ഹേഷിന്റെ പ്രതികാരത്തിലെ സൗമ്യയുടെ അമ്മയെ കണ്ടപ്പോള്‍ പലരും പറഞ്ഞു,'കൊള്ളാമല്ലോ, ഈ അമ്മ. അവരുടെ പേരെന്താ?' അതറിയില്ല. പിന്നെയും എത്രയോ സിനിമകളില്‍ അവരെ കണ്ടു. അപ്പോഴും 'സണ്‍ഡേ ഹോളിഡേ'യിലെ അമ്മ, 'ജൂണി'ലെ അമ്മ ഇങ്ങനെയാണ് അറിയപ്പെടുന്നത്. അതില്‍ പരിഭവമൊന്നുമില്ല ഷൈനി സാറയ്ക്ക്. 

വര്‍ഷങ്ങളായിട്ട് സിനിമയിലുണ്ട്. സഹസംവിധായികയായിട്ടാണ് തുടക്കം. ഇടയ്ക്ക് ഒരു സിനിമയില്‍ മുഖം കാണിച്ചു. എന്നാല്‍ മഹേഷിന്റെ പ്രതികാരത്തിലാണ് ഡയലോഗുള്ള കഥാപാത്രം കിട്ടുന്നത്. 'എടീ സൗമ്യേ, സണ്ണിപാപ്പന്‍ പോയെടീ' ഇതും പറഞ്ഞ് ഒരൊറ്റ കരച്ചിലായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തിരക്കഥാകൃത്ത് ശ്യാംപുഷ്‌ക്കരന്‍ അടുത്തുവന്നു,' ഷൈനി നിങ്ങള്‍ ഒരു നല്ല ആക്ടറാണ് കെട്ടോ, ഇനിയങ്ങോട്ട് പടങ്ങളൊക്കെ കിട്ടും.'  ആ വാക്ക് പൊന്നായി. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, അനുരാഗകരിക്കിന്‍ വെള്ളം, സി.ഐ.എ സണ്‍ഡേ ഹോളിഡേ, പുള്ളിക്കാരന്‍ സ്റ്റാറാ...

'ഞാന്‍ പൊന്നാനിയിലെ മാറഞ്ചേരിയിലാണ് ജനിച്ചതും വളര്‍ന്നതും. വീടിനോട് ചേര്‍ന്ന് ടാക്കീസാണ്. നമ്മള് വീട്ടിലിരുന്ന് ബഹളം വെക്കുമ്പോള്‍ അമ്മ ടാക്കീസിലേക്ക് ഓടിച്ചുവിടും. സിനിമകള്‍ കണ്ടുകണ്ട് തലയ്ക്ക് പിടിച്ചു. സിനിമയില്‍ എന്തെങ്കിലും ആകണം അതായിരുന്നു മനസ്സില്‍.' 

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ഫിലിംഫെസ്റ്റിവലിനിടയില്‍ സംവിധായകന്‍ ജയരാജ് സാറിനെ പരിചയപ്പെട്ടു. ദേശാടനം എന്ന സിനിമയുമായി ഫെസ്റ്റിവലില്‍ വന്നതാണ്. അന്നൊക്കെ ഫെസ്റ്റിവല്‍ സിനിമ കാണാന്‍ ആളുകള്‍ കുറവാണ്. ദേശാടനം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് ഞാനും കൂട്ടുകാരും കൂടെ ആളുകളെ വിളിച്ച് കൂട്ടുമായിരുന്നു. ഇതൊക്കെ കണ്ട് സാറിന് ഞങ്ങളോട് വലിയ സ്‌നേഹമായി. ഇടയ്ക്ക് ഞാന്‍ ചോദിക്കും സാറിന് എന്നെ അസിസ്റ്റന്റ് ആക്കിക്കൂടെ.ഒന്നുമില്ലെങ്കില്‍ ലൊക്കേഷനില്‍ ടീഗേള്‍ ആയിട്ടെങ്കിലും.  സാര്‍ ചിരിക്കും. ഒരു ദിവസം പറഞ്ഞു, അടുത്ത പടത്തിന്റെ പണി തുടങ്ങുമ്പോള്‍ ഞാന്‍ വിളിക്കാം. അങ്ങനെ കളിയാട്ടം എന്ന പടത്തില്‍ ഡബ്ബിങ് അസിസ്റ്റന്റ് ആയി ചേര്‍ന്നു. പിന്നെ സ്‌നേഹം എന്ന സിനിമയും അതിനിടയില്‍ കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് ജോണ്‍ കോശിക്കൊപ്പം കുവൈറ്റിലേക്ക് പറന്നു. സ്വകാര്യ കമ്പനിയില്‍ ടെക്‌നീഷ്യനാണ് ജോണ്‍.

