രു കുഞ്ഞുണ്ടായപ്പോള്‍ ബോണസായി ഒപ്പം കൂടിയ കുഴിമടിയോടും പൊണ്ണത്തടിയോടും സമരസപ്പെട്ട് അറുബോറന്‍ ദിവസങ്ങളില്‍ ആറാടി നടന്ന എന്നെ അടിമുടി മാറ്റിമറിച്ച അത്യുഗ്രന്‍ അനുഭവ പരമ്പര ഞാനൊന്നു വിവരിച്ചോട്ടെ...
2017-ലെ മെയ്മാസത്തില്‍ ജീവിതത്തില്‍ ആദ്യമായി ഞാനൊരു അമ്മയായി. കഷ്ടിച്ച് രണ്ടരക്കിലയോളം ഭാരമുള്ള ഒരു കുഞ്ഞു ജീവനെ ഭൂമിയിലേക്കെത്തിക്കാന്‍ ആമാശയം അറിയാതെ നാക്കും പല്ലും ചേര്‍ന്നു നടത്തിയ നടത്തിയ ഒമ്പതുമാസത്തെ പോരാട്ടം എന്നെ അടിമുടി മാറ്റി മറിച്ചു. 53 കിലോയില്‍ നിന്ന് ശരീരം 82 കിലോയിലേക്ക് നടത്തിയ അട്ടിമറി പരിവര്‍ത്തനം.
കുട്ടി പുറത്തെത്തുന്നതോടെ പൊണ്ണത്തടിയും സ്വിച്ചിട്ടതു പോലെ പിന്മാറിക്കോളും എന്ന അടിസ്ഥാനമില്ലാത്ത അതിമോഹത്തിന്റെ പിന്‍ബലത്തിലായിരുന്നു എന്റെ തീറ്റയത്രയും.

പക്ഷേ, ഞാന്‍ തോറ്റു തുന്നംപാടി. എത്ര കിണഞ്ഞു ശ്രമിച്ചിട്ടും  ഒരിഞ്ചു പിന്നിലേക്കില്ലെന്ന മട്ടില്‍ ശരീരം വിട്ടുവീഴ്ച്ചയെന്തെന്നറിയാത്ത നിഷ്ഠൂരനായ മല്ലനെപ്പോലെ ഉറച്ചു നിന്നു. എല്ലുന്തി നിന്ന എന്റെ ശരീരത്തിന്റെ കൊഴുപ്പടിഞ്ഞ അവസ്ഥാന്തരത്തെ വീട്ടുകാര്‍ക്കോ കൂട്ടുകാര്‍ക്കോ ഉള്‍ക്കൊള്ളാനാകാതെ പോയ മാസങ്ങള്‍. ആറു മാസത്തിനു ശേഷം ജോലിക്കു തിരികെ ചേരുമ്പോഴേക്കും കുറച്ചെങ്കിലും എനിക്കെന്റെ പഴയ രൂപത്തെ തിരികെപ്പിടിക്കണമെന്ന വാശിയോടെ മൂന്നാം മാസം മുതല്‍ അല്ലറ ചില്ലറ സാഹസങ്ങള്‍ ഞാന്‍ തുടങ്ങി. അതിരാവിലെ അരമണിക്കൂറു നേരത്തെ അലസയാത്രയായിരുന്നു  ആ പദ്ധതിയില്‍ ആകെ വെളിച്ചം കണ്ടത്.

