കുട്ടിക്കാലത്തെ പരിഹാസങ്ങളും വിവേചനങ്ങളുമൊക്കെ പലരിലും മായാതെ കിടക്കും. ചിലരിലെങ്കിലും ദീർഘനാളത്തേക്ക് ട്രോമയുണ്ടാക്കാൻ വരെ പ്രാപ്തമായിരിക്കും അവയിൽ പലതും. ശാരീരിക പ്രത്യേകതകളുടെ പേരിൽ ആരെയും പ്രത്യേകിച്ച് കുട്ടികളെ ഒരിക്കലും കളിയാക്കരുത്. അത്തരത്തിൽ താൻ നേരിട്ട അനുഭവത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ഹിന്ദി നടി സനായാ ഇറാനി. നിറം കൂടിപ്പോയതിന്റെ പേരിലാണ് സനായ കളിയാക്കലുകൾക്ക് ഇരയായത്. 

ഊട്ടിയിലെ ബോർഡിങ് സ്കൂൾ കാലത്തേക്കുറിച്ച് പറയുമ്പോഴാണ് അത്ര സുഖകരമല്ലാത്ത ഓർമകളേക്കുറിച്ചും സനായ പങ്കുവെക്കുന്നത്. തനിക്ക് നിറം കൂടിയെന്നു പറഞ്ഞായിരുന്നു പരിഹാസങ്ങളേറെയുമെന്ന് സനായ. സ്കൂളിൽ പലരും വ്യത്യസ്തയായാണ് തന്നെ കണ്ടത്. ചിലരൊക്കെ വെള്ളപ്പാറ്റയെന്നും വെള്ളപ്പല്ലിയെന്നുമൊക്കെയാണ് വിളിച്ചിരുന്നത്- സനായ പറയുന്നു. 

ഒരിക്കൽ ഒരു ​ഗുജറാത്തി കുടുംബം തന്നെ നോക്കി സംസാരിച്ചത് ഇന്നും ഓർമയുണ്ടെന്ന് താരം പറയുന്നു. തന്നെ കാണാൻ ഒരു കുരങ്ങിനെപ്പോലെ ഉണ്ടെന്നായിരുന്നു അവരുടെ സംസാരം. ​ഗുജറാത്തിയിലാണ് അവർ അക്കാര്യം പറഞ്ഞത്. പക്ഷേ തനിക്ക് ​ഗുജറാത്തി അറിയുമെന്ന കാര്യം അവർക്കറിയില്ലായിരുന്നു. 

അതുകൊണ്ടുതന്നെ കുട്ടിക്കാലം പലപ്പോഴും വേദനാജനകമാർന്ന ഓർമകളാണ് സമ്മാനിച്ചിരുന്നത്. ആരെങ്കിലും അൽപനേരം നോക്കിയാൽപ്പോലും തന്നെക്കുറിച്ച് എന്തോ മോശം കാര്യം പറയാൻ പോകുന്നുവെന്ന തോന്നലാണ് ഉണ്ടായിരുന്നതെന്നും സനായ പറയുന്നു.

Content Highlights: Actor Sanaya Irani Reveals People Called Her White Cockroach in school