ന്തുകൊണ്ടാണ് പെണ്‍കുട്ടികള്‍ കൂടുതല്‍ ബഹുമാനവും സ്‌നേഹവും അര്‍ഹിക്കുന്നത്? ചോദിക്കുന്നത് ഹോളിവുഡ് നടി ആഞ്ജലീന ജോളിയാണ്. വനിതാ ദിനത്തില്‍ തന്റെ പെണ്‍മക്കള്‍ക്കായി എഴുതിയ കുറിപ്പിന്റെ തലക്കെട്ടാണ് ഈ ചോദ്യം. 

നാല്‍പത്തിനാല്കാരിയായ താരത്തിന് ആറ് മക്കളാണ്. പതിനെട്ട്കാരനായ മഡോക്‌സ്, പതിനാറ് വയസ്സുള്ള പാക്‌സ്, പതിനഞ്ചുകാരി സഹാറ, പതിമൂന്ന് വയസ്സുള്ള ഷിലോഹ, പതിനൊന്ന്കാരായ ഇരട്ടകള്‍ വിവിയനും നോക്‌സും. താരത്തിന്റെ രണ്ട് പെണ്‍മക്കള്‍ രണ്ട് മാസം മുമ്പ് ചില സര്‍ജറികള്‍ക്ക് വിധേയരായിരുന്നു.

'ഞാന്‍ ഇതേപറ്റി എഴുതുന്നത് അവരുടെ എല്ലാ സ്വകാര്യതയെയും മാനിച്ചുകൊണ്ടാണ്. അവരാണ് എന്നെ ഇത് തുറന്ന് പറയാന്‍ പ്രേരിപ്പിച്ചതും. ആശുപത്രി ജീവിതം എത്ര വെല്ലുവിളി നിറഞ്ഞതാണെന്നും അവര്‍ അതൊക്കെ നേരിട്ടതെങ്ങനെയെന്നും വളരെ അഭിമാനത്തോടെ എനിക്കിപ്പോള്‍ പറയാനാകും' താരം കുറിച്ചു.

'അവര്‍ പരസ്പരം കെയര്‍ ചെയ്യുന്നതാണ് എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത്.  ചെറിയ വഴക്കുകള്‍ പോലും മറന്ന് രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും സഹായിക്കുകയായിരുന്നു. എന്റെ ആണ്‍മക്കളും അവര്‍ക്കൊപ്പം എല്ലാ താങ്ങുംതണലുമായി നിന്നു.' ആഞ്ജലീന ജോളി തുടരുന്നു. 

woman

'സ്ത്രീകള്‍ക്കുള്ള സ്വാഭാവിക സിദ്ധിയാണ് ഇതെന്നാണ് അവര്‍ പറയുന്നത്. ലോകത്തുള്ള എല്ലാ സ്ത്രീകളും ഇങ്ങനെയാണ്. ചുറ്റുമുള്ളവരെ സ്‌നേഹിക്കാനും താങ്ങാകാനും അവര്‍ തങ്ങളുടെ ജീവിതം മാറ്റി വയ്ക്കും. അവരുടെ ആ മാറ്റി വയ്ക്കലിന് ഒരുപാട് വിലയുണ്ട്.' ഇതിനൊപ്പം പെണ്‍കുട്ടികള്‍ തങ്ങള്‍ക്ക് വേണ്ടികൂടി സമയം മാറ്റി വയ്ക്കണമെന്നും നടി പറയുന്നു. 

'ചെറിയ പെണ്‍കുട്ടി ആയിരിക്കുമ്പോള്‍ തന്നെ അവള്‍ മറ്റുള്ളവരെ പരിഗണിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കും. അവള്‍ വളര്‍ന്ന് സ്ത്രീ ആകുമ്പോഴും ഇതേ വിട്ടുവീഴ്ചകളും പരിഗണനകളുമാണ് മറ്റുള്ളവര്‍ ആഗ്രഹിക്കുന്നത്. ഇതോടെ ചുറ്റുമുള്ളവര്‍ക്ക് വേണ്ടി ജീവിക്കുമ്പോഴാണ് തങ്ങളുടെ ജീവിതം പൂര്‍ണമാകുന്നതെന്ന് പെണ്‍കുട്ടികളും ചിന്തിച്ചു തുടങ്ങും. തങ്ങള്‍ക്ക് വേണ്ടി ജീവിച്ചാല്‍ അത് സ്വാര്‍ത്ഥതയാണെന്ന് കരുതും. അവരുടെ ഈ നിഷ്‌കളങ്കത ഒരിക്കലും മുതലെടുക്കപ്പെടരുത്. അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക തന്നെ വേണം. 

ഇനി വരുംകാലം, സ്വയം ചെലവഴിക്കുന്ന സമയത്തെ പറ്റി പെണ്‍കുട്ടികള്‍ക്ക് കുറ്റബോധം തോന്നേണ്ടതില്ല. നമ്മള്‍ സ്വയം സന്തോഷിച്ചില്ലെങ്കില്‍ എങ്ങനെയാണ് ചുറ്റുമുള്ളവരെ നമുക്ക് സന്തോഷിപ്പിക്കാനാവുക?'  താരം ചോദിക്കുന്നു.   

Content Highlights: Angelina Jolie wrote about Why Girls Deserve Love and Respect