ലുവ മണപ്പുറത്തെ 'സാംസ്‌കാരികോത്സവ'ത്തില്‍ നടന്ന കോമഡി ഷോയില്‍ ചാക്യാര്‍കൂത്ത് അവതരിപ്പിച്ച കലാകാരനെ കാണിയായിരുന്ന സ്ത്രീ കൈയേറ്റം ചെയ്തു. ശിവരാത്രിയാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ദൃശ്യോത്സവത്തിലാണ് മണപ്പുറത്ത് കോമഡി ഷോ അരങ്ങേറിയത്.

ഇതിലുള്‍പ്പെടുത്തിയ ചാക്യാര്‍കൂത്ത് കഴിഞ്ഞപ്പോഴാണ് പ്രശ്‌നമുണ്ടായത്. ചാക്യാരുടെ വേഷവിധാനമിട്ട് വന്ന കലാകാരന്‍ കാണികളെ രസിപ്പിച്ചിരുന്നു. ഇന്നത്തെ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വസ്ത്രധാരണ രീതിയെക്കുറിച്ചും പരാമര്‍ശങ്ങള്‍ നടത്തി. പരിപാടി അവസാനിപ്പിച്ച് വേദിവിട്ട ചാക്യാര്‍ക്ക് പിന്നാലെ ഒരു മദ്ധ്യവയസ്‌ക എത്തുകയും മുഖത്തടിക്കുകയുമായിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

ഇതുകണ്ട് കൗണ്‍സിലര്‍മാരായ ലളിത ഗണേശും ഷൈജിയും ശ്യാം പദ്മനാഭനും എത്തി പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്ത് സ്ത്രീയെ മടക്കി അയച്ചു. കലാകാരന് പരാതിയില്ലെന്നും കൗണ്‍സിലര്‍മാരോട് പറഞ്ഞു. കുറച്ചുസമയം കഴിഞ്ഞതോടെ സ്ത്രീ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ കൂട്ടി വീണ്ടും സ്റ്റേജിന് സമീപമെത്തി. തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചാണ് പോലീസുകാരെ കൂട്ടിയത്. എന്നാല്‍, വിവരങ്ങള്‍ തിരക്കിയെത്തിയ പോലീസിനോട് കൗണ്‍സിലര്‍മാരും ജീവനക്കാരും യാഥാര്‍ഥ്യം ബോധ്യപ്പെടുത്തിയതോടെ അവര്‍ മടങ്ങി.

Content Highlights: aluva manappuram cultural festival