കെട്ടുകഥയേക്കാള്‍ അവിശ്വസനീയമാണ് അജിഷയുടെ ജീവിതം. ഒരാവര്‍ത്തിയല്ല, പലയാവര്‍ത്തി ഇരുത്തിവായിക്കേണ്ട ഒരു പെണ്ണിന്റെ കഥ. സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിലേക്ക് അഞ്ചുതവണ എത്തിയ കഥയും ഇവര്‍ക്ക് പറയാനുണ്ട്.

വയനാട്ടിലെ ഒരു ശരാശരി കര്‍ഷക കുടുംബത്തിലാണ് അജിഷയുടെ ജനനം.

'രാമച്ചപ്പുല്ല് മേഞ്ഞ വീടെന്നു' കൂട്ടുകാരോട് പറയാന്‍ മടിയായിരുന്നു; അതുപോലെത്തന്നെ അച്ഛന്‍ ജയചന്ദ്രന് കൂലിപ്പണിയാണെന്നും. അതുകൊണ്ട് അച്ഛന്റെ ജോലി ചോദിക്കുമ്പോള്‍ കൃഷിയാണെന്ന് മാറ്റിപ്പറയും- അജിഷ പറഞ്ഞു. മറ്റൊരു ഉടുപ്പ് ഇല്ലാത്തതിനാല്‍ ചെറിയച്ഛന്റെ കല്യാണത്തിന് യൂണിഫോം ധരിച്ചു പോകേണ്ടിവന്ന ഒരു കഥയുമുണ്ട് ഇവര്‍ക്ക് പറയാന്‍.

പഠിക്കാന്‍ പണി പതിനെട്ട്

പണം കൊടുത്ത് പുതിയ പുസ്തകം വാങ്ങാന്‍ കഴിയാത്തതിനാല്‍ മുതിര്‍ന്ന കുട്ടികളുടെ പഴയ പുസ്തകങ്ങളായിരുന്നു ഉപയോഗിക്കുക. പഠിക്കുന്നകാലത്ത് എഴുതിപ്പഠിക്കാനൊക്കെ ഒരുപാട് കടലാസ് വേണം. കടലാസ് കിട്ടാന്‍ വേറെ വഴിയില്ലാതെവന്നപ്പോള്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ വഴിയില്‍ ഒട്ടിച്ച പഴയ പോസ്റ്ററുകള്‍ ശേഖരിക്കാന്‍ തുടങ്ങി. പത്താം ക്ലാസ് ഫസ്റ്റ് ക്ലാസോടെ പാസായി. പ്ലസ് ടുവിന് ചേരാന്‍ പോയപ്പോള്‍ അവിടേയും ഫീസ് പ്രശ്നമായി. സയന്‍സ് വിഷയങ്ങള്‍ക്ക് റെക്കോഡ്, ലാബ് ഫീസ് എന്നൊക്കെ കേട്ടപ്പോള്‍, ബാച്ചു മാറി ഹ്യുമാനിറ്റീസ് എടുക്കാന്‍ തീരുമാനിച്ചു.

അതാകുമ്പോള്‍ ഫീസ് കുറയുമല്ലോ. എന്നാല്‍, സ്‌കൂള്‍ അധികൃതര്‍ ഒരു രൂപ പോലും ഫീസ് വാങ്ങാതെ സയന്‍സ് ബാച്ചില്‍ പ്രവേശനം നല്‍കി-അജിഷ പറഞ്ഞു.

പ്ലസ് ടു കഴിഞ്ഞപ്പോള്‍ തുടര്‍പഠനം വീണ്ടും അജിഷയ്ക്ക് മുന്നില്‍ ചോദ്യചിഹ്നമായി. ജീവിതബുദ്ധിമുട്ടുകള്‍ക്കൊടുവില്‍ കല്പറ്റ ഗവ. കോളേജില്‍നിന്ന് ബി.എ. മാസ് കമ്യൂണിക്കേഷന്‍ ഡിഗ്രിയെടുത്തു.

പഠിത്തവും വിവാഹവും

ഡിഗ്രി പാസായതോടെ അജിഷയുടെ പഠനം നിലച്ചമട്ടായി. പി.ജി. കോഴ്സുകള്‍ അടുത്തെങ്ങുമില്ല. ദൂരെ പോയി പഠിക്കാന്‍ സാമ്പത്തികം അനുവദിക്കുകയില്ല. ഒടുവില്‍ പഠനം നിര്‍ത്തി ജോലിക്കുപോകാന്‍ തീരുമാനിച്ചു. അങ്ങനെ കല്പറ്റയിലെ സ്വകാര്യസ്ഥാപനത്തില്‍ തുച്ഛമായ ശന്പളത്തില്‍ ജോലിക്ക് ചേര്‍ന്നു.

ആയിടയ്ക്കാണ് ആകാശവാണിയുടെ 'സ്നേഹപൂര്‍വം' പരിപാടി അജിഷ കേള്‍ക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്നതിനു വേണ്ടിയുള്ള പരിപാടിയായിരുന്നു അത്. പി.ജി. പഠിക്കാന്‍ ആഗ്രഹമുണ്ടെന്നു പറഞ്ഞ് അജിഷയും പരിപാടിയിലേക്ക് വിളിച്ചു. തൃശ്ശൂരിലെ ദമ്പതിമാര്‍ പഠിപ്പിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചതോടെ, വീട്ടുകാരെ നിര്‍ബന്ധപൂര്‍വം സമ്മതിപ്പിച്ച് തൃശ്ശൂരിലെത്തി. കോളേജ് പ്രവേശനത്തിന് സമയമായപ്പോള്‍ ദമ്പതിമാര്‍ കാലുമാറി. പഠിപ്പിക്കാന്‍ വിടില്ലെന്നായി. അതോടെ വീണ്ടും ജീവിതം വഴിമുട്ടി.

