നെടുമങ്ങാട്: മനുഷ്യജീവിതത്തിന്റെ പച്ചയായ ചിത്രങ്ങള്‍ ലോകസാഹിത്യത്തിന് നല്കിയ ആന്ദ്രേ കുര്‍ക്കോവ് പച്ചിലകള്‍ കൊണ്ട് ജീവിതം തിരികെപ്പിടിക്കുന്ന പദ്മശ്രീ ലക്ഷ്മിക്കുട്ടിയെ കാണാനെത്തി. ആംഗലേയ ജീവിതത്തിന്റെ കാണാപ്പുറങ്ങള്‍ പകര്‍ന്നുനല്‍കിയ വിഖ്യാത എഴുത്തുകാരനാണ് യുക്രൈനില്‍ നിന്നുള്ള നോവലിസ്റ്റ് ആന്ദ്രേ കുര്‍ക്കോവ്.

കാടിനുള്ളില്‍ നിന്നുള്ളൊരു ആദിവാസി സ്ത്രീക്ക് പദ്മശ്രീ കിട്ടിയതറിഞ്ഞാണ് കുര്‍ക്കോവ് ചൊവ്വാഴ്ച രാവിലെ കല്ലാറിലെ കുന്നുകള്‍ കയറി മൊട്ടമൂട് ആദിവാസി ഊരിലെത്തിയത്. 'മാതൃഭൂമി' കനകക്കുന്നില്‍ സംഘടിപ്പിച്ച അക്ഷരോത്സവത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് കുര്‍ക്കോവ് ലക്ഷ്മിക്കുട്ടിയെ പറ്റിയുള്ള വാര്‍ത്തയറിഞ്ഞത്.

ലക്ഷ്മിക്കുട്ടിയോട് ചികിത്സാ സമ്പ്രദായങ്ങളെക്കുറിച്ച് ദ്വിഭാഷിയുടെ സഹായത്തോടെ ചോദിച്ചു മനസ്സിലാക്കി. വിഷചികിത്സയിലെ ലക്ഷ്മിക്കുട്ടിയുടെ പ്രാവീണ്യമാണ് കുര്‍ക്കോവിനെ ഏറെ അദ്ഭുതപ്പെടുത്തിയത്. ഇത്രയും ഉള്‍വനത്തിനുള്ളില്‍ ഒരു 'ഡോക്ടര്‍' ജീവിച്ചിരിക്കുന്നു എന്നതും അവരെത്തേടി ഇത്രയുംപേര്‍ വരുന്നതും അദ്ഭുതപ്പെടുത്തിയതായി കുര്‍ക്കോവ് പറഞ്ഞു.

ലക്ഷ്മിക്കുട്ടിക്ക് കിട്ടിയ പുരസ്‌കാരങ്ങളും ഉപഹാരങ്ങളും അദ്ദേഹം കണ്ടു. ബന്ധുക്കളെ പരിചയപ്പെട്ടു. ലക്ഷ്മിക്കുട്ടി രോഗികളെ ചികിത്സിക്കുന്ന ഈറക്കുടിലും സമീപത്തെ ചെമ്പകമരങ്ങള്‍ നിറഞ്ഞ കാവും കണ്ടാണ് കുര്‍ക്കോവ് മലയിറങ്ങിയത്. ക്യാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്താനും അദ്ദേഹം മറന്നില്ല.

ലക്ഷ്മിക്കുട്ടിയുടെ പേര് നാട്ടുവൈദ്യത്തിന്റെ ഐതിഹ്യത്തില്‍ ഒന്നാമതായി എഴുതിച്ചേര്‍ക്കണമെന്നു കുര്‍ക്കോവ് പറഞ്ഞു.

മ്യൂസിയവും നാട്ടുവൈദ്യശാലയുമൊരുങ്ങുന്നു

ലക്ഷ്മിക്കുട്ടിക്ക് മൊട്ടമൂട് ആദിവാസി ഊരില്‍ നാട്ടുവൈദ്യശാലയും മ്യൂസിയവുമൊരുക്കുന്നു. പാലക്കാട് സ്വദേശിയും സംവിധായകനുമായ ശ്രീകുമാര്‍മേനോനാണ് വനമധ്യത്തില്‍ ഇവയൊരുക്കുക. ആര്‍ക്കിടെക്ട് ശങ്കര്‍ രൂപരേഖയൊരുക്കും. ചൊവ്വാഴ്ച രാവിലെ ശ്രീകുമാര്‍മേനോനും ശങ്കറും ആദിവാസി ഊരിലെത്തി സ്ഥലപരിശോധന നടത്തി.

നിലവിലെ ഈറ്റക്കുടിലിന് സമീപം മണ്ണുകൊണ്ടായിരിക്കും പുതിയ കെട്ടിടം നിര്‍മിക്കുക. മൂന്നു മുറികളും ഒരു ഹാളുമുണ്ടാകും. ഹാള്‍ മ്യൂസിയമായി ഉപയോഗിക്കും. ലക്ഷ്മിക്കുട്ടിക്ക് ഇതുവരെ ലഭിച്ച പുരസ്‌കാരങ്ങള്‍, രേഖകള്‍, പുസ്തകങ്ങള്‍ എന്നിവ ഇവിടെ സൂക്ഷിക്കും. ചികിത്സയ്ക്കും ഇതര സൗകര്യങ്ങള്‍ക്കുമാണ് മറ്റ് മുറികള്‍.

ലക്ഷ്മിക്കുട്ടിയുടെ ഇല്ലായ്മകളെപ്പറ്റി കഴിഞ്ഞ ഞായറാഴ്ച മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇത് വായിച്ചാണ് ശ്രീകുമാര്‍ മേനോന്‍ സഹായസന്നദ്ധതയുമായി മുന്നോട്ടുവന്നത്. സഹായത്തിന് നന്ദിയുണ്ടെന്നും എല്ലാം പൊതുസമൂഹത്തിനു വേണ്ടിയാണെന്നും വ്യക്തിപരമായി ഒന്നുംതന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും ലക്ഷ്മിക്കുട്ടി പറഞ്ഞു.