ലോകത്തിലെ ഏറ്റവും ലാഭകരമായി നടക്കുന്ന കമ്പനി. അവരുടെ ഉത്പന്നം വാങ്ങാനാകട്ടെ രാത്രിവരെ നീളുന്ന ക്യൂ. ഈ വിതരണ ശൃംഖലയുടെ ചുമതല വഹിക്കുവാന്‍ ഒരാളെ വേണം. 

കമ്പനി തുടങ്ങി പതിനഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അങ്ങനെയാണ് ആദ്യമായി ആപ്പിള്‍ അവരുടെ റീട്ടെയില്‍ ഷോപ്പുകളുടെ രൂപ കല്പനയില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിക്കുന്നത്. ആരായിരിക്കണം അത് ചെയ്യേണ്ടതെന്നും റീട്ടെയില്‍ വിഭാഗത്തിന്റെ ഏറ്റവും ഉന്നത സ്ഥാനത്ത് വരേണ്ടത് ആരെന്നും ആപ്പിള്‍ സി.ഇ.ഒ. ടിം കുക്കിന് കൂടുതല്‍ ആലോചിക്കേണ്ടി വന്നില്ല. ബര്‍ബറി എന്ന കമ്പനിയുടെ സി.ഇ.ഒ. ആയ ആഞ്ചെല ജീന്‍ ഹാറെന്‍ഡ്സിനെയാണ് ടിം കുക്ക് കണ്ടെത്തിയത്.

ആഞ്ചെലയ്ക്ക് നറുക്ക് വീണെങ്കിലും ജോലിക്ക് എത്തിയത് ജോണ്‍ ബ്രോവെറ്റ് ആയിരുന്നു. ലാഭം കൂട്ടുവാന്‍ വേണ്ടി മാര്‍ജിന്‍ കുറയ്ക്കുക എന്നുള്ള സാഹസത്തിനായിരുന്നു ജോണ്‍ ആദ്യം മുതിര്‍ന്നത്. മാത്രമല്ല റീട്ടെയില്‍ ജോലിക്കാരുടെ ശമ്പളം കുറയ്ക്കുക , അവര്‍ക്കുള്ള അലവന്‍സുകള്‍ കുറയ്ക്കുക തുടങ്ങിയ നടപടികള്‍ കാരണം തൊഴിലാളികള്‍ എതിര്‍പ്പ് കാണിക്കുവാന്‍ തുടങ്ങി. കഷ്ടിച്ച് അഞ്ച് മാസം കഴിഞ്ഞ് ടിം കുക്ക് ജോണ്‍ ബ്രോവൈറ്റിനെ പുറത്താക്കി.

ജോണ്‍ ബ്രോവൈറ്റിനെ പുറത്താക്കിയതിന് ശേഷമാണ് ടിം ആഞ്ചെലയുമായി നേരില്‍ കാണുന്നത്. 'കണ്ട നിമിഷം തന്നെ അത് സംഭവിച്ചു. നിയമനത്തിന്റെ സാങ്കേതിക കാര്യങ്ങള്‍ മാത്രമെ പിന്നീട് ബാക്കിയുണ്ടായിരുന്നുള്ളൂ' എന്ന് ടിം പിന്നീട് പറഞ്ഞു. 

എങ്കിലും ടിം വിചാരിച്ച പോലെ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ആഞ്ചെല അന്ന് ഇംഗ്ലണ്ടിലാണ്. അവിടെ നിന്ന് 5000 മൈല്‍ അകലെയുള്ള ആപ്പിള്‍ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ജോലിക്ക് എത്തുവാന്‍ കുടുംബം ഉള്‍െപ്പടെ എല്ലാവരും അമേരിക്കയിലേക്ക് കൂട് മാറി. 

ആപ്പിളിന്റെ വെബ്സൈറ്റില്‍ പറയുന്നത് പ്രകാരം ആഞ്ചെല ആപ്പിളിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഓഫ് റീട്ടെയില്‍ എന്ന സ്ഥാനം വഹിക്കുന്നു. സ്ട്രാറ്റജി, റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഡെവലപ്‌മെന്റ്, ഓണ്‍ലൈന്‍ സ്റ്റോറുകള്‍, നേരിട്ടുള്ള സ്റ്റോറുകള്‍, കോണ്‍ടാക്ട് സെന്ററുകള്‍ എന്നിവയുടെ നിയന്ത്രണവും മേല്‍നോട്ടവും ആഞ്ചെലയ്ക്കാണ്. മുകളില്‍ സി.ഇ.ഒ. ആയ ടിം കുക്ക് മാത്രം.