അപ്പോഴാണ് ഹരിദാസിനെ പരിചയപ്പെടുന്നത്. കഥയെല്ലാം കേട്ടപ്പോള്‍ ഏതെങ്കിലും ഹോസ്റ്റലിലേക്ക് മാറിക്കോളൂ, ഞാന്‍ പഠിപ്പിച്ചോളാം എന്ന് വാഗ്ദാനം. ഏതാനും നാളത്തെ പരിചയം മാത്രമുള്ള ആള്‍ പഠിപ്പിക്കാമെന്ന് പറഞ്ഞപ്പോള്‍ സംശയം. സഹായം നിരസിച്ചു. അപ്പോള്‍, ഞാന്‍ വിവാഹം ചെയ്തോളാം, എന്നിട്ട് പഠിപ്പിക്കാലോ എന്നായി ഹരി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ഹരിയുമായുള്ള വിവാഹം ഉറപ്പിച്ചു.

മൗണ്ടനീയറിങ്ങിലും താരം

മൗണ്ടനീയറിങ് ചാമ്പ്യന്‍ഷിപ്പില്‍ പ്രത്യേക പരിശീലനം ഒന്നുമില്ലാതെ ഒന്നാം സ്ഥാനം നേടിയ കഥയും പറയാനുണ്ട് അജിഷയ്ക്ക്. കുന്നും മലയും താണ്ടി സ്‌കൂളില്‍ പോയത് മൗണ്ടനീയറിങ്ങില്‍ ഉപകാരമായെന്ന് അജിഷ പറയുന്നു. ചിമ്മിനി ബ്രിഡ്ജിങ് ഡൗണിലാണ് അജിഷ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. മൂന്നാറിലായിരുന്നു മത്സരം.

മൂത്ത മകന് ആറു വയസ്സുള്ളപ്പോഴാണ് മൗണ്ടനീയറിങ്ങില്‍ പങ്കെടുക്കുന്നത്. പിന്നീട് റിവര്‍ ക്രോസിങ്ങിലും പങ്കെടുത്തു. കുറച്ചുനാള്‍ മൗണ്ടനീയറിങ് പരിശീലകയായി മൂന്നാറിലെ അഡ്വഞ്ചര്‍ അക്കാദമിയില്‍ പ്രവര്‍ത്തിച്ചു.

സര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം

സര്‍ക്കാര്‍ ജോലിക്കായുള്ള പരിശ്രമം അജിഷ തുടര്‍ന്നുകൊണ്ടിരുന്നു. അങ്ങനെ പോലീസ് സേനയുടെ ഭാഗമാകാന്‍ ഉറച്ചു. ശാരീരിക ക്ഷമതയ്ക്ക് വിളിക്കുന്നതാകട്ടെ ഇരുചക്രവാഹനത്തില്‍നിന്ന് വീണ് കാലൊടിഞ്ഞ സമയത്തും. നീരുവന്ന കാലും വച്ച്, എട്ടില്‍ അഞ്ചു ഇനങ്ങളിലും പാസായി, 2014-ല്‍ പോലീസ് സേനയുടെ ഭാഗമായി. സ്റ്റേറ്റ് ഇന്റലിജന്‍സിന്റെ ആദ്യ വനിതാ ഫീല്‍ഡ് സ്റ്റാഫ് കൂടിയായി അജിഷ.

അതില്‍ ഒതുങ്ങിനില്‍ക്കാന്‍ അവര്‍ തയ്യാറായില്ല. വീണ്ടും പരീക്ഷകളെഴുതി. അങ്ങനെ, മറ്റ് നാലു സര്‍ക്കാര്‍ ജോലികള്‍ക്കും യോഗ്യത നേടി. അതില്‍ കെ.എസ്.എഫ്.ഇ.യിലെ ജോലിയാണ് അജിഷ തിരഞ്ഞെടുത്തത്. ഇപ്പോള്‍ കെ.എസ്.എഫ്.ഇ.യിലെ അസിസ്റ്റന്റ് ഗ്രേഡ് -2 ജീവനക്കാരിയാണ്.

കൂടാതെ ആകാശവാണിയില്‍ അനൗണ്‍സറായും ജോലിചെയ്യുന്നു. സമയം കിട്ടിയാല്‍ പി.എസ്.സി. കോച്ചിങ് സെന്ററുകളില്‍ ക്ലാസുകളെടുക്കാന്‍ പോകും.

ഇപ്പോള്‍ അജിഷയ്ക്ക് ജോലിയുണ്ട്, സ്വന്തമായി വീടുണ്ട്. മൂന്നു കുഞ്ഞുങ്ങളുടെ അമ്മയാണ് ഇവരിപ്പോള്‍. അച്ഛന്‍ ജയചന്ദ്രനും അമ്മ ഉഷയ്ക്കും വേണ്ടി വയനാട്ടില്‍ വീടും വെച്ചുനല്‍കി.

മൂത്തമകന്‍ അനന്തകൃഷ്ണന്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹര്‍ഷവര്‍ദ്ധന്‍ പ്ലേ സ്‌കൂളില്‍ പോകുന്നു. ഇളയ കുഞ്ഞിന് ഒമ്പതു മാസമാണ് പ്രായം. ഭര്‍ത്താവ് ഹരിദാസ് മെഡിക്കല്‍ കോളേജിലെ ജീവനക്കാരനാണ്.

22/07/19 തൃശ്ശൂര്‍ നഗരത്തില്‍ 'അജിഷയുടെ വിജയകഥ 'എന്ന പേരില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: about Ajisha Thrissur