കൊച്ചി: ഒരു വട്ടമെങ്കിലും സൗന്ദര്യ മത്സരവേദിയില്‍ കയറണമെന്ന് ആഗ്രഹിച്ചയിടത്തുനിന്ന് കിരീടം ചൂടി ഇറങ്ങിവന്നതുവരെയുള്ള കഥ പറയുകയാണ് ശ്രുതി സിത്താര. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി നടത്തുന്ന മിസ് ട്രാന്‍സ് ഗ്ലോബല്‍ സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന മലയാളി ട്രാന്‍സ് വനിതയാണ് ശ്രുതി സിത്താര. ലണ്ടനില്‍ അടുത്ത മാസമാണു മത്സരം. കീരിടം ഇന്ത്യയിലെത്തിക്കാനുള്ള കഠിന പരിശീലനത്തിലാണ് ശ്രുതി.

സ്വത്വം ഉറപ്പിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റിനിര്‍ത്തുന്ന സമൂഹത്തില്‍നിന്ന് ഒരുപാടു പ്രതിസന്ധികളെ നേരിട്ടാണ് ശ്രുതി ഉയര്‍ന്നുവന്നത്. ''ആണുടലില്‍ പെണ്‍മനസ്സാണെന്നു വിളിച്ചു പറഞ്ഞതിന് ഒരുപാട് അവഗണനകള്‍ നേരിട്ടു. അന്ന് അവഗണിച്ചവരും അകറ്റി നിര്‍ത്തിയവരും ഇന്നെന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നു. എല്ലായിടത്തുനിന്നും പ്രോത്സാഹനവും അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട്. അവഗണനകളില്‍നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ടാണ് ഞാന്‍ മുന്നോട്ടുപോകുന്നത്. ഓരോരുത്തരും സ്വന്തം കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. വിജയത്തിലേക്കുളള വഴി അതാണ്'' - ശ്രുതി പറയുന്നു. സമൂഹത്തിനും ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തന്നാല്‍ കഴിയുന്നതു ചെയ്യണമെന്നാണ് ആഗ്രഹം. ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ എല്ലാവര്‍ക്കുമായി ശ്രുതി തന്റെ വിജയങ്ങള്‍ സമര്‍പ്പിക്കുന്നു. ഇപ്പോള്‍ ട്രാന്‍സ് കമ്യൂണിറ്റിയെപ്പോലെ പൊതുസമൂഹവും തന്നെ ഉള്‍ക്കൊള്ളുന്നുണ്ടെന്ന് ശ്രുതി പറയുന്നു.

ആദ്യ പി.ജി. വിദ്യാര്‍ഥിനി

വൈക്കമാണ് സ്വദേശം. സെയ്ന്റ് ആല്‍ബര്‍ട്‌സ് കോളേജിലെ ബിരുദ പഠനത്തിനു ശേഷമാണ് ശ്രുതിയെന്ന സ്വത്വത്തിലേക്ക് എത്തുന്നത്. തിരുവനന്തപുരത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലില്‍ പ്രോജക്ട് അസിസ്റ്റന്റായി ജോലി നോക്കിയ ശേഷമാണ് മഹാരാജാസ് കോളേജില്‍ എം.കോമിനു ചേരുന്നത്.

ട്രാന്‍സ് വ്യക്തികളില്‍നിന്നു ബിരുദാനന്തര ബിരുദ പഠനത്തിനെത്തിയ ആദ്യ വ്യക്തി കൂടിയാണു ശ്രുതി. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് അതേ പേരില്‍ പഠനം നടത്താമെന്ന ഉത്തരവു വന്ന ശേഷം ആദ്യമായി പി.ജി. പഠനത്തിന് ചേര്‍ന്നത് ശ്രുതിയാണ്. ഐ.എ.എസ്. ആയിരുന്നു ലക്ഷ്യം. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി. എന്നാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതിനാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു.

പിന്നീട് അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും ജീവിതം വഴിമാറി. കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സൗന്ദര്യമത്സരമായ ക്വീന്‍ ഓഫ് ദ്വയയില്‍ 2018-ലെ വിജയിയാണ് ശ്രുതി. ഇതോടെ മോഡലിങ്ങില്‍ സജീവമാകാന്‍ ശ്രുതി സിത്താര തീരുമാനിച്ചു.

വൈക്കം സ്വദേശികളായ പവിത്രനും പരേതയായ രാധയുമാണ് ശ്രുതി സിത്താരയുടെ മാതാപിതാക്കള്‍. എറണാകുളം ചക്കരപ്പറമ്പിലാണ് താമസം.

Content Highlights: About transwomen Shruthy sithara