കൊച്ചി: റിയ ഇഷ പുഞ്ചിരിക്കുമ്പോള്‍ ആ മിഴികളില്‍ നേരിയ വിഷാദത്തിന്റെ നിഴല്‍... പിന്നിട്ടു വന്ന കഠിന വഴികളുടെ അടയാളം പോലെ. പക്ഷേ, ജീവിതത്തെക്കുറിച്ചുള്ള റിയയുടെ നിശ്ചയദാര്‍ഢ്യത്തിന് അല്പംപോലും തിളക്കം കുറയുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ അദാലത്ത് ജഡ്ജ്, ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം, ഹ്യൂമന്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ആന്‍ഡ് എന്‍വയോണ്‍മെന്റ് മൂവ്മെന്റ് അംഗം, കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ ജൂവലറി മോഡല്‍, സര്‍വകലാശാലാ അത്ലറ്റിക് മീറ്റ് ചാമ്പ്യന്‍, സര്‍വകലാശാലാ കലോത്സവത്തില്‍ നാടോടിനൃത്തത്തില്‍ പങ്കെടുത്ത ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍... മേല്‍വിലാസങ്ങള്‍ ഏറെ സ്വന്തമാക്കി മുന്നേറുന്ന റിയ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത് പുതിയൊരു സ്വപ്നവുമായാണ്. ''എന്റെ അസ്തിത്വത്തിലേക്ക് എന്നെ മാറ്റിയത് കൊച്ചിയാണ്. പുതിയൊരു സ്വപ്നം പൂവണിയുന്നതിന്റെ സന്തോഷത്തിലാണു ഞാന്‍. കേരളത്തില്‍ ആദ്യമായി യൂണിവേഴ്സിറ്റി അഫിലിയേഷനോടു കൂടിയ മോഡലിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങുകയാണ്''. തിളക്കമുള്ള പുതിയൊരു മേല്‍വിലാസം കൂടി സ്വന്തമാക്കുകയാണ് റിയ.


സ്വത്വത്തിനുള്ള പോരാട്ടം
''കൊച്ചിയില്‍ അവളായി ജീവിതം തുടങ്ങിയപ്പോള്‍ പ്രതിസന്ധികള്‍ ഏറെയുണ്ടായിരുന്നു. താമസിക്കാന്‍ സ്ഥലം കിട്ടാതെ മൂട്ട കടിയേറ്റ് പായയില്‍ കിടന്നുറങ്ങിയിട്ടുണ്ട്. പൊതിച്ചോറ് പകുതി കഴിച്ച് ബാക്കിയില്‍ വെള്ളമൊഴിച്ചുവെച്ച് അടുത്ത ദിവസത്തേക്ക് കരുതിവെച്ചിരുന്നു. ജീവിതം പോരാട്ടമാണെന്ന് തിരിച്ചറിഞ്ഞ നാളുകള്‍. കോളേജില്‍ ചേര്‍ന്ന് കായികമേളയ്ക്കു ചെന്നപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ കാറ്റഗറി വേണമെന്ന എന്റെ ആവശ്യം ആദ്യം ആരും പരിഗണിച്ചില്ല. കലോത്സവത്തിലും ആദ്യം അതു തന്നെയായിരുന്നു അനുഭവം. പക്ഷേ, ഞാന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് മത്സരങ്ങള്‍ അനുവദിച്ചു. ഞാന്‍ പോരാടിയത് എനിക്കു പിന്നാലെ ഇതേ വഴിയില്‍ വരുന്ന ഒരുപാടുപേര്‍ക്കു വേണ്ടിയായിരുന്നു. കായിക മേളയില്‍ 200 മീറ്റര്‍ ഓട്ടത്തിലും ലോങ് ജംപിലും ഷോട്ട്പുട്ടിലുമാണ് ഞാന്‍ വിജയിയായത്. കലോത്സവത്തില്‍ നാടോടി നൃത്തത്തിലാണ് പങ്കെടുത്തത്'' - റിയ പറഞ്ഞു.

മോഡലിങ് പഠിപ്പിക്കുമ്പോള്‍
യൂണിവേഴ്സിറ്റി അഫിലിയേഷനോടു കൂടിയ പുതിയ മോഡലിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുമ്പോഴും റിയയ്ക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. ''മോഡലിങ്ങിലേക്കും സിനിമയിലേക്കുമൊക്കെ വരാന്‍ ആഗ്രഹിക്കുന്ന ഒരുപാടു പേരുണ്ട്. അവര്‍ക്കൊക്കെ നല്ല പരിശീലനം നല്‍കണം.

മോഡലിങ് സ്വപ്നമായ പിന്നാക്ക ജില്ലയിലുള്ള സാധാരണക്കാര്‍ക്കു വേണ്ടിയാണ് പെരിന്തല്‍മണ്ണയില്‍ ഈ സ്ഥാപനം തുടങ്ങുന്നത്. മോഡലിങ്ങില്‍ പ്രതിഭയുള്ള കുട്ടികള്‍ക്ക് പരിശീലനത്തിനൊപ്പം ഷൂട്ടിങ് അവസരവും ഒരുക്കും... തോല്‍ക്കാന്‍ എളുപ്പമാണ്. ജയിക്കാനാണ് പോരാടേണ്ടത് ' - റിയ പറഞ്ഞു.

അവഗണനയുടെ ഇരകള്‍
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗം അവഗണനയുടെ ഇരകളായി തുടരുന്നതാണ് റിയയുടെ വലിയ സങ്കടങ്ങളിലൊന്ന്. ''ഒരുപാട് പ്രതിസന്ധികള്‍ നേരിട്ടു. അവളായി ജീവിക്കാന്‍ തീരുമാനിച്ചതോടെ എത്രയോ പേരുടെ പരിഹാസങ്ങളും കുത്തുവാക്കുകളും കേട്ടു. ഇതിനിടയില്‍ ചില സിനിമകളിലും അവസരം കിട്ടി. ഇപ്പോള്‍ ജീവിതത്തെ വളരെ പോസിറ്റീവായാണ് കാണുന്നത്. ഞാന്‍ പറഞ്ഞല്ലോ മരിക്കുന്നതിനു മുമ്പ് എനിക്ക് എന്റെ ജീവിതത്തിന്റെ അടയാളം ഈ ഭൂമിയില്‍ രേഖപ്പെടുത്തണം''. റിയയുടെ വാക്കുകളില്‍ നിശ്ചയദാര്‍ഢ്യം മാത്രം.

Content Highlights: About transgender model riya isha