anitha
അനിതാ ഖോലെ

റോഡില്‍ ബ്ലോക്കുണ്ടാകുന്നത്, ഓടിക്കാനറിയാത്ത ഏതെങ്കിലും സ്ത്രീ വാഹനവുമായി പുറത്തിറങ്ങിയതു കൊണ്ടാകും എന്ന് പലരും തമാശ പറയാറുണ്ട്. അങ്ങനെയുള്ളവര്‍ അനിതാ ഖോലെയെന്ന ബെംഗളുരു സ്വദേശിനിയെ പരിചയപ്പെടുന്നത് നന്നായിരിക്കും. കാരണം മറ്റൊന്നുമല്ല, ഇന്ത്യയുടെ കാര്‍ റേസിങ് ട്രാക്കിലെ മിന്നും താരമാണ് ഇവര്‍.

രാജ്യാന്തര റാലിയില്‍ പങ്കെടുത്ത ആദ്യ ഇന്ത്യന്‍ വനിതയെന്ന പ്രത്യേകത അനിതയ്ക്കാണ്. മലേഷ്യയില്‍ നടന്ന ഏഷ്യാ പസഫിക് റാലി ചാമ്പ്യന്‍ ഷിപ്പിലായിരുന്നു ഇത്. എന്നാല്‍ റേസിങ്ങില്‍ മാത്രമല്ല, ഫാഷന്‍ രംഗത്തെയും ശ്രദ്ധേയ സാന്നിദ്ധ്യമാണ്‌ അനിത. 2003 മുതല്‍ റേസിങ് രംഗത്തെ സജീവസാന്നിദ്ധ്യമാണ് ഇവര്‍. ചീറിപ്പായുന്ന കാറുകളോടും ബൈക്കുകളോടുമുള്ള ഇഷ്ടക്കൂടുതലാണ് അനിതയെ റേസിങ് ട്രാക്കിലേക്ക് എത്തിച്ചത്.

റേസിങ്ങിനോടുള്ള തന്റെ ഇഷ്ടത്തിനു പിന്നില്‍ ഭര്‍ത്താവ് രൂപേഷാണെന്നാണ് അനിത പറയുന്നത്. എന്നാല്‍ ആദ്യകാലത്തൊന്നും റേസിങ് പ്രൊഫഷനാക്കണമെന്ന് വിചാരിച്ചിരുന്നില്ല. അതുകൊണ്ടാണ് 1998 ല്‍ മിസ് ബെംഗളുരു സൗന്ദര്യ മല്‍സരം വിജയിച്ചതോടെ ഫാഷന്‍ രംഗത്തേക്ക് തിരിഞ്ഞത്. കോളേജ് പഠനം പൂര്‍ത്തിയാക്കി നേരെ ഫാഷന്‍ ഡിസെനിങ്ങിലേക്ക്. ദ ഡിസൈനര്‍ എന്‍സെംബിള്‍ എന്ന സ്ഥാപനത്തിന്റെ പിറവി അങ്ങനെയായിരുന്നു.

മന്ദിരാ ബേദി, അനുഷ്‌കാ ശര്‍മ, പ്രതീക് ബബ്ബാര്‍, സോനല്‍ ചൗഹാന്‍, മഹേന്ദ്രസിങ് ധോണി തുടങ്ങിയ പ്രമുഖരെയും ദ ഡിസൈനര്‍ എന്‍സെംബിള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. ഐ പി എല്‍ മല്‍സരങ്ങളിലെ ചിയര്‍ ഗേള്‍സിനായി വസ്ത്രങ്ങള്‍ രൂപകല്‍പന ചെയ്യുന്നതും അനിതയാണ്.

anitha

ഫാഷന്‍ റാമ്പില്‍നിന്ന് റേസിങ് ട്രാക്കിലേക്കുള്ള അനിതയുടെ തിരികെയാത്ര 2003 ലായിരുന്നു. പഴയമോഹം തിരികെയെത്തിയതോടെ ഒരു റാലി കാറും അനിത സ്വന്തമാക്കി.

മാത്രമല്ല കാര്‍ റാലിയോട് താല്‍പര്യമുള്ള സ്ത്രീകളുടെ ഒരു സംഘം രൂപവത്കരിക്കുകയും ചെയ്തു. തുടര്‍ന്ന് ദേശീയതലത്തിലുള്ള മല്‍സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. നാലുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2007 ലാണ് അനിത വീണ്ടും റേസിങ് ട്രാക്കിലെത്തുന്നത്. ആദ്യത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നായിരുന്നു ആ ഇടവേള.

2007 ല്‍ വീണ്ടും ട്രാക്കിലേക്ക്. എന്നാല്‍ ഇത്തവണത്തെ ലക്ഷ്യം പക്ഷേ അന്താരാഷ്ട്ര മല്‍സരങ്ങളായിരുന്നു. അങ്ങനെ തന്റെ സുബാരു ഡബ്ല്യൂ ആര്‍ എക്‌സുമായി ബെംഗളുരുവിലെ ട്രാക്കുകളിലൂടെ അനിത പരിശീലനം പുനരാരംഭിച്ചു.

anitha

ഭര്‍ത്താവ് നാവിഗേറ്ററുടെ (റേസിങ് മല്‍സരങ്ങളില്‍ മല്‍സരാര്‍ഥിക്ക് വഴി പറഞ്ഞു കൊടുക്കുന്നയാള്‍) സീറ്റിലെത്തിയതും അനിതയ്ക്ക് പ്രോല്‍സാഹനമായി. പ്രോട്ടോണ്‍ സാട്രിയ നിയോ 1.6 ഡബ്ല്യൂ ഡിയിലായിരുന്നു മലേഷ്യയില്‍ നടന്ന മല്‍സരത്തില്‍ അനിത പങ്കെടുത്തത്.

പങ്കെടുത്തതില്‍ വച്ച് ഏറ്റവും പ്രയാസമേറിയ മല്‍സരമായിരുന്നു മലേഷ്യയിലേത്. മല്‍സരത്തിനു തൊട്ടു മുമ്പ് പെയ്ത മഴ റേസിങ് ട്രാക്ക് ഒഴുക്കി കളഞ്ഞിരുന്നു. വഴുക്കലുള്ള വഴിയിലൂടെയായിരുന്നു ആദ്യദിവസം വാഹനം ഓടിക്കേണ്ടി വന്നത്.

എന്നാല്‍ രണ്ടാമത്തെ ദിവസം അനിത സ്ട്രാറ്റജി മാറ്റി പരീക്ഷിച്ചു. റാലി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ക്കണ്ടാണ് രണ്ടാമത്തെ ദിവസം ട്രാക്കിലിറങ്ങിയത്. അറുനൂറ് കിലോമീറ്റര്‍ ദൂരമാണ് അനിത താണ്ടിയത്. എഫ് ഐ എ ആര്‍ സി 5 കാറ്റഗറിയില്‍ വിജയകിരീടം ചൂടിയാണ് അനിത തിരികെയെത്തിയത്.