ടിമ്മിനെ കണ്ടപ്പോള്‍ ആഞ്ചെല പറഞ്ഞുതുടങ്ങിയത് ഇങ്ങനെ 'എന്നെക്കുറിച്ചു വായിച്ചതൊന്നും വിശ്വസിക്കരുത്. ഞാന്‍ ഒരു ടെക്കി അല്ല'.  പേടിക്കേണ്ട , എന്റെ അടുത്ത് ധാരാളം ടെക്കികള്‍ ജോലി ചെയ്യുന്നുണ്ടെന്നായി ടിം. റീട്ടെയില്‍ ബിസിനസ് കൈകാര്യം ചെയ്യുവാന്‍ ഞാന്‍ നല്ലൊരു റീട്ടെയില്‍ ബിസിനസ് മാനേജര്‍ ഒന്നുമല്ല എന്നായി ആഞ്ചെല. അത്തരം ആളുകളെ ജോലിക്കെടുക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്ന് കൂടി അവര്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും ലാഭം കൊയ്യുന്ന റീട്ടെയ്ലര്‍ ആണ് ആപ്പിള്‍. അത്തരക്കാരെ എത്ര വേണമെങ്കിലും ഇവിടെ ലഭ്യമാണ് എന്നായിരുന്നു ടിമ്മിന്റെ മറുപടി. അതോടെ ആഞ്ചെല 'വീണു'. 

എന്തുകൊണ്ടാകാം ടിം കുക്ക് ആഞ്ചെലയെ ഈ ജോലിയിലേക്ക് തിരഞ്ഞെടുത്തത്. 1856 മുതല്‍ വസ്ത്ര നിര്‍മ്മാണ രംഗത്തുണ്ടായിരുന്ന കമ്പനിയാണ് ബര്‍ബറി. വൈവിധ്യമാര്‍ന്ന ഡിസൈനുകള്‍ക്ക് പേര് കേട്ട ബര്‍ബറിയുടെ ചെക്ക് പാറ്റേണ്‍ ലോക പ്രശസ്തമാണ്. എങ്കിലും 2006 ആയപ്പോഴേയ്ക്കും കമ്പനിയുടെ മൂല്യം വെറും രണ്ടു ബില്യണ്‍ ആയി കുറഞ്ഞു. ആ സമയത്താണ് ആഞ്ചെല ബര്‍ബറിയുടെ സി.ഇ.ഒ. ആയി ചുമതല എല്ക്കുന്നത്.

ബ്രാ ഉണ്ടാക്കുന്ന വാര്‍ണക്കോ മുതല്‍ ഫിഫ്ത് ആന്‍ഡ് പസിഫിക് കമ്പനീസ് വരെയുള്ള വിവിധ കമ്പനികളില്‍ നിന്ന് നേടിയ പരിചയ സമ്പത്തായിരുന്നു ആഞ്ചെലയെ ബര്‍ബറിയിലെത്തിച്ചത്. ബര്‍ബറിയുടെ ഏറ്റവും വലിയ ശത്രു അവരുടെ തന്നെ ഡിസൈനുകള്‍ ആണെന്ന് തിരിച്ചറിഞ്ഞത് ആഞ്ചെലയാണ്. ആര്‍ക്കും അനുകരിക്കാവുന്ന ഡിസൈനുകള്‍ ആയിരുന്നു അവ. ആഞ്ചെല നിര്‍മ്മാണത്തിന്റെ അനുപാതത്തില്‍ മാറ്റം വരുത്തുകയും കമ്പനിയുടെ പല ഫ്രാഞ്ചൈസികള്‍ വിലയ്ക്ക് വാങ്ങുകയും ചെയ്തു. രണ്ടു ബില്യണില്‍ നിന്ന് ഏഴു ബില്യണ്‍ ആയി കമ്പനിയുടെ മൂല്യം ഉയര്‍ന്നു. 

എന്താണ് അതില്‍ നിന്നുമുണ്ടായ നേട്ടം?

