കൊച്ചി: നെറ്റിപ്പട്ടത്തിന്റെ തിളക്കമാണ് ഈ വീടിന്റെ തലയെടുപ്പ്. തൃപ്പൂണിത്തുറ എരൂര്‍ അത്തം വീട്ടിലൊരുങ്ങുന്ന ലക്ഷണമൊത്ത അലങ്കാര നെറ്റിപ്പട്ടങ്ങള്‍ക്കു പിന്നില്‍ കലയോടുള്ള ആവേശമുണ്ട്. ചെറുപ്പം മുതലേ കലാരംഗത്ത് സജീവമായ അഖില ദേവിയാണ് അലങ്കാര നെറ്റിപ്പട്ടങ്ങള്‍ നിര്‍മിച്ച് ശ്രദ്ധ നേടുന്നത്. കഴിഞ്ഞ നാലു വര്‍ഷത്തില്‍ 120 നെറ്റിപ്പട്ടങ്ങളാണ് അഖില തയ്യാറാക്കിയത്. വെറുതേ വീട്ടിലിരിക്കാതെ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് നെറ്റിപ്പട്ടത്തിലെത്തിയത്. നെറ്റിപ്പട്ടത്തെക്കുറിച്ചുള്ള അറിവുകള്‍ നേടാനുള്ള ശ്രമമായിരുന്നു പിന്നീട്.

നെറ്റിപ്പട്ടം തയ്യാറാക്കണമെങ്കില്‍ അതിന്റെ കൃത്യമായ കണക്കുകളും ശാസ്ത്രീയതയും അറിയണമായിരുന്നു. അതിനായി തൃശ്ശൂരില്‍ നെറ്റിപ്പട്ടം നിര്‍മിക്കുന്ന ഒരു വനിതയെ സന്ദര്‍ശിച്ച് കണക്കുകള്‍ അഖില പഠിച്ചെടുത്തു. ഒരാഴ്ച കൊണ്ട് ഇവയെല്ലാം മനഃപാഠമാക്കി നെറ്റിപ്പട്ട നിര്‍മാണവും തുടങ്ങി. ഒരടി മുതല്‍ അഞ്ചര അടി വരെയുള്ള നെറ്റിപ്പട്ടമാണ് തയ്യാറാക്കുന്നത്. തൃശ്ശൂരില്‍നിന്നും കോയമ്പത്തൂരില്‍നിന്നുമാണ് ഇതിനു വേണ്ട വസ്തുക്കള്‍ വാങ്ങുന്നത്.

ഒരു അടി, രണ്ട് അടി നെറ്റിപ്പട്ടങ്ങള്‍ രണ്ട് ദിവസം കൊണ്ട് തീര്‍ക്കാന്‍ സാധിക്കും. അഞ്ചര അടിയുള്ളതിന് പന്ത്രണ്ടു ദിവസത്തോളം വേണ്ടിവരും. നെറ്റിപ്പട്ടത്തില്‍ കാണുന്ന കുമിളകള്‍ ചെയ്യുന്നതിനാണ് സമയം വേണ്ടി വരിക. ഫൈബര്‍ പോലെ തോന്നിക്കുന്ന ബേസാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. വെല്‍വെറ്റ് തുണി തുന്നിയെടുക്കുകയും വേണം. ചെറിയ കുമിളകളെല്ലാം സെറ്റ് ചെയ്ത ശേഷമാണ് വലിയവ വയ്ക്കുന്നത്. ഇവയെല്ലാം മുപ്പത്തിമുക്കോടി ദേവതകളെയും മൂര്‍ത്തികളെയുമാണു സൂചിപ്പിക്കുന്നത്. ഗണപതി, പഞ്ചഭൂതങ്ങള്‍, സപ്തഋഷി, തൃക്കണ്ണ്, ചന്ദ്രക്കല, നവഗ്രഹങ്ങള്‍, വിശ്വാമിത്ര, വിശ്വകര്‍മ, സരസ്വതി, ലക്ഷ്മി, പാര്‍വതി തുടങ്ങിയവയാണ് ഇതില്‍ പ്രധാനം. ലക്ഷണമൊത്ത വലിയ നെറ്റിപ്പട്ടങ്ങളിലാണ് ഇവയെല്ലാം ഉള്‍പ്പെടുത്താന്‍ സാധിക്കുക. കൃത്യമായ കണക്കുകളില്‍ നിര്‍മിച്ചാല്‍ മാത്രമേ നെറ്റിപ്പട്ടത്തില്‍ ഐശ്വര്യം നിറയൂ എന്ന് പറയുന്നു അഖില.

അലങ്കാരമെന്ന നിലയിലാണ് ഏറെപ്പേരും നെറ്റിപ്പട്ടം വാങ്ങുന്നത്. വിദേശത്തു നിന്നാണ് കൂടുതല്‍ ഓര്‍ഡറുകളെത്തുന്നത്. ഇപ്പോള്‍ മുറിയുടെ നിറത്തോട് യോജിക്കുന്ന നിറത്തിലുള്ള നൂലുകള്‍ വെച്ചെല്ലാം നെറ്റിപ്പട്ടം ആവശ്യപ്പെടുന്നവരുമുണ്ട്. 800 മുതല്‍ 12,000 രൂപ വരെയാണ് വില. ബിസിനസിന്റെ പേരില്‍ പൂര്‍ണതയില്ലാതെ നിര്‍മിച്ചു ലാഭം കൊയ്യാന്‍ നിന്നാല്‍ വാങ്ങുന്നവരുടെ സംതൃപ്തിയും പുഞ്ചിരിയും നമുക്ക് നേടാന്‍ സാധിക്കില്ലെന്നും അവരുടെ സംതൃപ്തിയാണ് ഏറ്റവും വലിയ മുതല്‍ക്കൂട്ടെന്നും അഖില പറയുന്നു.

Content Highlights: Akhila devi Women from kerala Nettipattom maker