വാരിവലിച്ചു കഴിക്കുന്നതു നിര്‍ത്തി ഭക്ഷണത്തിന്റെ അളവു കുറച്ചതോടെ മൂന്നു മാസം കൊണ്ട് 73 കിലോയിലേക്ക് ഞാന്‍ ശരീരത്തെ ഒട്ടൊന്നു കുറച്ചു. അവധി കഴിഞ്ഞ് ജോലിക്ക് തിരികെ കയറിയതോടെ ആത്മസംഘര്‍ഷങ്ങളുടെ യുദ്ധഭൂമിയില്‍ ഞാന്‍ പെട്ടു പോയി. വാതില്‍ തുറന്നാല്‍ മലപോലെ ഇടിഞ്ഞു വീഴുമെന്ന മട്ടില്‍ അലമാരയ്ക്കുള്ളില്‍ കുത്തി നിറച്ചു സൂക്ഷിച്ച എന്റെ പൊന്നോമനക്കുപ്പായങ്ങളാണ് എന്നെ വേദനിപ്പിച്ചവരില്‍ മുന്നില്‍. ഉടലൊന്നാകെ കടന്നിരുന്ന വ്യാസത്തിനുളളില്‍ എന്റെ ഒരു കൈപോലും കടക്കില്ലെന്ന  അവസ്ഥയില്‍ വലിച്ചു തീരാറായ ഒരു സിഗരറ്റ് കുറ്റി പോലെ ഞാന്‍ പുകഞ്ഞു. നടക്കാനാകാത്ത കാര്യങ്ങളോട് യുദ്ധം ചെയ്യുന്നത് പണ്ടേ എന്റെ ശീലമല്ല. അതുകൊണ്ട് എന്നെ ചതിച്ച കൂറത്തുണികളെ പടിയിറക്കിവിട്ട്  ഞാന്‍ പുത്തന്‍ കുപ്പായങ്ങള്‍ വാരിക്കൂട്ടി. X ഉം XL ഉം XXLഉം നിറഞ്ഞ വാര്‍ഡ്രോബ്...ഫന്റാസ്റ്റിക് അളിയാ ഞാന്‍ സ്വയം എന്നെ അഭിനന്ദിച്ചു തുടങ്ങി.
മടിയും മടുപ്പും കൊഴുപ്പും കൂടിക്കൂടി ചെളിക്കുളത്തില്‍ അടിഞ്ഞ കാണ്ടാമൃഗത്തെപ്പോലെ ഞാന്‍ കൂടുതല്‍ കൂടുതല്‍ ചീര്‍ത്തു വീര്‍ക്കാന്‍ തുടങ്ങി. ഇടതടവില്ലാതെ ഞാന്‍ വികസിച്ചുകൊണ്ടിരുന്നു.ഇരുട്ടല്ലോ സുഖപ്രദം എന്ന കവിവചനം പോലെ തന്നെ മടിയന്മാരുടെ പറുദീസയില്‍ മുടിചൂടാ മന്നനായി ഞാന്‍ അത്യുഗ്രന്‍ ജീവിതം ജീവിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു അതിസാധാരണ ദിവസത്തിലെ അത്രയൊന്നുംതണുപ്പു തോന്നാത്ത ഏഴുമണി നേരത്ത് തലവഴി മൂടിയ പുതപ്പു തുളച്ച് എന്റെ മൊബൈല്‍ നിര്‍ത്താതെ ഒച്ചവെക്കാന്‍ തുടങ്ങി. ഉറക്കത്തെ വിഴുങ്ങിയ ഒച്ചയെ ശപിച്ചു കൊണ്ട് ഞാന്‍ ഫോണെടുത്തു.

ചങ്ങാതിയാണ്... വീടിനടുത്തുള്ള പാടത്ത് തൂക്കണാംകുരുവികള്‍ കൂടുകൂട്ടിയ കാര്യം പറയാന്‍ വിളിച്ചതാണ്. ഉറക്കത്തിന്റെ കൊടുമുടിയില്‍ എന്ത് തൂക്കണാം കുരുവി. വെച്ചിട്ടു പോടേ എന്ന് പറയാനാണ് തോന്നിയതെങ്കിലും കാലങ്ങളായി ഉള്ളിന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന പരിസ്ഥിതി സ്നേഹി ആരോ തോണ്ടിയാലെന്ന പോലെ ചാടി എഴുന്നേറ്റു. തൊട്ടടുത്ത് ഒരു മലപോലെ കിടന്നുറങ്ങുന്ന മറുപാതിയെ ഞാന്‍ തോണ്ടി വിളിച്ചു. കുരുവി...തൂക്കണാം കുരുവി...നിര്‍ത്താതെ ചിലയ്ക്കുന്ന അലാംക്ലേക്കിന്റെ മണ്ടയ്ക്ക് കൊടുക്കാറുള്ളതുപോലൊരു കിഴുക്കായിരുന്നു പ്രതികരണം.

