കൊറോണ പടര്‍ന്നു പിടിക്കുമ്പോള്‍ അല്‍പം മാനസികോല്ലാസത്തിനായി ഇന്റര്‍നെറ്റില്‍ തിരയുകയാണ് എല്ലാവരും. ദുരിതപ്പെരുമഴയുടെ സമയത്തും ആളുകളുടെ മനസ്സിനെ കുളിരണിയിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ അമ്മയും മകളും.

അര്‍ജിത്ത് സിങ്ങ്- അല്‍ക്കാ യാഗ്നിക് ഗാനമായ 'അഗര്‍ തും സാഥ്‌ ഹോ' എന്ന ഗാനത്തിനൊപ്പമുള്ള കോഴിക്കോട് സ്വദേശിനിയായ യുവതിയുടെയും മകളുടെയും വീഡിയോയാണ് വൈറലാകുന്നത്. യൂക്കലേലിയില്‍ അമ്മ ഈ ഗാനം വായിച്ച് പാടുമ്പോള്‍ അടുത്തിരിക്കുന്ന രണ്ട് വയസ്സുകാരിയുടെ ഭാവങ്ങളാണ് ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്. അമ്മ പാടുന്നതിനൊപ്പം മുഖത്ത് ഭാവങ്ങളൊക്കെ വരുത്തി കൈകള്‍ കൊണ്ട് ആംഗ്യങ്ങളൊക്കെ കാണിച്ച് വലിയൊരു ഗായികയുടെ ഭാവത്തിലാണ് മകളുടെ പ്രകടനം. യൂക്കലേലിയില്‍ തന്റെ ആദ്യ പരീക്ഷണം എന്ന് ക്യാപ്ഷനോടെയാണ് അഞ്ജന മഠത്തില്‍ എന്ന യുവതി തന്റെയും മകളുടെയും വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോ പിന്നീട് ട്വിറ്ററിലും നിരവധിത്തവണ ഷെയര്‍ ചെയ്യപ്പെട്ടു. മനോഹരം, വലിയ ദു:ഖങ്ങള്‍ക്കിടയിലെ ചെറിയ സന്തോഷം എന്നാണ് വീഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ഒരാള്‍ കുറിക്കുന്നത്. ഫേസ്ബുക്കില്‍ ഒരു ലക്ഷത്തോളം ആളുകള്‍ വീഡിയോ കണ്ടു കഴിഞ്ഞു.

Content Highlights: Adorable video of a little girl’s Expressions with mother goes viral