ലോകം ചുറ്റിപ്പറക്കുന്ന ആദ്യ വനിതാ വൈമാനികയാവുക. ഈ ലക്ഷ്യത്തോടെയാണ് അമേലിയ ഇയര്‍ഹാര്‍ട്ട് എന്ന അമേരിക്കന്‍ വനിതാ പൈലറ്റ് 1937 ല്‍ ലോക്ക്ഹീഡ് മോഡല്‍ 10 ഇലകട്രയില്‍ പറന്നുയര്‍ന്നത്. ഒപ്പം ഫ്രെഡ് നൂനാന്‍ എന്ന വഴികാട്ടിയുമുണ്ടായിരുന്നു. എന്നാല്‍ ലക്ഷ്യം പൂര്‍ത്തിയാക്കി അമേലിയ തിരികെയെത്തിയില്ല.
യാത്രയ്ക്കിടയില്‍ പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് അമേലിയയും ഫ്രെഡും അവരുടെ വിമാനവും അപ്രത്യക്ഷമായി. എണ്‍പതു വര്‍ഷങ്ങള്‍ക്കിപ്പുറവും അവര്‍ എങ്ങിനെ അപ്രത്യക്ഷരായി എന്ന കാര്യം ചോദ്യമായി അവശേഷിക്കുന്നു. അമേലിയയുടെ അപ്രത്യക്ഷമാകലിനെ കുറിച്ച് പല 'തിയറികളും' പുറത്തെത്തിയിരുന്നു.
ജപ്പാന്‍ സൈന്യത്തിന്റെ പിടിയില്‍ ഇരുവരും അകപ്പെട്ടു എന്നതായിരുന്നു അതിലൊന്ന്. ഇതിനെ സാധൂകരിക്കുന്നതെന്ന് കരുതുന്ന ഒരു ഫോട്ടോ ഈയടുത്ത് പുറത്തെത്തി. അമേലിയയുടെയും ഫ്രെഡിന്റെയും രൂപസാദൃശ്യമുള്ളവരാണ് ചിത്രത്തില്‍. പസഫിക് സമുദ്രത്തിലെ മാര്‍ഷല്‍ ദ്വീപിലെ തുറമുഖത്തുനിന്നുള്ള ചിത്രമാണെന്നാണ് അമേലിയയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കുന്നവര്‍ ഈ ചിത്രത്തെ കരുതുന്നത്. ഇരുവരും ജപ്പാന്‍ സൈന്യത്തിന്റെ പിടിയിലായെന്നും ആ സമയത്തെ ചിത്രമാണിതെന്നും അന്വേഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍ ചിത്രത്തിന്റെ ആധികാരികത പരിശോധിച്ചതിനു ശേഷം മാത്രമേ എന്തെങ്കിലും പറയാനാവൂ എന്നാണ് എഫ് ബി ഐയുടെ മുന്‍ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് ഡയറക്ടറും അമേലിയയുടെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ അനൗദ്യോഗികമായി സഹകരിക്കുന്ന വ്യക്തിയുമായ ഷോണ്‍ ഹെന്‍ട്രി പറയുന്നത്. യു എസ് ട്രഷറി ഏജന്റായ ലെസ് കിന്നിയാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ ഫോട്ടോ കണ്ടെത്തിയത്.
അമേലിയയുടെ തിരോധാനത്തിലെ സത്യം കണ്ടെത്താനുള്ള അന്വേഷണത്തിലായിരുന്നു ലെസും. ഇതിന്റെ ഭാഗമായി അമേലിയ ഇയര്‍ഹാര്‍ട്ട് - ദ ലോസ്റ്റ് എവിഡന്‍സ് എന്ന പേരില്‍ ഒരു ഡോക്യുമെന്ററിയും ലെസ് തയ്യാറാക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് യു എസ് നാഷണല്‍ ആര്‍ക്കൈവ്‌സില്‍നിന്നാണ് ലെസിന് ഈ ഫോട്ടോ കിട്ടുന്നത്. ജൂലൈ ഒമ്പതിനാണ് ഇതിന്റെ സംപ്രേഷണം.
"മറ്റു ഫോട്ടോകള്‍ക്കൊപ്പം കിടന്നിരുന്നതിനാല്‍ ആദ്യം ഈ ഫോട്ടോ ശ്രദ്ധയില്‍ പെട്ടിരുന്നില്ല". പിന്നീട് മാസങ്ങള്‍ക്കു ശേഷമാണ് ചിത്രത്തെ സൂക്ഷ്മമായി പഠിച്ചതെന്ന് ലെസ് പറയുന്നു. ചിത്രത്തില്‍ കാണുന്ന സ്ത്രീയുടെ ശരീരപ്രകൃതി, മുടി കെട്ടിയിരിക്കുന്ന രീതി ഇവയൊക്കെ അമേലിയയോട് സാദൃശ്യം പുലര്‍ത്തുന്നതായും സമീപത്ത് കാണുന്ന പുരുഷന്‍ ഫ്രെഡ് ആണെന്നാണ് ലെസ് പറയുന്നു. കാമറയ്ക്ക് പിന്തിരിഞ്ഞ് ഇരിക്കുന്നയാളാണ് അമേലിയ.