എന്തായാലും അന്ന് നട്ടുച്ചയ്ക്ക് ഞങ്ങള്‍ രണ്ടുപേരും കുരുവിക്കൂട് കാണാന്‍ നാലുകിലോമീറ്ററുകള്‍ക്കപ്പുറമുള്ള വയലിലെത്തി. വഴികാട്ടാന്‍ ചങ്ങാതി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. നാഷണല്‍ ഹൈവേയില്‍ നിന്ന് കഷ്ടിച്ചൊരു രണ്ടു കിലോ മീറ്റര്‍ ദൂരം. അതിമനോഹരമായ വയലേലകള്‍ . അതിനു നടുവിലൂടെ ടാറിട്ട വിജനമായ റോഡ്. ആഹാ, എന്തു ഭംഗി...കണ്ണും കരളും കുതിര്‍ന്നു. വയലോരത്ത് വരമ്പില്‍ നിരന്നു നിന്ന തെങ്ങിന്‍ തലപ്പുകളില്‍ നെല്ലോലകള്‍ ഇഴചേര്‍ത്തു തുന്നിയ കൂടുകള്‍...കുരുവികളെ കാണണമെങ്കില്‍ രാവിലെ എത്തണം... രാവിലെ കുരുവികള്‍ കൂടുവിട്ട് പുറത്തിറങ്ങും. കൂട്ടത്തോടെയാണ് സഞ്ചാരം. എങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ ഇങ്ങെത്തിയാലോ എന്നൊരു ഗൂഢാലോചന ഞങ്ങള്‍ മൂന്നുപേരുടെയും മനസ്സില്‍ ഒരേ സമയം ഉരുത്തിരിഞ്ഞു. അങ്ങനെ മടിയും മടുപ്പുമൊക്കെ മറന്ന് പിറ്റേന്ന് കാലത്ത് കൃത്യം ആറുമണിക്ക് വരമ്പത്ത് ഞങ്ങള്‍ മൂന്നും ഹാജര്‍. കൂടുവിട്ട് ചിലച്ചു പറക്കുന്ന തൂക്കണാം കുരുവികള്‍...

സ്വയം പുച്ഛം കൊണ്ട് എന്റെ ചിറി തനിയെ കോടി. ഇത്തിരിയില്ലാത്ത കുഞ്ഞിക്കുരുവികള്‍ക്കില്ലാത്ത മടി മുട്ടാളന്മാരായ നമ്മള്‍ക്കെന്തിനെടേ എന്ന ചോദ്യം ഞാന്‍ എന്നോടു തന്നെ് തൊടുത്തു. ഞങ്ങളുടെ ചങ്ങാതി ഊര്‍ജസ്വലനാണ്. വ്യായാമവും ചിട്ടയായ ഡയറ്റും കൊണ്ട് എണ്‍പത്തഞ്ചു കിലോയില്‍ നിന്ന് എഴുപത് കിലോയിലേക്ക് ശരീരത്തെ പരുവപ്പെടുത്തിയ മഹാന്‍. നാളെ മുതല്‍ എനിക്കൊപ്പം കൂടിക്കോ...രണ്ടിനേയും ഞാന്‍ റെഡിയാക്കാമെന്ന് അവന്‍. എഴുപത്തിമൂന്നിന്റെ അസ്‌കിതകളില്‍ ഉഴറിത്തുടങ്ങിയ എന്റെ ശരീരം ഊര്‍ജസ്വലമായി. 96-ല്‍നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വാശിപിടിച്ച് ഒപ്പം നിന്നയാള്‍ക്കും ചെറിയൊരു ചാഞ്ചാട്ടം.
എന്തായാലും  എവിടെ നിന്നോ വീണുകിട്ടിയ ഊര്‍ജത്തിന്റെ ഇത്തിരി വെട്ടത്തില്‍ ആ നട്ടുച്ച നേരത്ത് ഞങ്ങളതങ്ങ് ഉറപ്പിച്ചു. പിറ്റേന്നു കാലത്ത്  കൃത്യം അഞ്ച് മണിക്ക് എഴുന്നേറ്റു. റോഡില്‍ നിന്ന് വയലിന്റെ ഒരറ്റം വരേയ്ക്ക്   രണ്ടര കിലോമീറ്ററാണ് ദൂരം. അവിടം വരെയും തിരിച്ചുമുള്ള ദൂരം നടത്തത്തിന് ചാര്‍ട്ട് ചെയ്തു.  കരിമല കയറ്റം കഠിനമെന്റയ്യപ്പോ എന്ന് പല തവണ പറയാതെ പറഞ്ഞ് കിതച്ചും വിയര്‍ത്തും ത്വരണത്തില്‍ ഓട്ടത്തോടു ചേര്‍ന്നു നില്‍ക്കതുന്ന തരത്തില്‍ നടത്തം തുടങ്ങി.

