ന്ധ്യ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. സെഹ്‌റയും സഹോദരിമാരും അമ്മയും കൂടി മറ്റൊരു സഹോദരിയുടെ വീട്ടില്‍ അത്താഴം കഴിക്കാന്‍ പോകുകയായിരുന്നു. പെട്ടെന്നാണ് ഒരു ബഹളം കേട്ടത്. ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നു. ഒപ്പം വെടിയൊച്ചയുടെ ശബ്ദവും. താലിബാന്‍ എത്തി എന്ന നിലവിളിയും ഒപ്പം കേട്ടു. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമായ ഹെറാത്തില്‍ താമസിക്കുന്ന സെഹ്‌റയുടെ ജീവിതം ഒറ്റ നിമിഷം കൊണ്ട് എന്നെന്നേക്കുമായി മാറിമറിഞ്ഞു. 

സെഹ്‌റ വളര്‍ന്നത് താലിബാന് വലിയ സ്വാധീനമൊന്നുമില്ലാത്ത ഒരു പട്ടണത്തിലാണ്. അവിടെ പെണ്‍കുട്ടികളുടെ സ്വതന്ത്ര്യത്തിന് വിലക്കൊന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ 5 വര്‍ഷമായി സെഹ്‌റ  ഒരു സന്നദ്ധ സംഘടനയുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ്. സ്ത്രീപുരുഷ സമത്വത്തെ പറ്റി ആളുകളെ ബോധവത്ക്കരിക്കുക കൂടിയായിരുന്നു സംഘടനയുടെ ലക്ഷ്യം.  എന്നാല്‍ സെഹ്‌റയുടെ സ്വപ്നങ്ങള്‍ ഒന്നൊന്നായി തകരുകയായിരുന്നു. താലിബാന്‍ സൈന്യം അവരുടെ അധികാരം ഉറപ്പിച്ച് തെരുവിലൂടെ മാര്‍ച്ച് ചെയ്യുന്നു. സാധാരണക്കാര്‍ കയ്യില്‍ കിട്ടയതെല്ലാം എടുത്ത് എങ്ങോട്ടൊക്കെയോ പരക്കം പായുന്നു. പ്രദേശത്തെ മറ്റുള്ളവരെപ്പോലെ സെഹ്‌റയും അന്നു വൈകുന്നേരത്തിനു ശേഷം പുറത്തിറങ്ങിയിട്ടില്ല.  

'എനിക്ക് ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.' സെഹ്‌റ അസോസിയേറ്റഡ് പ്രസിനോട് പറയുന്നത് ഇങ്ങനെ. 'സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവര്‍ത്തിച്ച എന്നെപ്പോലെ ഒരാളുടെ അവസ്ഥ കണ്ടില്ലേ. അപ്പോള്‍ മറ്റുള്ളവരുടെ സ്ഥിതി എന്താവും. അഫ്ഗാസ്ഥാന്‍ ഇപ്പോള്‍ താലിബാന്റെ നിയന്ത്രണത്തിലാണ്. രാജ്യതലസ്ഥാനമായ കാബൂളും അവര്‍ കീഴടക്കിയിരിക്കുന്നു.' 

ഐക്യ രാഷ്ട്ര സംഘടനയുടെ കണക്കനുസരിച്ച് ഇപ്പോള്‍ തന്നെ രണ്ടര ലക്ഷത്തോളം അഫ്ഗാനികള്‍ അഭയാര്‍ഥികളായി പലായനം തുടങ്ങിക്കഴിഞ്ഞു. വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടിയുള്ള അലച്ചിലിലാണ് എല്ലാവരും. പ്രത്യേകിച്ച് സ്ത്രീകള്‍.  അഭയാര്‍ഥികളായ ആളുകളില്‍ 80 ശതമാനം പേര്‍ ഇപ്പോള്‍ തന്നെ സ്തീകളും കുട്ടികളുമാണ്. 