 'ജോലിക്കാരുടെ പരാതികള്‍, ആവശ്യങ്ങള്‍, അവരുടെ നിര്‍ദ്ദേശങ്ങള്‍ ഞാന്‍ നിശ്ശബ്ദം കേട്ടു നിന്നു. അവയുടെ ആകെ തുക ഞാന്‍ വിശകലനം ചെയ്തു. എല്ലാ പരാതിയുടെയും അടിസ്ഥാനം ഒന്നു തന്നെ - ജോലിക്കാരെ മാനേജ്മെന്റിന് വിശ്വാസമില്ല. ആപ്പിളില്‍ എന്ത് സംഭവിക്കുന്നു എന്ന് പല ജോലിക്കാരും അറിയുന്നത് മറ്റ് കമ്പനികളില്‍ നിന്നോ ഇന്റര്‍നെറ്റില്‍ നിന്നോ ആണ്'-ആഞ്ചെലയുടെ വാക്കുകള്‍ 

ആഞ്ചെലയുടെ ആദ്യ നീക്കം എല്ലാ ഷോപ്പുകളുമായി ആഴ്ചയിലൊരിക്കലുള്ള വീഡിയോ കോണ്‍ഫറന്‍സ് ആയിരുന്നു. ജോലിക്കാര്‍ എന്തുചെയ്യണമെന്ന് ആഞ്ചെല പറഞ്ഞില്ല. അവര്‍ക്ക് ടാര്‍ഗറ്റ് നല്‍കിയില്ല. അവരുടെ തെറ്റുകളെ കുറിച്ചു ചോദിക്കുകയോ ശിക്ഷ വിധിക്കുകയോ ചെയ്തില്ല.

പകരം താന്‍ എന്ത് ചെയ്യണമെന്ന് ജോലിക്കാര്‍ പറയുന്നത് ക്ഷമയോടെ അവര്‍ കേട്ടിരുന്നു. മറ്റൊന്ന് പുതുതായി അവര്‍ കൊണ്ടുവന്ന ഒരു ആപ്പ് ആയിരുന്നു. ഇതിലൂടെ ഏത് ജോലിക്കാരനും ആഞ്ചെലയ്ക്ക് സന്ദേശം ഇടാം. നാല്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഒന്നുകില്‍ ആഞ്ചെല നേരിട്ട്, അല്ലെങ്കില്‍ അവരുടെ ഓഫീസില്‍ നിന്ന് ആ ജോലിക്കാരനുമായി ബന്ധപ്പെട്ടിട്ടുണ്ടാകും. എല്ലാ സന്ദേശങ്ങളും അവര്‍ നേരിട്ട് വായിക്കുമെന്നും ഉറപ്പു നല്‍കുന്നു. 

ഷോപ്പില്‍ വരുന്ന കസ്റ്റമറെ സ്വീകരിക്കുന്ന രീതിയിലും വന്നു ചില മാറ്റങ്ങള്‍. കടയില്‍ വരുവാന്‍ നേരത്തെ സമയം കുറിച്ചിട്ടുണ്ടെങ്കില്‍ അതിനു കൃത്യം പത്ത് മിനിറ്റ് മുന്‍പ് ഒരു ടെക്സ്റ്റ് മെസേജ് ലഭിക്കും. ഷോപ്പില്‍ എത്തുമ്പോള്‍ ആപ്പിള്‍ ജോലിക്കാരന്‍ നിങ്ങളെ സ്വീകരിക്കുവാന്‍ തയ്യാറായി എന്നുള്ളതിന്റെ സൂചനയായി ഒരു സന്ദേശം ലഭിക്കും. തിരക്കുള്ളവര്‍ ആണ് ആപ്പിള്‍ ഉപഭോക്താക്കള്‍ എന്നാണ് ആഞ്ചെലയുടെ കണക്കു കൂട്ടല്‍.

അത്തരക്കാരുടെ സമയം വെറുതെ കളയുവാന്‍ ആപ്പിള്‍ തയ്യാറല്ല എന്ന് സാരം. മറ്റൊന്ന് കസ്റ്റമറിനു മേലെ ആപ്പിളിനുള്ള വിശ്വാസമാണ്. വിലയേറിയ വാച്ച് എടുക്കുവാന്‍ വരുന്ന ആളുടെ കൈയ്യില്‍ അത് കെട്ടിക്കൊടുക്കുവാന്‍ ആപ്പിള്‍ തയ്യാറായി. (അതിനു മുന്‍പ് കണ്ണാടിക്കൂട്ടില്‍ ഇരിക്കുന്ന വാച്ച് പുറത്തുനിന്നും കണ്ടു വാങ്ങണമായിരുന്നു). ഓരോ ആപ്പിള്‍ സ്റ്റോറും ഓരോ 'കമ്യൂണിറ്റി സെന്റര്‍' ആയിരിക്കണം എന്നവര്‍ തീരുമാനിച്ചു. 