ഞങ്ങളുടെ മൂവര്‍ സംഘം പഴയ സ്‌കൂള്‍ കാലത്തെ തിരിച്ചു പിടിക്കുകയായിരുന്നു. വയലോരത്തെ ചായക്കട ഞങ്ങളുടെ  ഇടത്തുരുത്തായി. രണ്ടര കിലോമീറ്ററിന്റെ അത്യധ്വാനയിടര്‍ച്ചകളെ അവിടെയിരുന്ന് ചൂടു കട്ടന്‍ കുടിച്ച് ഞങ്ങള്‍ ആറ്റിത്തണുപ്പിച്ചു. പതിവായി കടയില്‍ ഒത്തു കൂടാറുള്ള ചായക്കട സംഘവുമായി ഞങ്ങള്‍ ചങ്ങാത്തത്തിലായി.

 വെയിങ് മെഷീന്‍ മാറ്റങ്ങള്‍ പ്രകടമാക്കി. നടത്തം തുടങ്ങി ആറുമാസങ്ങള്‍ക്കിപ്പുറം എന്റെ തൂക്കം 58 കിലോയാണ്. കൂടെയുള്ള പഴയ 96 കിലോക്കാരന്‍ 84ല്‍ എത്തി നില്‍ക്കുന്നു. പ്രേരണ തന്ന എഴുപതുകാരന്‍ അറുപത്തഞ്ചില്‍ ഉറച്ചു നില്‍ക്കുന്നു.

കടുകട്ടി ഭക്ഷണ നിയന്ത്രണങ്ങള്‍ ഇല്ലാതെ കാര്യമായ മറ്റ് കഠിനാധ്വാനങ്ങളൊന്നുമില്ലാതെ രസകരമായി കുറച്ചെടുത്ത തൂക്കം. സമ്മര്‍ദ്ദങ്ങളേതുമില്ലാതെ രാവിലെ ഏകദേശം ഒന്നരമണിക്കൂര്‍ നേരം ആഘോഷത്തോടെ തുടങ്ങുന്ന ജീവിതം. പറന്നു പറന്നു പോകുന്ന അപ്പൂപ്പന്‍താടികളെപ്പോലെ ഭാരമില്ലാതെ ജീവിക്കാന്‍ അതിഗംഭീര രസമുണ്ടെന്ന് പഠിച്ചെടുത്ത ദിവസങ്ങള്‍.
ശരീരത്തിന് ആവശ്യമില്ലാത്ത കൊഴിപ്പിനൊപ്പം ആ രാവിലെകള്‍ മനസ്സിന്റെ മസിലുകളെയും ഉരുക്കിക്കളഞ്ഞു. നെല്‍ക്കതിരുകളില്‍, പുല്ലിന്‍ തുമ്പിലെ മഞ്ഞു തുള്ളിയില്‍, മറയാന്‍ തുടങ്ങുന്ന ചന്ദ്രക്കലയില്‍, ഓരോ പുലരിയിലെയും ഉണര്‍വു നിറഞ്ഞ ഒരായിരം കാഴ്ചകളില്‍ ഓരോ ദിവസവും ഉന്മേഷത്തോടെ ജീവിച്ചു തീര്‍ക്കാന്‍ ആവശ്യമായ ഊര്‍ജമത്രയുമുണ്ട്.  മൂടിപ്പുതച്ചുറങ്ങാതെ എഴുന്നേല്‍ക്കൂ. നമുക്കൊന്നു നടന്നു വരാം...പ്രകൃതിയുമായി ചങ്ങാത്തതിലാകാം...

Content Highlights: an experience about successful weight loss challenge