തൃശ്ശൂര്‍: ബി.എസ്സി. അവസാനവര്‍ഷ വിദ്യാര്‍ഥി അനഘയെയും പ്ലസ് വണ്‍ വിദ്യാര്‍ഥി അശ്വതിയെയും ഒളരി ജോയ് ഹൈപ്പര്‍ മാര്‍ക്കിലെ സെയില്‍സ് ഗേളുകളാക്കിയത് വീട്ടിലെ സാമ്പത്തിക പരാധീനതകളാണ്. ക്ലാസ് തുടങ്ങിയതോടെ പഠനവും ജോലിയും ഒരുമിച്ച് കൊണ്ടുപോവാനാവുമോ എന്നായി ആശങ്ക. എന്നാല്‍, ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമ എം.ജി. ബിജോയുടെ തീരുമാനം മറ്റൊന്നായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയത്ത് ഇവരെ ജോലിയില്‍ നിന്ന് രണ്ടു മണിക്കൂര്‍വരെ ഒഴിവാക്കും. കടയിലെ ഒഴിഞ്ഞയിടങ്ങള്‍ ഇവരുടെ പഠനകേന്ദ്രങ്ങളാവും. ജോലിക്കാരാണെങ്കിലും ഇവര്‍ രണ്ടുപേരും പഠിച്ചുകഴിഞ്ഞുമാത്രം ജോലിയെടുത്താല്‍ മതിയെന്നാണ് ബിജോയ് പറയുക.

എല്‍ത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജിലെ വിദ്യാര്‍ഥിയാണ് അനഘ. അരിമ്പൂര്‍ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥിയാണ് അശ്വതി. അശ്വതിയുടെ അച്ഛന്‍ ശശി വാടകയ്ക്ക് കാറോടിച്ചിരുന്നു. കോവിഡ് വന്നപ്പോള്‍ ജോലിയില്ല. അമ്മ ധന്യക്കും ജോലിയില്ല. മനക്കൊടിയില്‍ വാടകവീട്ടില്‍ കഴിയുന്ന ഈ കുടുംബം അശ്വതിയുടെ വരുമാനത്തിലാണിപ്പോള്‍ കഴിയുന്നത്.

Content Highlights: Anakha and Aswathy in thrissur