വ്യത്യസ്തമായ തീമുകളോടെയുള്ള നിരവധി വെഡ്ഡിങ് ഷൂട്ടുകള്‍ അടുത്തിടെ വൈറലായിരുന്നു. സമാന രീതിയിലുളള ഒരു ഫോട്ടോഷൂട്ട് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ അത് യഥാര്‍ഥ വെഡ്ഡിങ് ഷൂട്ടായിരുന്നില്ല. മോഡലിങ് രംഗത്തുള്ള അര്‍ച്ചന അനില എന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലുണ്ടായിരുന്നത്.

ചിത്രങ്ങള്‍ വൈറലായതോടെ അവയ്ക്ക് കീഴെ അശ്ലീല കമന്റുകളും ഉയര്‍ന്നു. വീട്ടുകാരെ വരെ ചീത്തവിളിച്ച് മെസേജുകളും കമന്റുകളും വന്ന സാഹചര്യത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അര്‍ച്ചന. 

ജിം ട്രെയിനറായിരുന്ന അര്‍ച്ചന നിലവില്‍ മോഡലിങ് ചെയ്തു വരികയാണ്. ഇതിനു മുമ്പും താന്‍ ചെയ്ത ഫോട്ടോഷൂട്ടുകള്‍ക്ക് കീഴെ അസഭ്യ കമന്റുകള്‍ ഉയര്‍ന്നിരുന്നുവെങ്കിലും വീട്ടുകാരെ വിളിക്കുന്ന സാഹചര്യം എത്തിയതോടെ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അര്‍ച്ചന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അര്‍ച്ചന ഇക്കാര്യങ്ങള്‍ പങ്കുവച്ചത്.

അര്‍ച്ചനയുടെ വാക്കുകളിലേക്ക്...

'ധാരാളം നെഗറ്റീവ് കമന്റുകള്‍ മുമ്പും ചിത്രങ്ങള്‍ക്ക് കീഴെ കമന്റായും മെസേജായുമൊക്കെ വരാറുണ്ട്. എന്നാല്‍ വെഡ്ഡിങ് ഷൂട്ട് തീമില്‍ ചെയ്ത ചിത്രങ്ങള്‍ക്ക്കീഴെ അമ്മ, അച്ഛന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ള വീട്ടുകാരെ ചീത്തവിളിച്ചതുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത്. വസ്ത്രമൊന്നും ഇല്ലാത്ത ചിത്രമല്ല പങ്കുവച്ചത്.

യഥാര്‍ഥത്തില്‍ അതു സേവ് ദി ഡേറ്റ് ആയിരുന്നില്ല. ഒരു ഫോട്ടോഷൂട്ട് മാത്രമായിരുന്നു. ബിക്കിനിയിട്ട് എന്നാണ് ഫോട്ടോഷൂട്ട് എന്ന് കമന്റ് ചെയ്തവരുണ്ട്. അതിനും എനിക്ക് മടിയില്ല. ഫേക്‌ഐഡിയില്‍ നിന്ന് ചിത്രങ്ങള്‍ ആസ്വദിച്ച് കഴിഞ്ഞാണ് ഇവര്‍ ചീത്ത വിളിക്കുന്നത്.

ഫോട്ടോഷൂട്ടുകള്‍ കണ്ട് പിന്തുണയ്ക്കുകയോ വിമര്‍ശിക്കുകയോ ചെയ്യാം. പക്ഷേ വീട്ടിലിരിക്കുന്നവരെ ചീത്തവിളിക്കാന്‍ നില്‍ക്കരുത്. എനിക്ക് വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും പിന്തുണ ആവോളമുണ്ട്, അതിനാല്‍ ഭയമില്ല. ആ ചിത്രങ്ങള്‍ അത്ര വള്‍ഗറായിട്ടുണ്ടെന്ന തോന്നലും ഇല്ല.' 

Content Highlights: model anila archana reacts on viral wedding photoshoot