'ലൈറ്റ്സ് ഓഫ് പാഷൻ ' വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ 2020 മത്സരത്തിൽ ഏറ്റവും കൂടുതൽ പ്രശംസനേടിയ ചിത്രത്തിന്റെ ക്യാപ്ഷനാണിത്. ഈ ചിത്രത്തിന് പിന്നിൽ ഒരു ഇരുപത്തിമൂന്നുകാരി പെൺകുട്ടിയാണ്, ഐശ്വര്യ ശ്രീധർ.

മിന്നാമിനുങ്ങുകളുടെ വെളിച്ചത്തിൽ രാത്രിയിൽ തിളങ്ങി നിൽക്കുന്ന ഒരു മരത്തിന്റെ ചിത്രമാണ് ഐശ്വര്യ പകർത്തിയത്. ഇതിനൊപ്പം മനോഹരമായ ആകാശത്തിലെ തെളിഞ്ഞ നക്ഷത്രങ്ങളെയും കാണാനാകും. തന്റെ ലക്ഷ്യത്തിലേക്കുള്ള വെളിച്ചം അവൾ ആ ഫോട്ടോ പകർത്തുമ്പോൽ കണ്ടിട്ടുണ്ടാകാം. ഇത്തരമൊരു പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ വനിതകൂടിയാണ് ഐശ്വര്യ. ചിറകുവിടർത്തും മുമ്പേ സ്വപ്നങ്ങൾ വേണ്ടെന്ന് വയ്ക്കേണ്ടി വരുന്ന അനേകം പെൺകുട്ടികൾക്കു മുമ്പിലാണ് ഐശ്വര്യ മാതൃകയാവുന്നത്. രാത്രി പുറത്തിറങ്ങരുതെന്ന് പറയുന്ന സമൂഹത്തിൽ അവൾ രാത്രിയുടെ ഭംഗി പകർത്താൻ ക്യാമറ കൈയിലേന്തുന്നു.

'രണ്ട് മണിക്കൂർ നീണ്ട ഹൈക്കിങ്ങിനിടയിലാണ് ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ പറ്റിപ്പിടിച്ച സ്വർണപ്പൊടി തൂവിയതുപോലുള്ള മരം അവൾ കണ്ടെത്തിയത്. 27 ചിത്രങ്ങൾ 24 സെക്കൻഡ് എക്സ്പോഷറിൽ അവൾ പകർത്തി, അവ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഒരുമിച്ചു ചേർത്തു, ആ കാഴ്ചയുടെ മനോഹാരിത എടുത്തുകാണിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്.' മത്സരം നടത്തിയ നാഷണൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ വെബ്സൈറ്റിൽ ഐശ്വര്യയുടെ ചിത്രത്തെ പറ്റി കുറിക്കുന്നത് ഇങ്ങനെ.

വിർച്ച്വൽ പുരസ്കാര വിതരണം ചൊവ്വാഴ്ച നടന്നു. ' എന്റെ വലിയൊരു സ്വപ്നമാണ് പൂവണിഞ്ഞത്.' ഐശ്വര്യ മുംബൈമിററിനോട് പറഞ്ഞു. 'കഴിഞ്ഞവർഷം ഒരു ട്രെക്കിങിന് പോയപ്പോഴാണ് മിന്നാമിനുങ്ങുകളുടെ ചിത്രങ്ങൾ പകർത്തിയത്.' എന്നാൽ അത് മത്സരത്തിന് അയക്കാൻ ഐശ്വര്യക്ക് പ്ലാനുണ്ടായിരുന്നില്ല.

പനവേൽ സ്വദേശിനിയായ ഐശ്വര്യക്ക് ചെറുപ്പം മുതലേ ഫോട്ടഗ്രാഫിയോടാണ് താൽപര്യം. പതിനാലാം വയസിൽ സാംഗ്ച്യുറി ഏഷ്യ യങ് നാച്യുറലിസ്റ്റ് അവാർഡും ഐശ്വര്യ നേടിയിരുന്നു. മാത്രമല്ല സമൂഹത്തിൽ വലിയമാറ്റങ്ങൾ വരുത്താൻ വേണ്ടി പരിശ്രമിക്കുന്ന കുട്ടികൾക്കുള്ള പ്രിൻസസ് ഡയാന അവാർഡും ചെറുപ്രായത്തിൽ ഐശ്വര്യ കരസ്ഥമാക്കിയിരുന്നു.

Content Highlights:Aishwarya Sridhar becomes first Indian woman to win at Wildlife Photographer of the Year awards