'ഈ ഫോട്ടോയും കവറും എനിക്ക് വളരെ വിലപ്പെട്ടതാണ്. മദേഴ്‌സ് ഡേയ്ക്ക് അമ്മയ്ക്ക് ഞാന്‍ നല്‍കുന്ന സമ്മാനം. അമ്മയുടെ വിവാഹത്തിന് താലികെട്ട് കഴിഞ്ഞ് അച്ഛന്റെ വീട്ടിലേക്ക് പോകുമ്പോള്‍ അണിഞ്ഞിരുന്ന സാരിയാണ് ഈ നീല കാഞ്ചീപുരം. വിവാഹം കഴിഞ്ഞ് അമ്മ അച്ഛന്റെ വീട്ടിലേയ്ക്ക് പോകുമ്പോള്‍ അണിഞ്ഞിരുന്ന സാരിയാണ് ഈ നീല കാഞ്ചീപുരം. ചെറുപ്പത്തില്‍ സാരിയുടുത്ത് കളിക്കുമ്പോഴൊക്കെ എന്റെ കണ്ണ് ഈ സാരിയിലായിരുന്നു. ഇതണിഞ്ഞ് ഒരു ഫോട്ടോ എടുക്കണമെന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. അമ്മ അറിയാതെ എടുത്തുവന്ന് ഫോട്ടോ പിടിച്ചതാണ്. അമ്മയും ഞാനും കാണാന്‍ ഒരുപോലെയാണെന്ന് പറയുന്നത് കേള്‍ക്കാന്‍ ഭയങ്കര ഇഷ്ടമാണ്. അഭിമാനമാണ്. ഇപ്പോള്‍ എനിക്ക് അമ്മയെ ഒരുപാട് മിസ് ചെയ്യുന്നു... 

grihalakshmi
പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് ഞാന്‍ സിനിമയൊക്കെ വിട്ട് വീട്ടിലേക്ക് തിരിച്ചുവരണമെന്ന്. ഞാന്‍ വീട്ടിലെത്തിയപ്പോഴോ, അമ്മ തീര്‍ഥാടനത്തിന് പോയിരിക്കുന്നു. അതിനിടയില്‍ ലോക്ക്ഡൗണും വന്നു. അമ്മ സുരക്ഷിതയായിരിക്കുന്നുണ്ട്. എനിക്കതുമതി.' തിരുവനന്തപുരത്തെ വീട്ടില്‍ ലോക്ക്ഡൗണ്‍ നാളുകള്‍ അലസമായി കടന്നുപോകുമ്പോള്‍ ഐശ്വര്യലക്ഷ്മി തനി അമ്മക്കുട്ടിയായി മാറിയിരുന്നു. അമ്മയുടെ ലാളനയും വഴക്കും മിസ് ചെയ്യാതിരിക്കാന്‍ ഇടയ്ക്ക് വീഡിയോ കോളില്‍ തന്നെയിരുന്നു. ഒരുനൂറു നാവോടെ അമ്മയെക്കുറിച്ച് ഐശ്വര്യ പറഞ്ഞുതുടങ്ങി. 

അടിപൊളിയാണ് അമ്മ

അമ്മ (വിമലകുമാരി)അല്പം കര്‍ക്കശക്കാരിയാണ്. ആദ്യമൊക്കെ ഞാന്‍ പരസ്യത്തിലും സിനിമയിലും അഭിനയിക്കുന്നത് അമ്മയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. ഭയങ്കര എതിര്‍പ്പായിരുന്നു. മൂന്നുനാലു മാസം എന്നോട് മിണ്ടാതിരുന്നിട്ടുണ്ട്. ഞാന്‍ എത്രയും പെട്ടെന്ന് സിനിമയൊക്കെ ഉപേക്ഷിക്കണം. പിജി കോഴ്‌സ് കഴിഞ്ഞ് എംഡി ചെയ്യാന്‍ പോകണം എന്ന പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ അമ്മയ്ക്ക്. ഉത്തര്‍പ്രദേശില്‍ തീര്‍ഥാടനത്തിന് പോയതും അതു പ്രാര്‍ഥിക്കാനാണ്. പത്തുവര്‍ഷത്തിനുശേഷമാണ് ഇത്രയും ദിവസം ഞാന്‍ വീട്ടില്‍ നില്‍ക്കുന്നത്. അമ്മ വിളിക്കുമ്പോള്‍ പറയും, പ്രാര്‍ഥിച്ച് പ്രാര്‍ഥിച്ച് നീ വീട്ടിലെത്തിയപ്പോള്‍ അടുത്ത് ഞാനില്ലല്ലോ എന്ന്. ജോലിയില്‍ നിന്നും വിരമിച്ച ശേഷം ഒറ്റയ്ക്കാണ് അമ്മയുടെ യാത്രകളൊക്കെ. ഹിമാലയത്തില്‍ ട്രെക്കിങ്ങിനൊക്കെ പോയിട്ടുണ്ട്. എന്റെ റോള്‍ മോഡല്‍ അമ്മയാണ്. പെണ്‍കുട്ടികള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യണം, ഫിനാന്‍ഷ്യലി ഇന്‍ഡിപെന്‍ഡാവണം എന്ന് അമ്മ എപ്പോഴും പറയാറുണ്ട്. അടിപൊളിയാണ് അമ്മ. 

മാറിയ ശീലങ്ങള്‍

വീട്ടിലിരിപ്പായപ്പോള്‍ മടി അല്പം കൂടിയിട്ടുണ്ട്. ഇതിനുമുന്നേ ദിവസവും ഫിസിക്കല്‍ ട്രെയിനിങ് ചെയ്യുമായിരുന്നു. അതൊക്കെ നിന്നു. പ്രത്യേകിച്ച് ഒരു ദിനചര്യ ഇല്ലാത്ത അവസ്ഥയിലാണ്. പുറത്തുപോയി സാധനങ്ങളൊക്കെ വാങ്ങും. പിന്നെ, പുലരുംവരെ കുത്തിയിരുന്ന് സിനിമകാണും. പാട്ട് കേള്‍ക്കും...അമ്മ ഉണ്ടായിരുന്നെങ്കില്‍ രാവിലെ വിളിച്ച് എഴുന്നേല്‍പ്പിച്ചേനെ. വളരെ വേഗത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ജീവിതമായിരുന്നു ഇത്രയും നാളും. മുന്നോട്ടേക്ക് എന്ത്, എങ്ങനെ എന്നൊക്കെ ആലോചിക്കാനുള്ള സമയമുണ്ടിപ്പോള്‍. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ആദ്യം പോയി അമ്മയെ കാണണം. 

നടി ഐശ്വര്യ ലക്ഷ്മിയുടെ കൂടുതല്‍ വിശേഷങ്ങളറിയാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Actor Aiswarya Lakshmi Share her memories about mother