ബോളിവുഡ് താരം അമൃത റാവു മാതൃത്വം ആഘോഷിക്കുന്ന തിരക്കിലാണ്. നവംബറില്‍ പിറന്ന മകനുവേണ്ടി എന്തൊക്കെ ചെയ്താലും മതിയാവുന്നില്ല അമൃതയ്ക്കും ഭര്‍ത്താവ് ആര്‍ജെ അന്‍മോളിനും. ഇപ്പോഴിതാ കുഞ്ഞു പിറന്നതിനു ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണ് അമൃത. 

കുഞ്ഞുണ്ടായതോടെ ജീവിതം മുഴുവന്‍ അവനെ ചുറ്റിപ്പറ്റിയായെന്നു പറയുകയാണ് അമൃത. ഇതുവരെ കടന്നുപോയതില്‍ ഏറ്റവും കഠിനമായ ഉത്തരവാദിത്തമാണ് മാതൃത്വം എന്നും അമൃത. മകനെ നോക്കാന്‍ സഹായിയെ വെച്ചിട്ടില്ലാത്ത അമൃത കുഞ്ഞിനെ മനസ്സിലാക്കാന്‍ അമ്മ തന്നെ മുഴുവന്‍ സമയം അരികില്‍ വേണമെന്ന നിര്‍ബന്ധവുമുള്ളയാളാണ്. 

ഉറക്കമില്ലാത്ത രാത്രികളാണ് ഇപ്പോള്‍ ഏറെയും എന്ന് അമൃത. പകല്‍ സമയങ്ങളിലും ഓരോ സെക്കന്‍ഡുകളും മകനൊപ്പമാണ്. മകന്‍ കഴിഞ്ഞു മാത്രമേ തനിക്ക് പോലും പ്രാധാന്യം നല്‍കുന്നുള്ളു. കുഞ്ഞിനെ പരിപാലിക്കാന്‍ താന്‍ മുന്‍കൂട്ടി സജ്ജയായിരുന്നില്ലെന്നും അമ്മയായതോടെയാണ് ഓരോ കാര്യങ്ങളും ചെയ്യാന്‍ പഠിച്ചതെന്നും അമൃത പറയുന്നു. അതുകൊണ്ട് ആര്‍ക്കും നമ്മെ അമ്മയാവാനുള്ള യാത്രയില്‍ സജ്ജരാക്കാന്‍ കഴിയില്ലെന്നും അമൃത.

തന്നെപ്പോലെ തന്നെ കുഞ്ഞിനെ നോക്കുന്നതില്‍ അന്‍മോളും വിട്ടുവീഴ്ച ചെയ്യാറില്ലെന്നും അമൃത. ആദ്യംമുതല്‍ക്കേ കുഞ്ഞിനെ കുളിപ്പിക്കുന്നത് ഭര്‍ത്താവാണ്. രാത്രികളില്‍ ഇടവേളകളെടുത്ത് കുഞ്ഞിനു വേണ്ടി എഴുന്നേല്‍ക്കും. താനില്ലെങ്കിലും മകന്റെ എല്ലാ കാര്യങ്ങളും ഭര്‍ത്താവ് കൃത്യമായി നിറവേറ്റാറുണ്ടെന്നും അമൃത കൂട്ടിച്ചേര്‍ക്കുന്നു. 

Content Highlights: Amrita Rao on motherhood: ‘No one can really prepare you for the journey'