സിനിമാതാരങ്ങള്‍ മിക്കവരും തങ്ങളുടെ ജീവിതം സോഷ്യല്‍ മീഡിയകളില്‍ ആഘോഷമാക്കുമ്പോള്‍ അതില്‍ നിന്ന് പുറത്തു നില്‍ക്കുന്ന ചിലരുണ്ട്.  അതിലൊരാളാണ് ഹോളിവുഡ് താരവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ആഞ്ജലീന ജോളി. തന്റെ കുടുംബ വിശേഷങ്ങള്‍ അധികമൊന്നും താരം ആരാധകരുമായി പങ്കുവയ്ക്കാറില്ല. പങ്കാളിയും ഹോളിവുഡ് താരവുമായ ബ്രാഡ് പിറ്റുമായി പിരിഞ്ഞ ആഞ്ജലീന ജോളി ലോസ് ഫെലിസ് റെഡിഡന്‍സില്‍ തന്റെ ആറ് മക്കള്‍ക്കൊപ്പമാണ് താമസം. എന്നാല്‍ മാതൃത്വം എന്നത് താന്‍ സങ്കല്‍പിച്ചിരുന്നതുപോലെ ഒന്നല്ല എന്ന് തുറന്നു പറയുകയാണ് താരമിപ്പോള്‍.

വോഗിന് നല്‍കിയ അഭിമുഖത്തിലാണ് അമ്മയായിരിക്കുന്നതിന്റെ വെല്ലുവിളികളെ പറ്റി താരം മനസ്സു തുറക്കുന്നത്. വീട്ടിലെ ഒരു സാധാരണ ദിവസം എങ്ങനെയാണ് എന്ന ചോദ്യത്തിനാണ് താരം ഇങ്ങനെ മറുപടി നല്‍കിയത്. വീട്ടിലിരിക്കുന്ന അമ്മ എന്ന റോളിന് താന്‍ ഒട്ടും യോജിക്കില്ല എന്നാണ് ആഞ്ജലീന ജോളിയുടെ മറുപടി. 

'വെറുതേ വീട്ടിലിരിക്കാന്‍ എനിക്കു പറ്റില്ല. ധാരാളം മക്കള്‍ വേണമെന്നും അവരെയൊക്കെ നോക്കി വീട്ടിലിരിക്കണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. എന്നാല്‍ എപ്പോഴും കാട്ടിലലഞ്ഞു തിരിയുന്ന ജെയിന്‍ ഗുഡാലിനെയാണ് (ബ്രിട്ടീഷ് ശാസ്ത്രജ്ഞ) അപ്പോളെനിക്ക് ഓര്‍മ വരുന്നത്. '

women

ഒരു പരമ്പരാഗത അമ്മയുടെ റോളില്‍ തന്നെ സങ്കല്‍പിക്കാനാവില്ലെന്നും താരം പറയുന്നു. 'മക്കളുടെ കാര്യങ്ങള്‍ നോക്കി വീട്ടില്‍ തന്നെയിരിക്കുന്ന അമ്മയാവാന്‍ എനിക്കു കഴിയില്ല. ഞാന്‍ മികച്ച ഒരു അമ്മയല്ല.  എന്നാല്‍ എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാന്‍ കഴിയുന്നത് മക്കളുടെ സഹായം ഉള്ളതുകൊണ്ടുകൂടിയാണ്.'

മക്കളെല്ലാം വളരെ സ്വയം പര്യാപ്തരാണെന്നും, എന്ത് കാര്യം ചെയ്യുമ്പോഴും അവർ ഒറ്റക്കെട്ടാണെന്നുമാണ് താരത്തിന്റെ അഭിപ്രായം. 'നമ്മള്‍ ശ്രമിക്കുക, അവരെ സ്‌നേഹിക്കുക..' നല്ല അമ്മയാവാന്‍ ഇത്രയും മതിയെന്നാണ് ആഞ്ജലീന ജോളി പറയുന്നത്.

പത്തൊമ്പത് കാരനായ മഡോക്‌സ്, പതിനാറുകാരനായ പാക്‌സ്, പതിനഞ്ചുകാരിയായ സഹാറ, പതിനഞ്ചുകാരനായ ഷിലോഹ, പന്ത്രണ്ട് വയസ്സുള്ള ഇരട്ടകളായ വിവിയന്‍ നോക്‌സ് എന്നിവരാണ് മക്കള്‍. 

Content Highlights: Angelina Jolie Reveals How Motherhood is Different than What She Imagined