളങ്കമായ പുഞ്ചിരി വിടര്‍ത്തുന്ന, പതിനൊന്ന് വയസ്സിലേക്കെത്തുന്ന ഇരുപത് കുരുന്നുമുഖങ്ങളാണ്.
Content Highlights: Mumbai Terrorist Attack, Anjali Kulthe who saved the life of 20 pregnant women from the terrorist