ഇനി ചിത്രവുമായി ബന്ധപ്പെട്ടുള്ള ഷോണ്‍ ഹെന്‍ട്രിയുടെ കണ്ടെത്തലുകള്‍ കേള്‍ക്കാം. അമേലിയയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഒരിക്കല്‍ മാര്‍ഷല്‍ ദ്വീപില്‍ പോയിരുന്നു. അമേലിയയുടെ വിമാനം കണ്ടെന്ന് അവകാശപ്പെട്ട് ഒരാളുടെ മകനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ദ്വീപ് സമൂഹത്തിലെ മിലി എന്ന ദ്വീപിലാണ് അമേലിയ വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്നും അത് കണ്ട അവസാനത്തെ ആള്‍ താനാണെന്നും അയാള്‍ അവകാശപ്പെട്ടിരുന്നെന്ന് മകന്‍ പറയുകയുണ്ടായി. എങ്കിലും ചിത്രത്തിലേത് അമേലിയയും ഫ്രഡുമാണെന്ന് ഉറപ്പിക്കാന്‍ വീണ്ടും പരിശോധനകള്‍ ആവശ്യമാണെന്നും ഷോണ്‍ പറയുന്നു.

Carol L. Osborne Archives
അമേലിയയെ കുറിച്ചുള്ള ഡോക്യുമെന്ററി നിര്‍മാതാവായ ഗാരി ടെര്‍പിനിയന്‍ പറയുന്നത് ഇങ്ങനെ: ചിത്രത്തില്‍ കാണുന്ന കോതു എന്ന ജാപ്പനീസ് കപ്പല്‍ അമേലിയയൈ സായ്പാനിലേക്ക് കൊണ്ടുപോവുകയും അവിടെ ജാപ്പനീസ് കസ്റ്റഡിയില്‍ വച്ച് അവര്‍ മരിക്കുകയായിരുന്നെന്നുമാണ്.
ആ സമയത്തെ ജപ്പാന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചാരപ്പണി ചെയ്തിരുന്ന ആരെങ്കിലും ആവാം ഈ ചിത്രം പകര്‍ത്തിയതെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ജപ്പാന്റെ പിടിയില്‍ അകപ്പെട്ട അമേലിയ എന്ന്? എങ്ങനെ മരിച്ചു? എന്ന കാര്യങ്ങള്‍ ഇപ്പോഴും ദുരൂഹമായി തന്നെ തുടരുന്നു. അമേരിക്കന്‍ സര്‍ക്കാരിനോ ജപ്പാന്‍ സര്‍ക്കാരിനോ ഇക്കാര്യത്തെ കുറിച്ച് എന്തെങ്കിലും അറിയുമോ എന്ന കാര്യവും ചോദ്യചിഹ്നമാണ്.
പ്രധാനമായും മൂന്ന് കാരണങ്ങളാണ് അമേലിയയുടെ തിരോധാനവുമായ ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ളത്. ഒന്ന് അമേലിയയുടെ വിമാനം പസഫിക് സമുദ്രത്തിന് മുകളില്‍ വച്ച് തകര്‍ന്നു വീണു. അങ്ങനെ അമേലിയയും ഫ്രഡും കൊല്ലപ്പെട്ടു.
രണ്ട്: ഇത് പെന്‍സില്‍വാനിയ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ഫോര്‍ ഹിസ്‌റ്റോറിക് എയര്‍ ക്രാഫ്ര്റ്റ് റിക്കവറിയുടെതാണ്. അതിന്‍പ്രകാരം വിമാനത്തിന്റെ ഇന്ധനം തീര്‍ന്നതിനാല്‍ അമേലിയയും ഫ്രഡും ഒറ്റപ്പെട്ട ദ്വീപായ ഗാര്‍ഡ്‌നറില്‍ വിമാനം ഇറക്കി. അവരുടെ ലക്ഷ്യസ്ഥാനമായ ഹോളണ്ട് ദ്വീപില്‍നിന്ന് 400 മൈല്‍ ദൂരം പിന്നിലായിരുന്നു ഇത്. റേഡിയോ സിഗ്നലുകള്‍ ഉപയോഗിച്ച് പുറംലോകവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് ഇവര്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു എന്നാണ്.
മൂന്നാമത്തെതാണ് ജപ്പാന്റെ പിടിയില്‍ അകപ്പെട്ടു എന്നുള്ളത്. ഈ സാധ്യതയെ പിന്തുണയ്ക്കുന്ന തെളിവുകളാണ് ഫോട്ടോ രൂപത്തില്‍ പുറത്തു വന്നിട്ടുള്ളത്.
വൈമാനിക, എഴുത്തുകാരി എന്നീ നിലകളില്‍ പ്രശസ്തയായ അമേലിയ മേരി ഇയര്‍ഹാര്‍ട്ട് 1897 ജൂലൈ 24 നാണ് ജനിച്ചത്. അറ്റലാന്റിക് സമുദ്രത്തിനു മീതെ ഒറ്റയ്ക്കു പറന്ന ആദ്യ വനിത എന്ന പ്രത്യേകത അമേലിയക്കു സ്വന്തമാണ്. വനിതാ വൈമാനിക എന്ന നിലയിലുള്ള അനുഭവങ്ങളെ കുറിച്ച് അമേലിയ എഴുതിയ പുസ്തകങ്ങള്‍ക്ക് ആരാധകര്‍ ഏറെയായിരുന്നു. പര്‍ഡ്യൂ സര്‍വകലാശാലയില്‍ വനിതാ വൈമാനികര്‍ക്കു വേണ്ടിയുള്ള വിസിറ്റിങ് അധ്യാപികയായും അമേലിയ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നാഷണല്‍ വുമന്‍സ് പാര്‍ട്ടിയുടെ പ്രവര്‍ത്തക കൂടിയായിരുന്നു അമേലിയ.