കോട്ടയം: വേളൂര്‍ നഗരസഭ നഴ്‌സറി സ്‌കൂളിലെ അധ്യാപികയെ സ്ഥലം മാറ്റിയതിനെതിരേ പ്രതിഷേധവുമായി മാതാപിതാക്കളും കുട്ടികളും നഗരസഭയിലെത്തി. കഴിഞ്ഞ ദിവസമാണ് വര്‍ഷങ്ങളായി ഇവിടെ പഠിപ്പിക്കുന്ന അധ്യാപികയായ ആന്‍സിയെ കഞ്ഞിക്കുഴി കാച്ചുവേലിക്കുന്ന് സ്‌കൂളിലേക്ക് സ്ഥലംമാറ്റി നഗരസഭാധ്യക്ഷയുടെ നേതൃത്വത്തില്‍ ഉത്തരവിറക്കിയത്.

നഗരസഭയുടെ ഈ നടപടിയില്‍ പ്രതിഷേധിച്ചാണ് ശനിയാഴ്ച രാവിലെ ചര്‍ച്ചയ്ക്കും നിവേദനം സമര്‍പ്പിക്കാനുമാണ് ഇവരെല്ലാം നഗരസഭയിലെത്തിയത്. പി.ടി.എ. പ്രസിഡന്റ് സി.ജി. രഞ്ജിത്ത് നേതൃത്വം നല്‍കി. ഉച്ചയായിട്ടും നഗരസഭാധ്യക്ഷ നഗരസഭയില്‍ വരാത്തതിനെതുടര്‍ന്ന് ഇവര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ലില്ലിക്കുട്ടി മാമന് നിവേദനം സമര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി.വി. ഷൈലയും ഒപ്പമുണ്ടായിരുന്നു.

വേളൂര്‍ നഗരസഭ നഴ്‌സറി സ്‌കൂളില്‍ അടുത്തയിടെ നടന്ന ഉദ്ഘാടനച്ചടങ്ങിന് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ നഗരസഭ തയാറായില്ല. അതോടെ ചടങ്ങ് അലങ്കോലമായി. ഇതാണ് സ്‌കൂളിലെ അധ്യാപികയ്ക്ക് സ്ഥലംമാറ്റം നല്‍കിയതെന്ന് രക്ഷിതാക്കളും പ്രദേശത്തെ കൗണ്‍സിലറും ആരോപിച്ചു.

അധ്യയനവര്‍ഷം അവസാനിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ നഗരസഭ അധ്യക്ഷ ഇടപെട്ട് നടത്തിയ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. മനഃപൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ഭരണപക്ഷാംഗങ്ങള്‍ ശ്രമിച്ചതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

നടപടി മനുഷ്യത്വ രഹിതം

കുട്ടികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാകാതിരുന്നത് മനുഷ്യത്വ രഹിതമായ നടപടിയായിപ്പോയി. സ്റ്റിയറിങ്ങ് കമ്മിറ്റി കൂടിയാണ് ഇപ്പോള്‍ അധ്യാപികയ്ക്ക് സ്ഥലംമാറ്റം നല്‍കിയത്. എന്നാല്‍ കൗണ്‍സിലിനാണ് സ്ഥലംമാറ്റം നല്‍കാനുള്ള അധികാരമുള്ളത്.

വി.വി. ഷൈല (നഗരസഭാ 46ാം വാര്‍ഡ് കൗണ്‍സിലര്‍).

അടുത്ത അധ്യയനവര്‍ഷമേ അധ്യാപികയ്ക്ക് സ്ഥലം മാറ്റമുള്ളൂ

ഈ അധ്യയനവര്‍ഷം തീര്‍ന്ന ശേഷമേ അധ്യാപികയ്ക്ക് സ്ഥലം മാറ്റമുണ്ടാകുകയുള്ളൂ. ഫയലില്‍ വ്യക്തമായി ഞാനത് ചേര്‍ത്തിട്ടുണ്ട്. ഉത്തരവിലെ അവ്യക്തതയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

ഡോ. പി.ആര്‍. സോന (കോട്ടയം നഗരസഭാധ്യക്ഷ).

Content Highlights: anganwadi teacher in kottayam