സ്വകാര്യ ജീവിതത്തെ പരസ്യമാക്കാതിരിക്കാന്‍ കഴിവതും ശ്രമിക്കുന്ന താരങ്ങളിലൊരാളാണ് നടന്‍ ആമിര്‍ ഖാന്‍. റീന ദത്തയുമായുള്ള വിവാഹ  മോചനത്തെക്കുറിച്ചോ അതിനുശേഷം കിരണ്‍ റാവുവിനെ വിവാഹം ചെയ്തതിനെക്കുറിച്ചോ ഒന്നും ആമിര്‍ അധികം പങ്കുവച്ചിട്ടില്ല. എന്നാല്‍ താന്‍ കിരണ്‍ റാവുവിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ജീവിതസഖിയായതിനെക്കുറിച്ചുമൊക്കെ തുറന്നു പറയുന്നൊരു വിഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. ഒരു ചൈനീസ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിനിടെയാണ് ആമിറിന്റെ തുറന്നുപറച്ചില്‍

ലഗാന്‍ ചെയ്യുന്നതിനിടെയാണ് താന്‍ കിരണ്‍ റാവുവിനെ ആദ്യമായി കാണുന്നതെന്ന് ആമിര്‍ പറയുന്നു. ''ലഗാന്റെ സഹസംവിധായകരിലൊരാളായിരുന്നു കിരണ്‍. പക്ഷേ അന്നു ഞങ്ങള്‍ തമ്മില്‍ യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല, എന്തിനധികം വലിയ സുഹൃത്തുക്കള്‍ പോലുമായിരുന്നില്ല. യൂണിറ്റിലെ അനേകം പേരില്‍ ഒരാളായിരുന്നു കിരണ്‍. വിവാഹമോചനം കഴിഞ്ഞു പിരിഞ്ഞു താമസിക്കുന്നതിനിടെയാണ് പിന്നീട് വീണ്ടും കാണുന്നത്.

പ്രതിസന്ധിയിലൂടെ നീങ്ങുന്ന ആ ഘട്ടത്തിലാണ് കിരണിന്റെ ഫോണ്‍ വരുന്നത്. അരമണിക്കൂറോളം കിരണിനോടു സംസാരിച്ചു ഫോണ്‍ വച്ചപ്പോഴേക്കും ഞാന്‍ ഏറെ സന്തുഷ്ടനായിരുന്നു.'' കിരണിനോടു സംസാരിക്കുമ്പോഴൊക്കെ താന്‍ സന്തോഷവാനായിരുന്നുവെന്നും ആമിര്‍ പറയുന്നു. 

ആ ഫോണ്‍ കോളിനു ശേഷമാണ് ഇരുവരും പ്രണയത്തിലാവുന്നതും ഒരു വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ചതിനു ശേഷം 2005ല്‍ വിവാഹിതരാകുന്നതും. തന്റെ പങ്കാളിയായി കിരണ്‍ ഇല്ലാത്തൊരു ജീവിതത്തെക്കുറിച്ച് സങ്കല്‍പിക്കാന്‍ പോലും കഴിയില്ല. കിരണിനെ പങ്കാളിയായി കിട്ടിയ താന്‍ ഭാഗ്യം ചെയ്തവനാണെന്നും ആമിര്‍ പറയുന്നു. 

മുന്‍ഭാര്യ റീനയെക്കുറിച്ചു പറയാനും ആമിര്‍ മറന്നില്ല. കരുത്തയായ സ്ത്രീകളെക്കുറിച്ചു ചോദിച്ചപ്പോഴാണ് റീനയെക്കുറിച്ചും ആമിര്‍ പറഞ്ഞത്. റീന ഒരു നല്ല വ്യക്തിയാണെന്നും ചിലപ്പോള്‍ ബന്ധം ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ടു പോയില്ലായിരിക്കാം എങ്കിലും തനിക്കിപ്പോഴും റീനയോട് സ്‌നേഹവും ആദരവും ഉണ്ടെന്നും ആമിര്‍ പറയുന്നു. 

മകന്‍ ആസാദ് ഉണ്ടായതോടെ തന്റെ ജീവിതരീതിയില്‍ മാറ്റം വന്നുവെന്നും എട്ടുമണിവരെ അവനൊപ്പം ചെലവഴിച്ച് ആസാദ് ഉറങ്ങിയതിനുശേഷം മാത്രമാണ് മറ്റു മീറ്റിങ്ങുകള്‍ക്കു സമയം കൊടുക്കാറുള്ളതെന്നും ആമിര്‍ പറയുന്നു. 1986ലാണ് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ആമിറും റീനയും വിവാഹിതരാകുന്നത്. ശേഷം 2002ല്‍ ഇരുവരും വിവാഹ മോചിതരാവുകയായിരുന്നു. റീന ദത്തയില്‍ ഇറാ ഖാന്‍, ജുനൈദ് ഖാന്‍ എന്നീ മക്കളും ആമിറിനുണ്ട്.

Content Highlights: amir khan on wife kiran rao and exwife reena dutta