ഇനിയുമുണ്ട് ആഞ്ചെലയുടെ പരിഷ്‌കാരങ്ങള്‍. എല്ലാ വര്‍ഷവും പത്ത് ശതമാനം ജോലിക്കാര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് സ്ഥലം മാറ്റം നല്‍കുക എന്നുള്ളതാണ് അതിലൊന്ന്. സ്റ്റോര്‍ മാനേജര്‍ മുതല്‍ മാത്രമേ പ്രൊമോഷന്‍ സാധ്യതയുള്ളു എന്നുള്ളതും അവര്‍ മാറ്റി. ജോലിക്കാര്‍ക്ക് ഒരേ പോലെയുള്ള വസ്ത്രങ്ങള്‍. ആഞ്ചെലയോട് നിങ്ങള്‍ എങ്ങനെ ജോലി ചെയ്യണമെന്ന് പറയുവാനുള്ള സ്വാതന്ത്ര്യം, എന്തും ചോദിക്കാനുള്ള സ്വാതന്ത്ര്യം -അതായിരുന്നു പ്രധാനം. 

ഒരു ഉദാഹരണം കേള്‍ക്കണോ? ഒരു ഷോപ്പില്‍ ചെന്ന ആഞ്ചെലയോട് സ്റ്റോര്‍ മാനേജര്‍ ചോദിച്ചത് അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള മണെേമതന്നായിരുന്നു. 'ചുരുട്ടിന്റെ മണം, എന്റെ അച്ഛന്‍ ചുരുട്ട് വലിക്കുമായിരുന്നു'. ഒരു നിമിഷം കഴിഞ്ഞ് അവര്‍ പറഞ്ഞു.

'ഇടയ്ക്ക് എന്റെ ഭര്‍ത്താവും ചുരുട്ട് വലിക്കാറുണ്ട്. അപ്പോള്‍ എനിക്ക് എന്റെ അച്ഛനെ ഓര്‍മ്മ വരും. ആ ചിന്തകള്‍ എനിക്ക് ശാന്തമായ അന്തരീക്ഷവും കുട്ടിക്കാലത്ത് അച്ഛന്റെ അടുത്ത് നിന്ന് ലഭിച്ചിരുന്ന സുരക്ഷിതാ ബോധവും ഒരുക്കിത്തരും'. (കുട്ടിക്കാലത്തെ കളിക്കൂട്ടുകാരനെ പതിനേഴ് വര്‍ഷം പ്രേമിച്ചു നടന്നിട്ടാണ് ആഞ്ചെല വിവാഹം കഴിച്ചത്. ആഞ്ചെല നേരിടുന്ന ചോദ്യങ്ങളില്‍ പ്രേമത്തെക്കുറിച്ച് ഒരെണ്ണമെങ്കിലും ഉണ്ടാകും) 

തങ്ങളെ മാനേജ്മെന്റ് വിശ്വസിക്കുന്നുവെന്നും, തങ്ങള്‍ പറയുന്നതും കൂടി കണക്കില്‍ എടുക്കുന്നുവെന്നുമുള്ള ധാരണ ജോലിക്കാര്‍ക്ക് ഉണ്ടായതോടെ ആപ്പിളിന്റെ ലാഭം കുതിച്ചുയര്‍ന്നു. ജോലിക്കാരുടെ ശമ്പളം ശരാശരി മണിക്കൂറില്‍ 13 ഡോളറില്‍ നിന്ന് 18 ഡോളറായി ഉയര്‍ന്നു. ശമ്പളവും ലാഭ വിഹിതവുമായി ആഞ്ചെലയ്ക്ക് ആദ്യം വര്‍ഷം ലഭിച്ചത് 70 ദശലക്ഷം ഡോളര്‍ ആണെന്നു പറയുമ്പോള്‍ ആപ്പിളിന്റെ വരുമാനം എന്തായിരിക്കും എന്നൂഹിക്കാമല്ലോ. 