'ഞാനും ജോലിയില്‍ കയറി. എച്ച് ആര്‍ എക്‌സിക്യൂട്ടീവ് ആയിട്ട്. രാവിലെ എട്ടര മുതല്‍ നാലുമണി വരെ ജോലി. നല്ല ശമ്പളവും പക്ഷേ പിടിച്ചുനില്‍ക്കാന്‍ പറ്റിയില്ല. തിരിച്ച് കൊച്ചിയിലേക്ക് വന്നു. ദി ട്രെയിന്‍ എന്ന സിനിമയുടെ ഭാഗമായി. പിന്നെ വീരം, ഹരം എന്നീ സിനിമകളും. അന്യഭാഷ നടീനടന്മാരെ ഭാഷ പഠിപ്പിക്കുന്ന ജോലിയായിരുന്നു. ഡയലോഗുകളൊക്കെ അതിന്റെ അര്‍ഥത്തില്‍ പറഞ്ഞുകൊടുക്കണം. രാധിക ആപ്‌തെ, കുനാല്‍ കപൂര്‍, രാജശ്രീ ദേശ്പാണ്ഡെ, സാഗരിക ഭാട്യ.. ഷൈനി തിരക്കഥ പഠിപ്പിച്ച താരങ്ങളൊന്നും ചെറുതല്ല. അതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്. ഇതുവരെ 38 പടങ്ങളായി.

ചെറിയ സീനായിരിക്കും. എന്നാലും പോയി ചെയ്യും. മഹേഷിന്റെ പ്രതികാരത്തിലും സി ഐ എയിലും സൗബിനുമുണ്ടായിരുന്നു. ഞാന്‍ സൗബിനോട് പറയും. എന്നെങ്കിലും ഒരു സിനിമ ചെയ്യുമ്പോള്‍ എന്നെ മറക്കരുതേ എന്ന്. പറവയുടെ ഷൂട്ടിങ് തുടങ്ങും മുമ്പ് സൗബിന്‍ വിളിച്ചു. 'ഷൈനി ചേച്ചി ഫ്രീയാണോ? എങ്കില്‍ നാളെ ഇവിടെ വരെ വരണം. രാവിലെ വണ്ടി വിടാം.' അങ്ങനെയാണ് ജൂണിലേക്ക് വിളി വന്നതും.

ജൂണ്‍ കഴിഞ്ഞ് ഇറങ്ങുമ്പോള്‍ കുറേ പേര്‍ കൈ തന്നു. ദൈവമേ നന്ദി, കാരണം കുറേ പടങ്ങള്‍ ചെയ്യുന്നു.ഓരോ പടങ്ങളും കാണാന്‍ തിയേറ്ററില്‍ പോകുന്നു, ഇറങ്ങിപ്പോരുന്നു, ആരും തിരിച്ചറിയുന്നില്ല. ആ സങ്കടം മാറി. പ്രതിഫലവും കൂടി. ആദ്യമൊക്കെ ഇത്രവേണം എന്ന പറയാന്‍ പറ്റില്ല. എത്ര വേണമെന്ന് ആരും ചോദിക്കുകയുമില്ല. ഇപ്പോള്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ചേച്ചിക്ക് എത്രകിട്ടുമെന്ന് ചോദിക്കാറുണ്ട്. നമ്മള്‍ പറയുന്ന പ്രതിഫലമൊന്നും തന്നില്ലെങ്കില്‍ കൂടി ഇനിയും നല്ല കഥാപാത്രങ്ങള്‍ കിട്ടുമായിരിക്കും 


ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Actress Shyni Sara, June Movie, Maheshinte Pratikaram Movie