2001 ല്‍ യുഎസ് സൈന്യം എത്തുന്നതുരെയുള്ള 5 വര്‍ഷക്കാലം താലിബാന്‍ തന്നെയാണ് രാജ്യം നിയന്ത്രിച്ചത്. അക്കാലത്ത് പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ജോലി ചെയ്യാന്‍ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശം പോലും ഉണ്ടായിരുന്നില്ല. വീടിനു പുറത്തിറങ്ങണമെങ്കില്‍പ്പോലും വീട്ടിലെ പുരുഷന്‍മാര്‍ വേണം. പൊതു സ്ഥലങ്ങളില്‍ അവര്‍ നിയമം ലംഘിക്കുന്നവരുടെ വധശിക്ഷ നടപ്പാക്കി. കളവു കാണിക്കുന്നവരുടെ കൈകള്‍ പരസ്യമായി വെട്ടിക്കളഞ്ഞു. പരപുരുഷ ബന്ധം ആരോപിച്ച് എത്രയോ സ്ത്രീകളെ പൊതുജനധ്യത്തില്‍ കല്ലെറിഞ്ഞു. എന്നാല്‍, ഇപ്പോള്‍ താലിബാന്‍ നിയന്ത്രണത്തിലാക്കിയ പ്രദേശങ്ങളില്‍ അവര്‍ കര്‍ശന നിയമങ്ങള്‍ അടിച്ചേല്‍പിച്ചതായി റിപ്പോര്‍ട്ടുകളില്ല. എന്നാല്‍ ഒരു സ്‌കളിനു തീവച്ചു എന്ന വാര്‍ത്ത ഗ്രാമവാസികള്‍ പേടിയോടെയാണു കേട്ടത്. ചിലയിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങളും നടന്നു. കാബൂളിലെ ഒരു പാര്‍ക്ക് ഇപ്പോള്‍ തന്നെ അഭയകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. വീടുകള്‍ വിട്ടു പുറത്തേക്കോടിയ പലരും ഈ പാര്‍ക്കിലാണ് ഇപ്പോള്‍ താമസിക്കുന്നത്. ശരീര ഭാഗങ്ങള്‍ പുറത്തു കാണുന്ന വസ്ത്രം ധരിച്ചു എന്നാരോപിച്ച് ഏതാനും സ്ത്രീകളെ താലിബാന്‍ സൈന്യം ആക്രമിക്കുകയുമുണ്ടായി.' സെഹ്‌റ തുടരുന്നു.  

സെഹ്‌റ ഓഫിസില്‍ പോയിട്ട് ഒരു മാസമായി. വീട്ടിലിരുന്നുകൊണ്ട് രഹസ്യമായി കുറേനാള്‍ ജോലി ചെയ്തു. എന്നാല്‍ വ്യാഴാഴ്ചത്തെ ആക്രമണത്തോടെ വീട്ടിലിരുന്ന് ജോലി ചെയ്യുന്നതും നിന്നു. ഇനിയൊരിക്കലും ജോലി ചെയ്യാന്‍ കഴിയില്ലെന്ന ചിന്ത സെഹ്‌റയുടെ കണ്ണുകള്‍ നിറച്ചു. '12 വയസ്സുള്ള സഹോദരി തനിക്ക് ഇനിയും സ്‌കൂളില്‍ പോകാന്‍ കഴിയില്ലേ എന്നു സങ്കടത്തോടെ ചോദിക്കുമ്പോള്‍ എന്തു മറുപടി പറയണം എന്നറിയില്ല. സഹോദരന്‍മാര്‍ക്ക് ഒരു പക്ഷേ ഇനിയൊരിക്കലും ഫുട്‌ബോള്‍ കളിക്കാന്‍ കഴിയണമെന്നില്ല. എനിക്ക് ഇനിയൊരിക്കലും ഗിത്താറില്‍ പാട്ടു പാടാനും കഴിയില്ല.' തന്റെ സങ്കട കഥ പറയുമ്പോള്‍ വീടിന്റെ ഭിത്തിയില്‍ പൊടിപിടിച്ച് ഇരിപ്പുണ്ട് ആ ഗിത്താര്‍. 

' ഇന്ന് വീണ്ടും താലിബാന്‍ അധികാരത്തില്‍ എത്തുമ്പോള്‍ കഴിഞ്ഞു പോയ ഇരുണ്ട ദിനങ്ങളിലേക്ക് നമ്മള്‍ വീണ്ടും തിരിച്ചു പോകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു.' സെഹ്‌റ പറഞ്ഞു നിര്‍ത്തുന്നതിങ്ങനെ. 

വളരെ സമയമെടുത്ത് പണിതുയര്‍ത്തിയ തന്റെ കൂട് അക്രമികള്‍ പൊളിച്ചെറിയുന്നത് നോക്കി നില്‍ക്കേണ്ടി വരുന്ന പക്ഷിയുടെ അവസ്ഥയാണ് അഫ്ഗാന്‍ ജനങ്ങളുടേത് എന്നാണ് കാബുളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സര്‍മിനാ ഖക്കാര്‍ പറയുന്നത്. താലിബാന്‍ ആദ്യം അഫ്ഗാന്‍ പിടിച്ചെടുക്കുന്ന കാലത്ത് ഒരു വയസ്സുകാരിയായിരുന്നു സര്‍മിന.

Content Highlights: Afghan women on return of Taliban