 1,00,000 നു മേലെയുള്ള ജോലിക്കാരുടെ അറുപത് ശതമാനവും ജോലി ചെയ്യുന്നത് റീട്ടെയിലില്‍ ആണ്. അവര്‍ ആപ്പിളിന്റെ കച്ചവടച്ചരക്കല്ല. അവരാണ് ആപ്പിളിന് ലാഭം ഉണ്ടാക്കിത്തരുന്നവര്‍. അവര്‍ പറയുന്നത് മനസ്സിലാക്കാതെ, കണക്കിലെടുക്കാതെ ആപ്പിളിനെന്നല്ല ഒരു കമ്പനിക്കും മുന്നോട്ട് പോകുവാന്‍ സാധിക്കുകയില്ല എന്നും കൂടി പറയുന്നു ആഞ്ചെല. അത് തലകുലുക്കി സമ്മതിക്കുന്നു ആപ്പിളിന്റെ സി.ഇ.ഒ. ടിം കുക്ക്. അതു കൊണ്ടാണല്ലോ ആപ്പിളിന്റെ ടോപ് മാനേജ്മെന്റ്റില്‍ ഉള്ള ഏക സ്ത്രീ എന്ന സ്ഥാനം ആഞ്ചെല നേടിയതും പതിനൊന്നു ദശലക്ഷം ഡോളര്‍ വിലവരുന്ന ആപ്പിള്‍ ഷെയര്‍ സ്വന്തമാക്കിയതും.

ടിം കുക്കിന്റെ വരവ്

ബര്‍ബറിയില്‍ ചേരുന്നതിനു മുന്‍പായി പുരുഷന്മാരുടെ വസ്ത്രങ്ങള്‍ക്ക് പേരുകേട്ട ലിസ് ക്ലേയ്ബോണ്‍ ഉത്പന്നങ്ങളുടെ ചുമതലയായിരുന്നു ആഞ്ചെല വഹിച്ചിരുന്നത്. പുരുഷന്മാര്‍ ഒരു കടയില്‍ വന്നാല്‍ എന്തൊക്കെ പ്രതീക്ഷിക്കുന്നുണ്ട് എന്നുള്ളതിനെ കുറിച്ച് ഒരു ധാരണ ആഞ്ചെലയ്ക്കുണ്ടായത് ഈ പരിചയത്തില്‍ നിന്നായിരുന്നു. ആഞ്ചെല ആപ്പിളില്‍ എത്തിയതോടെ രണ്ടു കാര്യങ്ങള്‍ സംഭവിച്ചു. ഓണ്‍ലൈന്‍ വ്യാപാരവും ആപ്പിള്‍ സ്റ്റോറും ബന്ധിപ്പിക്കുക.

ആപ്പിള്‍ സ്റ്റോറിന്റെ ഡിസൈന്‍ അടിമുടി മാറുക. പണ്ടുതന്നെ ആപ്പിളിന്റെ ആരാധികയായിരുന്നു ആഞ്ചെല. ബര്‍ബറിയില്‍ അവര്‍ ഉള്ളപ്പോഴാണ് ആദ്യമായി ഐപാഡ് മാര്‍ക്കറ്റില്‍ എത്തുന്നത്. അന്ന് അവര്‍ നേരിട്ട് ആപ്പിളുമായി ബന്ധപ്പെട്ട് ഐപാഡ് വാങ്ങി തന്റെ എല്ലാ എക്‌സിക്യൂട്ടീവുകള്‍ക്കും ഓരോന്ന് നല്‍കിയെന്ന് മാത്രമല്ല ആപ്പിളിന്റെ ഉദ്യോഗസ്ഥര്‍ നേരിട്ടുവന്ന് ഓരോ എക്‌സിക്യൂട്ടീവിനും വേണ്ട പരിശീലനം നല്‍കുവാന്‍ ഏര്‍പ്പാടുണ്ടാക്കുകയും ചെയ്തു. 2012 ലെ ഫോര്‍ച്യൂണ്‍ മാസികയുടെ കവറില്‍ ആഞ്ചെല പ്രത്യക്ഷപ്പെട്ടത്‌ കൈയ്യില്‍ ഐപാഡുമായാണ്. ഹിലാരി ക്‌ളിന്റണ്‍ന്റെ മാതൃകയില്‍ ആയിരുന്നു ആഞ്ചെലയുടെ തുടക്കം. ആദ്യം നൂറു ഷോപ്പുകള്‍, കോള്‍ സെന്ററുകള്‍ തുടങ്ങിയവ സന്ദര്‍ശിക്കുക