ക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്റർ നടത്തുന്ന പരിഷ്‌കാരങ്ങൾക്കെതിരേ പ്രതിഷേധം നടത്തിയതിനു ശേഷമാണ് ആയിഷ സുൽത്താനയെ കേരളം കൂടുതലറിഞ്ഞത്. ലക്ഷദ്വീപിനു വേണ്ടിയുയർന്ന ആ സംവിധായികയുടെ ശബ്ദം അത്രയ്ക്ക്‌ ഉറച്ചതായിരുന്നു. മുക്കം മുഹമ്മദ് അബ്ദുറഹിമാൻ ഓർഫനേജ് കോളേജിലെയും മലപ്പുറം പ്രിയദർശിനി കോളേജിലെയും വിദ്യാർഥികളുമായി ആയിഷ സംവദിച്ചു. വിദ്യാർഥികളുടെ ചോദ്യവും ആയിഷയുടെ മറുപടിയും.

ലക്ഷദ്വീപിലും കേരളത്തിലും കണ്ട വ്യത്യാസങ്ങൾ?

ലക്ഷദ്വീപിൽ സ്‌ത്രീകൾക്ക് ഏതുനേരവും പുറത്തിറങ്ങി നടക്കാം. കേരളത്തിൽ പറ്റില്ല. അതിനുകാരണം മാതാപിതാക്കളാണ്. അവർക്ക് മകളുടെ കല്യാണത്തിന് സ്ത്രീധനം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് ചിന്ത. മാതാപിതാക്കളെ കണ്ടാണല്ലോ മക്കൾ വളരുന്നത്. കുട്ടികളെ പഠിപ്പിക്കാനാണ് അവർ സമ്പാദ്യം ചെലവഴിക്കേണ്ടത്. സ്ത്രീധന കല്യാണം ദ്വീപിലില്ല. ഞാൻ കണ്ടിടത്തോളം കേരളത്തിൽ ഇക്കാര്യം കൂടുതലാണ്. 18-ാം വയസ്സിലല്ല, പക്വത ആകുമ്പോഴാണ് വിവാഹം നടക്കേണ്ടത്.

ആക്ടിവിസ്റ്റും നടിയും സംവിധായികയുമായ ആയിഷയുടെ അനുഭവവും പ്രിയമേഖലയും?

ഒരു നടിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. അഭിനയം എനിക്ക് അത്ര അറിയില്ല. എന്റെ ഇഷ്ടമേഖല സംവിധാനമാണ്.

നിരന്തര സമരങ്ങൾക്കുശേഷം ലക്ഷദ്വീപിൽ മാറ്റങ്ങളുണ്ടായോ?

പലതിലും മാറ്റമുണ്ടായി. അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേലിന്‌ പലതിലും പേടി തോന്നിത്തുടങ്ങിയിട്ടുണ്ട്. സാമ്പത്തികഭദ്രത ദ്വീപിൽ താഴുകയാണ്. കപ്പൽനിരക്കിലടക്കം വർധനയുണ്ടായി. വരുമാനംകുറച്ച് ചെലവുകൂട്ടി പുകച്ച് പുറത്തുചാടിക്കുക എന്ന നയമാണ് അവർ സ്വീകരിക്കുന്നത്.

കുറച്ചുദിവസം മുൻപ്‌ സമരംചെയ്ത വിദ്യാർഥികളെ സ്‌കൂളിൽനിന്ന് സസ്‌പെൻഡ്ചെയ്തു. അടുത്ത നടപടി എന്തെന്നാൽ ഇനിയും ഭയമില്ലാതെ സമരംചെയ്യുക എന്നതാണ്.

mpm
മുഹമ്മദ് അബ്ദുറഹിമാൻ മെമ്മോറിയൽ ട്രസ്റ്റിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാൻ മലപ്പുറത്തെത്തിയ സംവിധായിക ആയിഷ സുൽത്താന വിദ്യാർഥികളോടൊപ്പം സെൽഫിയെടുത്തപ്പോൾ

ഫെമിനിസത്തോടുള്ള കാഴ്‌ചപ്പാട് ?

ഞാൻ ഫെമിനിസ്റ്റല്ല. ഫെമിനിസ്റ്റുകളോട് ഈ ചോദ്യം ചോദിച്ചാൽ മറുപടി കിട്ടും. എന്റെ ജീവിതത്തിൽ തുല്യത കിട്ടിയിട്ടുണ്ട്.

സെലിബ്രിറ്റികൾ പ്രതികരിച്ചാൽ ഒരു വിഭാഗം കടുത്ത ആക്രമണം സാമൂഹികമാധ്യമങ്ങളിൽ നടത്തുന്നതിനോടുള്ള പ്രതികരണം?

അവരോട് പുച്ഛമാണ്. നമ്മൾ ആശയവുമായി മുന്നോട്ടുപോകുക.

രാജ്യദ്രോഹക്കുറ്റം ചുമത്തിയപ്പോഴുണ്ടായ അനുഭവം?

അതൊരു അംഗീകാരമല്ലല്ലോ. ഇതിനുമുൻപ് രാജ്യദ്രോഹക്കുറ്റം ചാർത്തിയവരിൽ ഭൂരിഭാഗവും രാജ്യസ്‌നേഹികളായിരുന്നില്ലേ. ഞാൻ അങ്ങനെയാണ് അതിനെ കാണുന്നത്.

Content Highlights: aisha sultana speaking, aisha sultana on dowry system, dowry system in kerala